20 മണിക്കൂർ നീന്തിയപ്പോൾ സാമുവെലെന്ന മത്സ്യതൊഴിലാളി നേടിയത് കടലമ്മ വെച്ചു നീട്ടിയ രണ്ടാം ജന്മം

20 മണിക്കൂർ നീന്തിയപ്പോൾ സാമുവേലെന്ന മത്സ്യതൊഴിലാളി നേടിയത് കടലമ്മ വെച്ചു നീട്ടിയ രണ്ടാം ജന്മം.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം സ്രായികാടിൽ സാമുവൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് കാണാതാകുന്നത്.

കുറ്റാകൂരിരുട്ടിൽ കടലിലേക്ക് പതിച്ചത് മാത്രമേ സാമുവേലിന് ഓർമയുള്ളു. ആഴങ്ങളിലേക്ക് പോകുംമുന്നേ സർവ ശക്തിയുമെടുത്തയാൾ മുകളിലേക്കുയർന്നു.

ജലപ്പരപ്പിൽ എങ്ങും തന്റെ ബോട്ടു കാണാനില്ല. എന്തുചെയ്യുമെന്നറിയാതെ ഒരു നിമിഷം ആലോചിച്ചു, പിന്നെ സർവശക്തിയുമെടുത്ത് നീന്തി, ദിക്കേതെന്നറിയാതെ.

കുറെ നീന്തിയപ്പോൾ കൈകാലുകൾ കുഴഞ്ഞു. ജീവിതം അവസാനിച്ചെന്നുറപ്പിച്ച നിമിഷങ്ങൾ. എങ്കിലും മനസ് തളർന്നില്ല.

വീണ്ടും നീന്തി ലക്ഷ്യമില്ലാതെ. അടുത്തെങ്ങും ഒരു ബോട്ടു പോലും കാണുന്നില്ല. മണിക്കൂറുകളായുള്ള നീന്തൽ ശരീരത്തെ പാടേ തളർത്തി തുടങ്ങി.

കണ്ണടച്ചു പ്രാർത്ഥിമ്പോൾ അഞ്ചാം ക്ലാസുകാരി മകൾ ആവന്തികയുടെ ചാച്ചാ എന്നുള്ള വിളി, അച്ഛന്റെ പലഹാര പൊതി കാത്തിരിക്കുന്ന മകൻ അഖിൽ. നീന്താൻ പിന്നെയും ഊർജം.

കൈയ്‌ മെയ് മറന്ന് നീന്തി. വളരെയകലെ നേരിയ വെളിച്ചം. ഒരു ബോട്ട്. വിളിച്ചാൽ കേൾക്കില്ല. വെളിച്ചം ലക്ഷ്യമാക്കി നീന്തി.

സർവശക്തിയുമെടുത്ത് വിളിച്ചു. കാവനാട് ഭാഗത്തു നിന്നും പോയ ‘യേശു ആരാധന’ ബോട്ടിലെ തൊഴിലാളികൾ കടലിലേക്ക് ടോർച്ച് തെളിച്ചു. ഒരു മനുഷ്യൻ.

അവരിട്ടു കൊടുത്ത കയർ പിടിച്ച് ബോട്ടിൽ കയറിയതേ ഓർമയുള്ളൂ. ഇരുപത്‌ മണിക്കൂർ നീന്തി സാമുവേൽ നേടിയത് രണ്ടാം ജന്മം.

ഇനി ഒരിക്കലും എന്റെ മക്കളെ കാണുമെന്ന് കരുതിയതല്ല.’ തന്റെ അനുഭവം ജില്ലാ ആശുപത്രിയിലെ കട്ടിലിൽ മക്കളെയും ഭാര്യ റീജയേയും ചേർത്തു പിടിച്ച് വിവരിക്കുമ്പോൾ അയാളുടെ കണ്ണ്‌ നിറഞ്ഞു.

ശനിയാഴ്ച വെളുപ്പിന് മൂന്നോടെയാണ് ശ്രായിക്കാടിന് പടിഞ്ഞാറ് ഭാഗത്ത്‌ മീൻപിടിക്കുന്നതിനിടെ സാമുവേൽ കടലിൽ വീഴുന്നത്.

ഒരു പകൽ മുഴുവൻ തിരദേശസേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ശനിയാഴ്ച രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ച് ഞായറാഴ്ച അന്വേഷണം തുടരാനിരിക്കുകയായിരുന്നു.

ഇതിനിടെ രാത്രി മറ്റൊരു ബോട്ടിലെ തൊഴിലാളികൾ കണ്ടെത്തിയ സാമുവേലിനെ 12 മണിയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ഞായറാഴ്ച വൈകിട്ടോടെ വാർഡിലേക്കു മാറ്റി. തിങ്കളാഴ്ച ആശുപത്രി വിട്ട്‌ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായ ശേഷം വീട്ടിലേക്ക് പോകും.

സാമുവേൽ അപകടത്തിൽ പെട്ടെന്നറിഞ്ഞതുമുതൽ ശോകമൂകമായ ആദിനാട് സംഘപ്പുര ജങ്‌ഷനു സമീപമുള്ള സുനാമി ടൗൺഷിപ്പിലെ വീട്ടിലിപ്പോൾ സന്തോഷം നിറയുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News