കോണ്‍ഗ്രസില്‍ ഒളിഞ്ഞു കിടക്കുന്ന മൃദു ഹിന്ദുത്വ വാദികള്‍ പരസ്യമായി പുറത്തു വരുന്ന വസ്തുതയാണ് സമരാനുഭവം വെളിപ്പെടുത്തുന്നതെന്ന് മുഹമ്മദ് റിയാസ്
മുംബൈയില്‍ പൗരത്വ നിയമത്തിനെതിരായ പ്രക്ഷേഭം സംഘടിപ്പിച്ച ഡിവെഎഫ്‌ഐ പ്രവര്‍ത്തകരേയും നേതാക്കളേയും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് ഉള്‍പ്പടേയുള്ള നേതാക്കളെയും വനിതാ പ്രവര്‍ത്തകരെയും ബലം പ്രയോഗിച്ചും മര്‍ദ്ദിച്ചുമാണ് പോലീസ് മാര്‍ച്ച് തടയുവാന്‍ ശ്രമിച്ചത്.
ഉറനിലെ ബിപിസിഎല്‍ ടെര്‍മിനലില്‍ നിന്നും ആരംഭിച്ച് മുംബൈയിലെ ചൈത്യഭൂമിയില്‍ അവസാനിക്കുന്ന വിധമായിരുന്നു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും വഴിയില്‍ വെച്ച് തടയാനും അറസ്റ്റ് ചെയ്ത് നീക്കുവാനും പോലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പോലീസ് ചെറുത്ത് നില്‍പ്പ് വക വയ്ക്കാതെ നൂറു കണക്കിന് വരുന്ന യുവാക്കള്‍ അടങ്ങുന്ന പ്രതിഷേധ മാര്‍ച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. മുഹമ്മദ് റിയാസിനെ കൂടാതെ അഖിലേന്ത്യ കിസാന്‍ സഭ ദേശീയ അധ്യക്ഷന്‍ അശോക് ധാവളെ, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ തുടങ്ങിയ നേതാക്കളെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
ഡി വൈ എഫ് ഐ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ യൂത്ത് മാര്‍ച്ച് മുന്‍കൂട്ടി തീരുമാനിച്ചിരുന്നതാണെന്നും അത് കൊണ്ട് തന്നെ മാര്‍ച്ചിനെതിരെ പോലീസ് നടത്തിയ നടപടികള്‍ അപലപനീയമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഒരു പ്രക്ഷോഭവും മഹാരാഷ്ട്രയില്‍ നടത്തുവാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന വാദവുമായാണ് പോലീസ് യൂത്ത് മാര്‍ച്ച് തടയുവാന്‍ ശ്രമിച്ചത്.
മാര്‍ച്ച് നടത്തുവാന്‍ നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ പാലിച്ചിട്ടും അതൊന്നും അംഗീകരിക്കാതെ പോലീസ് ബലം പ്രയോഗിച്ചു തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്നു റിയാസ് പരാതിപ്പെട്ടു. തന്നെയും മാര്‍ച്ചില്‍ പങ്കെടുത്ത വനിതകളടങ്ങുന്ന പ്രവര്‍ത്തകരെയുമാണ് യാതൊരു പരിഗണനയുമില്ലാതെ മര്‍ദിച്ചു ബലമായി പോലീസ് വാനില്‍ കയറ്റി അറസ്റ്റ് ചെയ്തതെന്നും റിയാസ് പറഞ്ഞു. യുവതികളെ പുരുഷ പോലീസാണ് മര്‍ദിച്ചതെന്നും പലര്‍ക്കും ബലപ്രയോഗത്തില്‍ പരിക്കേറ്റെന്നും റിയാസ് പറഞ്ഞു.
ശിവസേനയും മുഖ്യമന്ത്രിയും നേരെത്തെ തന്നെ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ പ്രസ്താവന ഇറക്കിയിരുന്നു. കോണ്‍ഗ്രസീനു ഭരണ പങ്കാളിത്തമുള്ള സംസ്ഥാനത്താണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തെ ചോരയില്‍ മുക്കി കൊല്ലാനുള്ള ശ്രമം നടത്തുന്നത്. ഇത് എന്ത് നയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും റിയാസ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും പാര്‍ട്ടിയില്‍ ഒളിഞ്ഞു കിടക്കുന്ന മൃദു ഹിന്ദുത്വ വാദികള്‍ പരസ്യമായി പുറത്തു വരുന്ന വസ്തുതയാണ് സമരാനുഭവം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get real time update about this post categories directly on your device, subscribe now.