പ്രക്ഷോഭ സമരത്തിന് മുൻപിൽ മുട്ടു മടക്കി മഹാരാഷ്ട്ര പോലീസ്; യൂത്ത് മാർച്ച് പുനഃരാരംഭിച്ചു

ലാത്തിക്കും ജയിലിനും മുന്നിൽ കീഴടങ്ങില്ലെന്ന മുദ്രാവാക്യവുമായി നൂറു കണക്കിന് പാർട്ടി പ്രവർത്തകർ നവി മുംബൈ പോലീസ് സ്റ്റേഷനുമുന്നിൽ ഉപരോധം സംഘടിപ്പിച്ചതോടെ സമ്മർദ്ദത്തിലായ പോലീസ് ഗത്യന്തരമില്ലാതെ അറസ്റ്റ് ചെയ്തവരെയെല്ലാം വിട്ടയക്കുകയായിരുന്നു.

പോലീസ് കസ്റ്റഡിയിൽ നിന്നും പുറത്ത് വന്നവരെല്ലാം കോടികൾ കൈയ്യിലേന്തി മുദ്രാവാക്യം വിളികളുമായി യൂത്ത് മാർച്ചിൽ അണി നിരന്നതോടെ കഴിഞ്ഞ നാലഞ്ചു മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥക്കാണ് അയവ് വന്നത്.

പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കേരളത്തിൽ പറയുന്ന കോൺഗ്രസ് പാർട്ടി മഹാരാഷ്ട്രയിൽ അതേ നിയമത്തിനെതിരായ സമരത്തെ തകർക്കാൻ ശ്രമിക്കുന്ന ഇരട്ടത്താപ്പിനും രാജ്യം സാക്ഷ്യം വഹിച്ചു.

ഇന്നലെ ഉറാനിൽ നിന്നാരംഭിച്ച യൂത്ത് മാർച്ചിൽ സഖാവ് മുഹമ്മദ് റിയാസിനെയും പ്രീതി ശേഖറിനെയും അശോക് ധവാളെ ഉൾപ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്താണ് സമരത്തെ ചെറുക്കാൻ ശ്രമിച്ചതെങ്കിൽ രണ്ടാം ദിവസവും ഇതേ രീതിയാണ് പോലീസ് ആവർത്തിച്ചത് .

വനിതകളടക്കമുള്ള ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്ത മാർച്ച് ബലം പ്രയോഗിച്ചു തടയുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി പ്രതിരോധിക്കാനാണ് പോലീസ് ശ്രമിച്ചത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തെ തകർക്കാനായി പോലീസിനെ വലിയ രീതിയിൽ വിന്യസിച്ചിരിക്കുന്ന മഹാരാഷ്ട്ര ഭരണകൂടത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല എൻ സി പി നേതാവായ അനിൽ ദേശ്മുഖിനാണ്.

കോൺഗ്രസ് കൂട്ടുകക്ഷിയായ സർക്കാർ ഭരിക്കുന്ന മഹാരാഷ്ട്രയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തെ അടിച്ചമർത്താൻ അറസ്റ്റ് ചെയ്തും ലാത്തിച്ചാർജ് നടത്തിയുമാണ് ഭരണകൂടം ശ്രമിക്കുന്നത്.

യൂത്ത് മാർച്ച് തുടരാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നവി മുംബൈ പോലീസ് ഹെഡ് ക്വാർട്ടേഴ്സിനു മുന്നിൽ നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവർത്തകർ തടിച്ചു കൂടി മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരെയെല്ലാം വിട്ടയക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.

പോലീസ് പ്രക്ഷോഭ സമരത്തിന് മുൻപിൽ മുട്ടു മടക്കിയതോടെ മുംബൈയിൽ രണ്ടാം ദിവസത്തെ യൂത്ത് മാർച്ച് പുനരാരംഭിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News