ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയില്‍ എണ്ണയൊഴിക്കുകയാണ് എസ്ഡിപിഐ; മാര്‍ച്ച് 23 ന് കേന്ദ്രത്തിനെതിരെ ദേശവ്യാപക പ്രതിഷേധം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്രബജറ്റിലെ ജനവിരുദ്ധതയ്ക്കും കോര്‍പറേറ്റ് പ്രീണനത്തിനുമെതിരെ ഫെബ്രുവരി 18ന് ഇടതുപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് 23 ന് ‘എല്ലാവരുടേയും ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനമാണ് മാര്‍ച്ച് 23. വിപുലമായ ജനപങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതില്‍ ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയം തുറന്നുകാണിക്കും.

കഴിഞ്ഞ മാസം ദേശീയ തലത്തില്‍ നടന്ന, ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത സമരത്തില്‍ 25 കോടിയോളം പേര്‍ പങ്കെടുത്തു. ഇടതുപക്ഷക്കാരല്ലാത്ത, മതനിരപേക്ഷ ബോധമുള്ളവരും ജനുവരി 26ന്റെ മനുഷ്യമഹാശൃംഗലയില്‍ പങ്കെടുത്തവെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്നും കോടിയേരി വ്യക്തമാക്കി.

ആര്‍എസ്എസില്‍ എന്ന പോലെ ഇസ്ലാം മതവിഭാഗത്തിനിടയിലും മതമൗലികവാദ ശക്തികള്‍ വര്‍ഗീയദ്രുവീകരണത്തിന് ശ്രമിക്കുന്നുണ്ട്.

ആര്‍എസ് എസ്എസ് നടത്തുന്ന പ്രവര്‍ത്തനത്തില്‍ എണ്ണയൊഴിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിനെ തുറന്നുകാണിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മുസ്ലിം വിരുദ്ധത ശക്തമായി പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു.

അതേസമയം, എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ശക്തമായ വര്‍ഗീയ ദ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്.ആര്‍എസ്എസ് വിരുദ്ധ സമീപനത്തേക്കാള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് കോണ്‍ഗ്രസിനുള്ളതെന്നും കോടിയേരി വിശദീകരിച്ചു.

പാചകവാതക വിലവര്‍ധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തും. സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിപുലമായ പ്രചരണമുണ്ടാകും. ഗ്രാമസഭകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടി മുന്‍കൈ എടുക്കണം. 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ആയിരം സ്റ്റാളുകള്‍ ഓണത്തിന് മുന്‍പ് സജീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടണം; അദ്ദേഹം വ്യക്തമാക്കി.

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്ത് തലത്തിലും വാര്‍ഡ് തലത്തിലുമുള്ള കമ്മറ്റികള്‍ രൂപീകിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഏകോപനത്തിനായി ഫെബ്രുവരി 25 ന് സംസ്ഥാന തലത്തില്‍ ശില്‍പശാല സംഘടിപ്പിക്കും. സിആന്റ് എജി റിപോര്‍ട്ട് 2013 മുതല്‍ 2018 വരെയുള്ള പ്രവര്‍ത്തനത്തെയാണ് വിശദീകരിച്ചിട്ടുള്ളത്. ഇക്കാലത്ത് നാല് ഡിജിപിമാര്‍ മേധാവികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് പരിശോധിക്കണം. നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്ന പ്രശ്‌നം കൂടിയാണത്. ബന്ധപ്പെട്ടവര്‍ ഇത് പരിശോധിക്കണം. ഉന്നയിക്കപ്പെട്ട കാര്യങ്ങളെല്ലാം നിയമാനുസൃത പരിശോധനയ്ക്ക് വിധേയമാക്കണം.

വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് റെക്കോര്‍ഡ് ചെയ്യാത്തതായിരിക്കാം സിഎജി ചൂണ്ടിക്കാട്ടിയത്. സിപിഐ എമ്മിനകത്ത് നിന്ന് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അലനേയും താഹയേയും പുറത്താക്കിയത് . മാവോയിസ്റ്റാണെന്ന് പാര്‍ട്ടിയ്ക്ക് ബോധ്യമായിട്ടുണ്ട്.

കേരള പൊലീസ് അന്വേഷിക്കുന്ന കേസ് എന്‍ഐഎ ഏറ്റെടുത്തത് തെറ്റാണ്. അത് പുനപരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News