ജോണിന്‍റെ മരണ യാത്രയിലെ പങ്കാളി; മുടി വേണുവിനെ കോഴിക്കോട് ഓർക്കുന്നു

1987 ൽ ജോൺ എബ്രഹാം കോഴിക്കോട്ട് മിഠായിത്തെരുവിലെ കെട്ടിടത്തിൽ നിന്ന് വീണു മരിക്കുമ്പോൾ സാക്ഷിയായിരുന്നു മുടി വേണു എന്ന് അടുത്ത സഹൃത്തുക്കൾ വിളിച്ചിരുന്ന വേണ്വേട്ടൻ.

പക്ഷേ ഒരിക്കലും ജോണിൻ്റെ മരണത്തിൻ്റെ സത്യാവസ്ഥ വേണുവേട്ടൻ ആരോടും പറഞ്ഞിട്ടില്ല. വേണുവേട്ടനോടൊപ്പം തന്നെ ആ രഹസ്യങ്ങൾ മണ്ണിൽ മറഞ്ഞു.

ഒരു ജീവിതകാലം മുഴുവൻ കോഴിക്കോടിൻ്റെ ചലച്ചിത്ര-സാംസ്കാരിക സൗഹൃദങ്ങളുടെ ഭാഗമായിരുന്നു വേണുവിനെ ഫിബ്രവരി 22, 23, 24 തിയതികളിലായി കോഴിക്കോട് ഓർക്കുകയാണ്. ആർട്ട് ഗാലറിയിലാണ് അനുസ്മരണ പരിപാടി.

ചലച്ചിത്ര വിമർശകനും ജോൺ സിനിമയുടെ സംവിധായകനുമായ പ്രേംചന്ദ് ഫേസ് ബുക്കിലെഴുതിയ അനുസ്മരണക്കുറിപ്പാണ് ചുവടെ:

“ഓർമ്മയുടെ തിരിച്ചുപിടുത്തം കൂട്ടമറവിക്കും അധി..കാരത്തിനും എതിരായ സുന്ദരകലാപം തന്നെ. മിലാൻ കുന്ദേര തന്ന ഓർമ്മയുടെ ഈ കവചം പോലെ മനോഹരമായ ഓർമ്മപ്പെടുത്തലില്ല.

ജനിച്ചതെവിടെയാണെന്നോ മരിച്ചതെവിടെയാണെന്നോ ഒക്കെയുള്ളത് പിൽക്കാലത്ത് അപ്രസക്തമാകും. ഓർമ്മയുടെ സാന്നിധ്യം മാത്രം ബാക്കിയാകും. അത് വഴിവിളക്കാകും.

1977- 79 കാലത്താണ് വേണുവേട്ടനെ ആദ്യമായി കാണുന്നത്. ഗുരുവായൂരപ്പൻ കോളേജിലെ പ്രി-ഡിഗ്രിക്കാലം. സംവിധായകൻ പി. എ. ബക്കർ സംഘഗാനം എടുക്കുന്ന കാലം.

ഇപ്പോൾ പൊളിയ്ക്കലിന്റെ വക്കത്തെത്തി പൂട്ടിക്കിടക്കുന്ന കിഴക്കെ നടക്കാവിലെ അക്കാലത്തെ പ്രശസ്ത ടുറിസ്റ്റ് ഹോമായ വൃന്ദവനിൽ വച്ച് . മധു മാസ്റ്ററുടെ ശിഷ്യനായി അദ്ദേഹത്തിന് അകമ്പടി സേവിച്ച് ഒരു സിനിമാ അണിയറയിലേക്ക് ആദ്യമായി ചെയ്യുകയാണ്.

മധുമാഷ് അമ്മ നാടകത്തിന്റെ അണിയറ പ്രവർത്തനത്തിലിരിക്കെ ബക്കർ വിളിപ്പിച്ചാണ് വൃന്ദാവനിൽ എത്തുന്നത്. ബക്കറിന്റെ സദസ്സിൽ അന്ന് എന്തുകൊണ്ടും ശ്രദ്ധാകേന്ദ്രം വേണു ഏട്ടനായിരുന്നു.

