കൊറോണ: ചൈനയില്‍ മരണം 1700 കവിഞ്ഞു; ജപ്പാനിലെ കപ്പലിലെ 2 ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയി. ഒടുവില്‍ മരിച്ച 142 പേരില്‍ 139 പേരും ഹൂബെയ് പ്രവിശ്യക്കാരാണ്. രോഗബാധിതരുടെ എണ്ണം 68500 ആയി. 2009 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഇതില്‍ 1843 പേരും രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തിലും അതടങ്ങുന്ന ഹൂബെയ് പ്രവിശ്യയിലുമാണ്.

9419 പേര്‍ ഇതുവരെ ചൈനയില്‍ രോഗവിമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. രോഗബാധിതരില്‍ 1700ല്‍പരം ആരോഗ്യപ്രവര്‍ത്തകരുണ്ട്. രോഗത്തിനെതിരെ സ്വീകരിക്കുന്ന നടപടികളുടെ ഫലപ്രാപ്തി ചൈനയിലുള്ള ലോകാരോഗ്യ സംഘടനാ വിദഗ്ധര്‍ ചൈനീസ് വിദഗ്ധരുമായി ചേര്‍ന്ന് വിലയിരുത്തുമെന്ന് ചൈനാ ആരോഗ്യ കമീഷന്‍ അറിയിച്ചു.

ലോകത്താകെ 69000ല്‍പരമാളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. ഏഷ്യക്കുപുറത്ത് ആദ്യ മരണം കഴിഞ്ഞദിവസം യൂറോപ്പില്‍ ഫ്രാന്‍സിലുണ്ടായി. ഈജിപ്തില്‍ ഒരാള്‍ക്കും ബാധിച്ചതോടെ വെള്ളിയാഴ്ച രോഗം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുമെത്തി.

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാന്‍തീരത്തിനടുത്ത് തടഞ്ഞിട്ട ഡയമണ്ട് പ്രിന്‍സസ് യാത്രക്കപ്പലിലെ രണ്ടു ഇന്ത്യക്കാര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. കപ്പലില്‍ ഇതുവരെ 355 പേര്‍ക്കാണ് കോവിഡ്-19 (കൊറോണ) സ്ഥിരീകരിച്ചത്.

പരിശോധനയില്‍ രണ്ടുപേര്‍കൂടി ‘പോസിറ്റീവ്’ ആണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കപ്പലിലുള്ള മൂന്നു ഇന്ത്യന്‍ ജീവനക്കാര്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പനിയും വേദനയും മാറി സുഖം പ്രാപിക്കുന്നതായും എംബസി ട്വീറ്റ്ചെയ്തു.

മൊത്തം 3711 യാത്രക്കാരുള്ള കപ്പലില്‍ 132 ജീവനക്കാരടക്കം 138 ഇന്ത്യക്കാരാണുള്ളത്. 17നാണ് കപ്പലിലുള്ളവരുടെ പരിശോധന തുടങ്ങിയത്. ഇന്ത്യക്കാരുടെ നില മെച്ചപ്പെട്ട സാഹചര്യത്തില്‍ ഇവരെ നാട്ടിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി എംബസി അറിയിച്ചതിന് പിന്നാലെയാണ് രണ്ടുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here