പെട്രോള്‍ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പോലീസ് തന്ത്രപരമായി പിടികൂടി

പെരുമ്പാവൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് തന്ത്രപരമായി പിടികൂടി.

സംഭവം നടന്ന് ഒരു വര്‍ഷമാകാറുവുമ്പോ‍ഴാണ് പ്രതി ആസ്സാം സ്വദേശി പങ്കജ് മണ്ഡലിനെ പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.

ഇയാളുടെ സഹപ്രവര്‍ത്തകനായിരുന്ന ആസ്സാം സ്വദേശി മൊഹിബുള്ളയാണ് കൊല്ലപ്പെട്ടത്. ക‍ഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20നാണ് കൊലപാതകം നടന്നത്.

പെരുമ്പാവൂരിലെ ഒക്കലില്‍ രണ്ടു പേരും ജോലി ചെയ്തിരുന്ന പെട്രോള്‍ പമ്പിന് എതിര്‍വശത്തെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ഇവിടെ വെച്ചാണ് പങ്കജ് മൊഹിബുള്ളയെ കൊലപ്പെടുത്തിയത്.പിന്നീട് ഇവിടെ നിന്ന് മുങ്ങിയ ഇയാളെക്കുറിച്ച് പോലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.

ആസ്സാമിലും അരുണാചല്‍ പ്രദേശിലും ഉള്‍പ്പടെ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.

ഇയാള്‍ മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.

അന്വേഷണ സംഘത്തിലെ എ എസ് ഐ വിനോദ് സോഷ്യല്‍ മീഡിയ വ‍ഴി നടത്തിയ ഒരു തന്ത്രമാണ് ഒടുവില്‍ പ്രതിയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കാന്‍ കാരണമായത്.

വിവിധ ജില്ലകളില്‍ മാറി മാറി താമസിച്ച പങ്കജ് പെരുമ്പാവൂരില്‍ത്തന്നെയുണ്ടെന്ന് പോലീസിന് വ്യക്തമായതോടെ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ തന്ത്രപരമായി ചെന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

വൈകുന്നേരത്തെ ഷിഫ്റ്റിലാണ് പങ്കജും മൊഹിബുള്ളയും ജോലി ചെയ്തിരുന്നതെങ്കിലും പലപ്പോ‍ഴും പങ്കജ് ജോലിക്ക് പോകാതെ ചീട്ട് കളിക്കാന്‍ പോകുമായിരുന്നു.

ഒരു ദിവസം ജോലി ക‍ഴിഞ്ഞ് മൊഹിബുള്ള റൂമിനു മുന്‍പിലെത്തിയപ്പോള്‍ അകത്തുണ്ടായിരുന്ന പങ്കജ് വാതില്‍ തുറന്നില്ല.

ഒടുവില്‍ മൊഹിബുള്ളക്ക് വാതില്‍ തകര്‍ത്ത് അകത്ത് കയറേണ്ടിവന്നു.ഇതെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ കയ്യേറ്റമുണ്ടായി.

പിന്നീട് മൊഹിബുള്ള ഉറങ്ങിയ ശേഷം പങ്കജ് ഇരുമ്പുവടികൊണ്ട് ഇയാളുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News