സംസാരം മിക്കവാറും ഇംഗ്ലീഷിൽ . സ്റ്റൈലും വിദേശി . നാടനേ അല്ല. ഉജ്ജ്വലമായ സംസാരം. ബക്കറൊക്കെ ഒരു സംസാരിയേ അല്ലായിരുന്നു. നടൻ ശ്രീനിവാസൻ മണി മുഴക്കത്തിന് ശേഷം വീണ്ടും ബക്കറിന്റെ ടീമിൽ നായകനായി ഉണ്ട്.

എന്നാൽ ആ മുറിയിൽ സ്വന്തം സ്റ്റൈൽ കൊണ്ട് നെടുനായകത്വം വഹിച്ചത് വേണു ഏട്ടൻ. ബക്കറിന്റെ അസിസ്റ്റന്റ് . എഴുത്തിലും സംവിധാനത്തിലും ഒരു പോലെ പങ്കാളിയായിരുന്നു എന്നാണ് ഓർമ്മ.

സംഘഗാനം സിനിമയുടെ ക്രെഡിറ്റ് ലൈനിൽ വേണു ഏട്ടന്റെ പേരു വന്നോ എന്ന് ഓർമ്മയില്ല . ആ കൂടിക്കാഴ്ച പക്ഷേ ഒരു വഴിത്തിരിവായി. മധു മാസ്റ്റർ ബക്കറിന്റെ സിനിമയിൽ ഏറ്റവും പ്രധാന വേഷത്തിൽ (നായകൻ തേടി നടക്കുന്ന വിമോചകനായ ഗൗതമൻ) അഭിനയിക്കാൻ അത് വഴിയൊരുക്കി.

തിരിച്ച് വേണു ഏട്ടൻ മധു മാഷിന്റെ അമ്മ നാടകത്തിൽ ഒരു വേഷം ചെയ്യാനും. അങിനെ വേണു ഏട്ടൻ കോഴിക്കോടിന്റെ ഭാഗമായി. സംഘഗാനത്തിന്റെ ക്ലൈമാക്സിൽ അമ്മ നാടകത്തിലെ അണിയറ പ്രവർത്തകരെല്ലാം മധു മാസ്റ്റർ നയിക്കുന്ന പ്രകടനത്തിൽ അണിചേർന്നു.

അങ്ങിനെ ജീവിതത്തിൽ ആദ്യമായും അവസാനമായും ഒരു സിനിമയിൽ വേണു ഏട്ടനോടൊപ്പം അഭിനയിച്ചു. പ്രകടനത്തിൽ ആൾക്കൂട്ടത്തിൽ ഒരാളായുള്ള അഭിനയം. സിനിമ തിയറ്ററിലെത്തിയപ്പോൾ ചികഞ്ഞു നോക്കിയിട്ടും കണ്ടില്ല എന്നു മാത്രം.

ബക്കറിന്റെ സിനിമയെ പിൻതുടർന്ന് ഉടൻ വേണു ഏട്ടൻ ഒരു സിനിമ എഴുതി സംവിധാനം ചെയ്യാൻ പോകുന്നു എന്നായിരുന്നു അന്നത്തെ ചിന്ത. അത്രയും ബൃഹത്തായ അറിവും പ്രസരിപ്പിച്ച് വേണു ഏട്ടൻ രണചേതനയുടെ മധു മാഷിന്റെ അമ്മ നാടകത്തോടൊപ്പം സഞ്ചരിച്ച് തനി നാടൻ കോഴിക്കോടനായി മാറി.

