ദേശമംഗലത്ത് വീണ്ടും കാട്ടുതീ; നിയന്ത്രിക്കാനാകാതെ വനപാലകര്‍

തൃശൂര്‍: ഇന്നലെ തീപടര്‍ന്ന ദേശമംഗലം പള്ളിയിക്കല്‍ കറിഞ്ഞി മലവനത്തിന്റെ മറു ഭാഗത്ത് വന്‍കാട്ടുതീ പടരുന്നു. ഫയര്‍ ഫോഴ്‌സിനും വനംവകപ്പ് ഉദ്യോഗസ്ഥര്‍ക്കും അടുക്കാനാവാത്ത വിധം തീ പടരുകയാണ്.
ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ മൂന്ന് വനപാലകര്‍ പൊള്ളലേറ്റ് മരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് പ്രദേശത്ത് വീണ്ടും കാട്ടുതീ പടര്‍ന്നത്. ഫോറസ്റ്റ് ട്രൈബല്‍ വാച്ചര്‍ വാഴച്ചാല്‍ ആദിവാസി കോളനിയില്‍ ദിവാകരന്‍ (63), താല്‍ക്കാലിക വാച്ചര്‍ വടക്കഞ്ചേരി കുമരനെല്ലൂര്‍ കൊടുമ്പ് എടമലപ്പടി കുഞ്ഞയ്യപ്പന്റെ മകന്‍ വേലായുധന്‍ (63) കൊടുമ്പ് സ്വദേശിയും താല്‍ക്കാലിക വാച്ചറുമായ കൊടുമ്പ് വട്ടപറമ്പില്‍ ശങ്കരന്‍ (55) എന്നിവരാണ് കാട്ടുതീയില്‍ മരിച്ചത്.

ഞായറാഴ്ച പകല്‍ ഒന്നരയോടെയാണ് മേഖലയില്‍ തീ ആളിക്കത്താന്‍ തുടങ്ങിയത്. സ്ഥലത്തെത്തിയ വനം വകുപ്പിലെ ഉദ്യോഗസ്ഥരായ 14 പേരും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണച്ചു. എന്നാല്‍, വൈകിട്ട് അഞ്ചരയോടെ ശക്തമായ കാറ്റടിച്ചതോടെ വീണ്ടും തീ ആളിപ്പടരുകയായിരുന്നു. ഇത് അണയ്ക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

വലിയ ഉയരത്തില്‍ നില്‍ക്കുന്ന മുള്‍പ്പടര്‍പ്പിലേക്ക് തീ ആളിയതോടെ വനം വകുപ്പ് ജീവനക്കാരുടെ ശരീരത്തിലേക്കും തീ പടര്‍ന്നു. പലരും തീക്കുള്ളില്‍ അകപ്പെട്ടു. പ്രദേശമാകെ കനത്ത പുകയുയര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here