കലാകൗമുദി ചീഫ് എഡിറ്റര്‍ എംഎസ് മണി അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി (80) അന്തരിച്ചു. കേരളകൗമുദി ചീഫ്‌ എഡിറ്ററും കലാകൗമുദിയുടെ സ്‌ഥാപക പത്രാധിപരും ആയിരുന്നു.

കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വെെകിട്ട് കുമാരപുരം കലാകൗമുദി ഗാർഡൻസിൽ നടക്കും

മാധ്യമ മികവിനുള്ള സംസ്‌ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്‌. കേരളകൗമുദിയുടെ എഡിറ്ററായി 1969-ൽ ചുമതലയേറ്റ എം.എസ്. മണിയാണ് ‘മൺഡേ മാഗസിൻ’ തുടങ്ങിയ പുതിയ മാഗസിൻ സംസ്‌കാരം മലയാള പത്രങ്ങളിൽ കൊണ്ടുവന്നത്.

പേട്ട ഗവ. സ്‌കൂൾ, സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പഴയ ഇന്റർമീഡിയറ്റ് കോളേജിൽ (ഇപ്പോഴത്തെ ഗവ. ആർട്സ് കോളേജ്) നിന്ന് പ്രീ – യൂണിവേഴ്സിറ്റി പാസായ ശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി.

സ്വർഗം ഭൂമിയിലേക്ക്‌ ഇറങ്ങിവരുന്നു, കാട്ടുക്കള്ളൻമാർ, ശിവഗിരിക്കുമുകളിൽ തീമേഘകൾ എന്നീ പുസ്‌ത്കങ്ങൾ രചിച്ചിട്ടുണ്ട്‌.ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

കേരളകൗമുദി’ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെയും മാധവീ സുകുമാരന്റെയും മകനായി 1941 നവംബർ നാലിന് കൊല്ലം ജില്ലയിൽ എം. എസ്. മണി ജനിച്ചു.തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. കസ്തൂരിഭായിയാണ് ഭാര്യ.

കേരളകൗമുദി അസിസ്‌റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും കേരള കൗമുദി മുൻ ചീഫ് എഡിറ്ററായിരുന്ന സുകുമാരൻ മണി മകനുമാണ്. കേരളകൗമുദി മുൻ റെസിഡന്റ് എഡിറ്റർ എസ്. ഭാസുരചന്ദ്രനാണ് മരുമകൻ.

പരേതരായ എം എസ് മധുസൂദനൻ, എം എസ്. ശ്രീനിവാസൻ, എം എസ് രവി എന്നിവരാണ് സഹോദരങ്ങൾ. ‘കേരളകൗമുദി’ ചീഫ് എഡിറ്റർ ദീപു രവി സഹോദരപുത്രനാണ്. കേരള കൗമുദി സ്ഥാപക പത്രാധിപർ സി വി കുഞ്ഞിരാമന്റെ കൊച്ചുമകനാണ്.

അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ മലയാള മാധ്യമരംഗത്തിനു ചടുലത പകർന്ന ഉത്തമ പത്രാധിപർമാരിലൊരാളായിരുന്നു എം എസ് മണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News