അതിലൊരു ദുരന്തവും പതിയിരിക്കുന്നുണ്ടായിരുന്നു. മദിരാശിയിലെ കോടമ്പക്കത്ത് നിന്നും സിനിമ കേരളത്തിലേക്ക് പറച്ചു നട്ടു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. മദിരാശി സംഘത്തിൽ നിന്നും കോഴിക്കോടൻ നാടകസംഘത്തോടൊപ്പം ചേർന്നതോടെ വേണുവേട്ടന്റെ സിനിമാസ്വപ്നം അകന്നു.

അത് മദിരാശിക്കും കോഴിക്കോടിനുമിടയിൽ എവിടെയോ മുറിഞ്ഞു വീണു. ആരുമറിഞ്ഞില്ല. നിശബ്ദമായി അതിന്റെ വേദനയിൽ വേണുവേട്ടൻ കരഞ്ഞിരിക്കും എന്നുറപ്പാണ്.

മദിരാശിയിൽ നിന്നും സിനിമാസ്വപ്നവുമായി കോഴിക്കോട്ടെത്തി തമ്പടിച്ചിരുന്ന പ്രതാപ് സിങ്ങ് പോലും പിൽക്കാലത്ത് സുധീഷിനെ നായകനാക്കി ആകാശത്തേക്കൊരു കിളിവാതിൽ എന്ന സിനിമ ചെയ്തു.

വേണുവേട്ടന്റെ ശ്രമങ്ങൾ വൃഥാവിലായി എന്നു വേണം കരുതാൻ. ഒരു പിടി വളളി ആരും നൽകിക്കാണില്ല. പിടിച്ചു കയറാൻ സ്വയം വഴിയും കണ്ടിരിക്കില്ല.

പിൽക്കാലത്ത് ജോൺ എബ്രഹാം കോഴിക്കോട്ടെത്തിയപ്പോഴും വേണു ഏട്ടൻ ജോണിന്റെ സന്തത സഹചാരിയായി. ജോണിന്റെ അവസാന ചിത്രമായ അമ്മ അറിയാനിൽ ഒരാൾക്കൂട്ടത്തിൽ ഒരാളായി വേണു ഏട്ടനും സഞ്ചരിച്ചു.

ആ യാത്ര ജോണിന്റെ മരണനിമിഷം വരെ നീണ്ടു. ജോൺ കോഴിക്കോട് മിഠായിത്തെരുവിലെ പണിതീരാത്ത കെട്ടിടത്തിന് മുകളിൽ നിന്നും മരണത്തിലേക്ക് പറക്കുമ്പോൾ ഒപ്പം വേണു ഏട്ടനുമുണ്ടായിരുന്നു.

ജോണിന്റെ അവസാനത്തെ സാക്ഷികളിലൊരാൾ , മരണ യാത്രയിലെ പങ്കാളി. തൊട്ടു പിറ്റേന്ന് ജോണിന്റെ മരണം മാതൃഭൂമിക്ക് റിപ്പോർട്ട് ചെയ്യാൻ വേണ്ടിക്കൂടി മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ ഭ്രാന്തു പിടിച്ച പോലെ നിന്നിരുന്ന വേണു ഏട്ടനോട് സംസാരിച്ചിട്ടുണ്ട് ,

എന്തായിരുന്നു പറ്റിയത് എന്ന് . ബോധശൂന്യമായ ഖേദത്തിന്റെ നിലവിളികൾ മാത്രമായിരുന്നു മറുപടി. പക്ഷേ ആ രഹസ്യം വേണു ഏട്ടനറിയിമായിരുന്നു എന്ന് എനിക്കറിയാമായിരുന്നു എന്ന് വേണുഏട്ടറിയാമായിരുന്നു.

ജോണിന്റെ മരണത്തിലേക്കുള്ള അന്ത്യയാത്ര എങ്ങിനെയായിരുന്നു എന്നത് അവർക്ക് മാത്രം അറിയാവുന്ന രഹസ്യമായി ഒടുങ്ങി. താരകം ഇരുളിൽ മായുകയോ എന്ന കോഴിക്കോട് അബ്ദുൾ ഖാദർ പാടിയ പാട്ട് ജോൺ പാടിക്കൊണ്ടേയിരുന്നിരുന്നു എന്ന് വേണു ഏട്ടൻ പറഞ്ഞു തന്നിരുന്നു. അത് പിറ്റേ ദിവസം പത്രത്തിൽ അടിച്ചു വന്നു. ഒരു വലിയ ജീവിതത്തിന്റെയും വലിയ കാലത്തിന്റെയും അടയാളം പോലൊരു പാട്ട്.

