എണ്‍പത് പിന്നിട്ടിട്ടും കളിക്കളത്തില്‍ പോരാട്ട വീര്യം ചോരാതെ ഒരു താരം

പ്രായം എണ്‍പത് പിന്നിട്ടിട്ടും കളിക്കളത്തില്‍ പോരാട്ട വീര്യം കാത്തുസൂക്ഷിക്കുന്ന താരത്തെ പരിചയപ്പെടാം. പത്തനംതിട്ട പ്രക്കാനം സ്വദേശിയും ഇന്ത്യന്‍ വ്യോമസേനയിലെ മുന്‍ വോളിബോള്‍ പരിശീലകനുമായ കൊച്ചീപ്പന്‍ ആണ് ഈ താരം.

ഈ പ്രായത്തിലും കൊച്ചീപ്പന് വോളിബോള്‍ ഒരു ഹരമാണ്. ഒരു കിലോമീറ്റര്‍ അപ്പുറമുള്ള വീട്ടില്‍ നിന്ന് നടന്നെത്തും പിന്നെ പുതുതലമുറയിലെ ശിഷ്യഗണങ്ങള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കാണിച്ചും അവരോടൊപ്പം കൂടും. ഇന്ത്യന്‍ വ്യോമസേനയില്‍ പരിശീലകനായിരുന്ന നാളുകളിലെ പോലെ തന്നെയുള്ള പ്രസരിപ്പ് . ഇരുപത്തിയൊന്നാം വയസ്സില്‍ പഠനം ഉപേക്ഷിച്ചാണ് കൊച്ചീപ്പന്‍ വ്യോമസേനയില്‍ ചേര്‍ന്നത്. 36 വര്‍ഷത്തെ സേവനത്തിന് ശേഷം 1996 ല്‍ വിരമിച്ച് നാട്ടിലെത്തി. എന്നാലും വീടിന് സമീപത്തെ വോളിബോള്‍ കോര്‍ട്ടില്‍ ശിഷ്യര്‍ എത്തിയാല്‍ പിന്നെ കര്‍ക്കശ സ്വഭാവമുള്ള കോച്ചായി കോര്‍ട്ടിലെ തന്ത്രങ്ങള്‍ അദ്ദേഹം പകര്‍ന്ന് നല്‍കും.

പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലകനായ സമയത്ത് നിരവധി വിജയങ്ങള്‍ ആണ് ടീം കൈവരിച്ചത്. പിന്നീട് പരിശീലക കുപ്പായം അഴിച്ച് സര്‍വീസില്‍ നിന്ന് മടങ്ങുമ്പോള്‍ ഓര്‍മ്മയ്ക്കായി ശിഷ്യരും സുഹൃത്തുക്കളും ചേര്‍ന്ന് പൂനെയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിച്ചു. വോളിബോളിനൊപ്പം മത്സ്യകൃഷിയെയും കൊച്ചീപ്പന്‍ കൂടെ കൂട്ടികഴിഞ്ഞു. സംസ്ഥാന മത്സ്യകര്‍ഷക അവര്‍ഡും നേടി. അറിയാവുന്നതൊക്കെ ഇനിയുമിനിയും പുതുതലമുറയ്ക്ക് പറഞ്ഞു നല്‍കണമെന്നാണ് കൊച്ചീപ്പന്റെ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here