ദേശമംഗലത്ത് കാട്ടുതീ : 3 വനപാലകര്‍ പൊള്ളലേറ്റ് മരിച്ചു

തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് വനപാലകര്‍ പൊള്ളലേറ്റ് മരിച്ചു. ഫോറസ്റ്റ് ട്രൈബല്‍ വാച്ചര്‍ വാഴച്ചാല്‍ ആദിവാസി കോളനിയില്‍ ദിവാകരന്‍ (63), താല്‍ക്കാലിക വാച്ചര്‍ വടക്കഞ്ചേരി കുമരനെല്ലൂര്‍ കൊടുമ്പ് എടമലപ്പടി കുഞ്ഞയ്യപ്പന്റെ മകന്‍ വേലായുധന്‍ (63) കൊടുമ്പ് സ്വദേശിയും താല്‍ക്കാലിക വാച്ചറുമായ കൊടുമ്പ് വട്ടപറമ്പില്‍ ശങ്കരന്‍ (55) എന്നിവരാണ് മരിച്ചത്.

പുകയേറ്റ് തലകറങ്ങി വീണ ഗാര്‍ഡ് നൗഷാദിനെ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാര്‍ത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കള്‍: സുബീഷ്, അനിലന്‍, സുബിത. മരുമക്കള്‍: സ്മിജ, വിജയന്‍. എരുമപ്പെട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ കെ കണ്ണന്‍ സഹോദരനാണ്. ഇന്ദിരയാണ് ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരന്‍ ധ്യാന്‍ മകനാണ്. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കള്‍: ശരത് ,ശനത്ത്.

ഞായറാഴ്ച പകല്‍ ഒന്നരയോടെയാണ് മേഖലയില്‍ തീ ആളിക്കത്താന്‍ തുടങ്ങിയത്. സ്ഥലത്തെത്തിയ വനം വകുപ്പിലെ ഉദ്യോഗസ്ഥരായ 14 പേരും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണച്ചു. എന്നാല്‍, വൈകിട്ട് അഞ്ചരയോടെ ശക്തമായ കാറ്റടിച്ചതോടെ വീണ്ടും തീ ആളിപ്പടരുകയായിരുന്നു.  ഇത് അണയ്ക്കുന്നതിനിടെയാണ് ദുരന്തം.

വലിയ ഉയരത്തില്‍ നില്‍ക്കുന്ന മുള്‍പ്പടര്‍പ്പിലേക്ക് തീ ആളിയതോടെ വനം വകുപ്പ് ജീവനക്കാരുടെ ശരീരത്തിലേക്കും തീ പടര്‍ന്നു. പലരും തീക്കുള്ളില്‍ അകപ്പെട്ടു. പ്രദേശമാകെ കനത്ത പുകയുയര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായി.

ജില്ലയിലെ വിവിധ റേഞ്ചില്‍നിന്നുള്ള വനംവകുപ്പ് ജീവനക്കാരേയും അഗ്‌നിരക്ഷാ സേനയേയും ഈ പ്രദേശത്തേക്ക് വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി എ സി മൊയ്തീന്‍ കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി നിര്‍ദേശങ്ങള്‍ നല്‍കി. കലക്ടര്‍ എസ് ഷാനവാസ് ദേശമംഗലത്തെത്തി.

വേനല്‍ കടുത്തതോടെ കാട്ടുതീ തടയാനുള്ള വനംവകുപ്പ് ജാഗ്രതക്കിടെയാണ് ദുരന്തം. വനസംരക്ഷണം ജലസംരക്ഷണം എന്ന മുദ്രാവാക്യം ഉയര്‍ത്തി കാട്ടുതീ തടയാനുള്ള പ്രവൃത്തികളും ബോധവല്‍ക്കരണവും നടക്കുകയാണ്. വനസംരക്ഷണസമിതി അംഗങ്ങളേയും വാച്ചര്‍മാരേയും ഉള്‍പ്പെടുത്തി ജില്ലയിലെ വനമേഖലയിലെല്ലാം ഈ പ്രവൃത്തി നടക്കുന്നതിനിടെയാണ് ദേശമംഗലത്ത് ദുരന്തം സംഭവിച്ചത്.

റോഡിന്റെ ഇരു വശങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവര്‍ത്തികള്‍ നടക്കുന്നത്. ഉണങ്ങിക്കിടക്കുന്ന പാതയോരങ്ങളും അനുബന്ധ സ്ഥലങ്ങളിലും വെള്ളമടിച്ച് നനയ്ക്കുന്ന പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. ദേശമംഗലം മേഖലയില്‍ ഇത്തരം പ്രവൃത്തികള്‍ വ്യാപകമായി നടന്നിരുന്നു.

അതിരപ്പിള്ളി മേഖലയില്‍ വനംവകുപ്പിന് പുതിയതായി ലഭിച്ച മിനി ഫോറസ്റ്റ് ഫയര്‍ റെസ്‌പോന്‍ഡര്‍ വാഹനത്തിന്റെ സഹായത്തോടെയാണ് വഴിയോരം നനയ്ക്കുന്നുണ്ട്. 70 മീറ്റര്‍ ദൂരം വരെ വെള്ളം ചീറ്റിക്കാനാകുന്ന ഈ വാഹനത്തില്‍ 500ലിറ്റര്‍ വെള്ളം സംഭരിക്കാനാകും. വനത്തിനകത്ത് ഈ വാഹനം എത്തിച്ച് വെള്ളം ചീറ്റിച്ച് പ്രദേശം തണുപ്പിക്കുന്നുണ്ട്. പീച്ചി വനം- വന്യജീവി വകുപ്പിന് കീഴിലുള്ള കള്ളക്കുന്നുമല, മൂന്നുമല, ഒളകര ആദിവാസി കോളനി തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്തം തടയാന്‍ വിപുലമായ കര്‍മപരിപാടികള്‍ നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News