എന്റെ ഓർമ്മയിൽ ബേബിയുടെ ശംഖുപുഷ്പം (1977) , മോഹന്റെ രണ്ടു പെൺകുട്ടികൾ (1978) തുടങ്ങി പല സിനിമകളിലും കഥയിലോ തിരക്കഥയിലോ സംഭാഷണത്തിലോ വേണു ഏട്ടന്റെ പങ്കാളിത്തമുണ്ട്.

രണ്ടു പെൺകുട്ടികൾ സുരാസു തിരക്കഥ എഴുതി എന്നാണ് വിക്കിപീഡിയയിൽ കാണുന്നത്. ശംഖുപുഷ്പത്തിൽ വിക്കിപീഡിയ വിവരമില്ല. സുരാസു എന്തായാലും ശംഖുപുഷ്പത്തിലെ പ്രധാന നടനാണ്.

വേണു ഏട്ടന്റെ സന്തത സഹചാരിയും. ബക്കറിന്റെ സംഘഗാനം ആ സിനിമകൾ പുറത്തിറങ്ങിയ കാലത്താകണം ഷൂട്ടിങ്ങ് എന്നാണ് തോന്നുന്നത്. പല സിനിമകളിലും കൊച്ചു കൊച്ചു വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഏതാനും സീരിയലുകളിലും നിരവധി നാടകങളിലും പിന്നെ ഒരു ജീവിതം മുഴുവനും ആടിത്തിമിർത്തിട്ടുണ്ട്. പക്ഷേ ഒന്നും അടയാളപ്പെടുത്തപ്പെട്ടതായി തോന്നുന്നില്ല.

പിന്നെയും വേണു ഏട്ടൻ ജീവിച്ചു. കോഴിക്കോടിന്റെ നഗരകാന്താരസീമകളിൽ അലഞ്ഞു. മഹാഅഭിമാനിയായിരുന്നു. എത്രയോ കൂടിക്കാഴ്ചകൾ സംസാരങ്ങൾ ഒക്കെയുണ്ടായി.

ഏറ്റവും സ്വകാര്യമായി എല്ലാം കഴിഞ്ഞില്ലേ ഇനി ആ സത്യം ഒന്ന് പറഞ്ഞു താ, ഞാൻ നിങ്ങളുടെ ഒരു എക്സ്ക്ലൂസീവ് ഇൻറർവ്യൂ ചെയ്യട്ടെ മാതൃഭൂമിക്ക് എന്ന് പാതി തമാശയായും പാതി സീരിയസായും പലവട്ടം ചോദിച്ചു നോക്കിയിട്ടുണ്ട്.

എന്നാൽ വേണു ഏട്ടൻ ചിരിച്ചു തള്ളുകയായിരുന്നു ഓരോ തവണയും ആ ചോദ്യത്തെ . ആ നിശ്ചയദാർഢ്യത്തെ ബഹുമാനിക്കുന്നു.

ഓരോ മനുഷ്യരോടൊപ്പവും മണ്ണിൽ മറയുന്ന വലിയ രഹസ്യങ്ങൾ ഓരോ ജീവിതത്തിലുമുണ്ടാകും. വേദനകളും.

തിരിഞ്ഞു നോക്കുമ്പോൾ എന്റെ മരിക്കാത്ത നക്ഷത്രങ്ങളിൽ വേണ്വേട്ടനുമുണ്ട്: ധൂർത്ത സൗഹൃദത്തിന്റെ നിലയ്ക്കാത്ത വെളിച്ചം പോലെ .”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News