ആറുമാസത്തിനകം 50 ഫ്ലാറ്റ് സമുച്ചയങ്ങൾകൂടി: മുഖ്യമന്ത്രി

അങ്കമാലി: ഭവനരഹിതർക്കായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ 50 ഫ്ലാറ്റ് സമുച്ചയങ്ങൾകൂടി ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ നിർമിച്ച ഭൂരഹിത-ഭവനരഹിതർക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പത്തു ജില്ലയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ ജൂണിനുമുമ്പ് പൂർത്തിയാക്കും. പ്രീ-ഫാബ്രിക്കേഷൻ സാങ്കേതികവിദ്യയിലാണ് ഇത് നിർമിക്കുന്നത്.

50 ഫ്ലാറ്റ് സമുച്ചയങ്ങളുടെ വിശദ പദ്ധതിറിപ്പോർട്ട് പൂർത്തിയായി. നാലരലക്ഷം ഭവനരഹിതരുണ്ടെന്നാണ് ലൈഫ് മിഷൻ സർവേയിൽ കണ്ടെത്തിയത്.

വീടില്ലാത്തവർ ഇനിയുമുണ്ടെന്നാണ് വിവരം. അവർക്ക് വീടൊരുക്കാനുള്ള പദ്ധതി അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും
മുഖ്യമന്ത്രി പറഞ്ഞു.

വീടുനിർമാണം പാതിയിൽ നിലച്ചുപോയ 54,183 കുടുംബങ്ങളിലെ 96 ശതമാനം വീടുകളും ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പൂർത്തിയാക്കി.

ഭൂമിയുണ്ടായിട്ടും വീടില്ലാതിരുന്ന 91,147 പേരിൽ 60,524 പേർക്ക് വീടായി. ബാക്കിയുള്ള 30,623 വീടുകളുടെ 90 ശതമാനവും പൂർത്തിയാകുന്നു.

മാസാവസാനത്തോടെ അത് സമ്പൂർണമാകും. പിഎംഎവൈയിൽ ഉൾപ്പെടുത്തി 75,857 വീടുകളാണ് നിർമിക്കുന്നത്. ഗ്രാമീണമേഖലയിലെ 17,471 വീടുകളുടെ നിർമാണം 94 ശതമാനവും പൂർത്തിയായി. നഗരപ്രദേശങ്ങളിലെ 28,334 വീടുകളിൽ 22,000 എണ്ണം ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കും.

പിഎംഎവൈ പദ്ധതിയിലെ അധികം തുകയും ലൈഫ് മിഷന്റെയാണ്‌. ലൈഫ് മിഷൻ പദ്ധതി മറ്റ്‌ സംസ്ഥാനങ്ങളും ശ്രദ്ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. അങ്കമാലി മേനാച്ചേരി എം ഒ പാപ്പുവും ഏല്യാ പാപ്പുവും സംഭാവന ചെയ്ത 15 സെന്റ് സ്ഥലത്ത് 1.27 കോടി ചെലവിൽ 12 കുടുംബങ്ങൾക്കാണ് നഗരസഭ ഫ്ലാറ്റ് നിർമിച്ചുനൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News