ഷഹീന്‍ ബാഗ് മാതൃകയില്‍ തമിഴ്നാട്ടില്‍ സിഎഎ വിരുദ്ധ പ്രതിഷേധം കനക്കുന്നു

ചെന്നൈ: ഷഹീന്‍ ബാഗ് മാതൃകയില്‍ റോഡ് ഉപരോധിച്ചുള്ള സമരത്തിന് പിന്തുണയേറുന്നു. സമരം 15 മണിക്കൂര്‍ പിന്നിട്ടു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി വിദ്യാര്‍ഥികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ എത്തി.

വെള്ളിയാഴ്ച രാത്രി ആരംഭിച്ച പ്രക്ഷോഭത്തിനുനേരെ തമിഴ്നാട് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രതിഷേധക്കാര്‍ക്കും നാല് പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലുടനീളം പ്രകടനങ്ങള്‍ നടന്നു. വനിതാ ജോയിന്റ് കമീഷണര്‍, രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാര്‍, ഒരു സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളടക്കം ആയിരങ്ങളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. തിഷേധിക്കാനെത്തിയവരെ നേരത്തെതന്നെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എന്‍പിആറിനുമെതിരെ സംഘടിച്ചവര്‍ക്കെതിരെയാണ് പൊലീസ് ലാത്തിവീശിയത്. ഇതില്‍ കുറച്ചുപേര്‍ ഇപ്പോളും പൊലീസ് കസ്റ്റഡിയിലാണ്. അവരെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതിനെത്തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചു.

പ്രതിഷേധക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയെ ഡിഎംകെ അപലപിച്ചു. വെള്ളിയാഴ്ച നടന്ന പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും പൊലീസ് നടപടിയുടെ കാരണം എന്താണെന്ന് അന്വേഷിക്കണമെന്നും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. മുസ്ലിം വിഭാഗത്തോട് പാര്‍ടിക്ക് അനുകൂല സമീപനമാണെന്നും അത് തുടരുമെന്നും റവന്യൂമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News