ബൈക്കിടിച്ച്‌ പശുചത്തു; പ്രായശ്ചിത്തമായി 13കാരിയായ മകളുടെ വിവാഹം നടത്തണമെന്ന്‌ പഞ്ചായത്ത്‌

ന്യൂഡൽഹി: മധ്യപ്രദേശിൽ ബൈക്കിടിച്ച്‌ പശു ചത്തതിന്‌ പ്രായശ്ചിത്തമായി പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം നടത്തണമെന്ന്‌ പഞ്ചായത്തിന്റെ തീരുമാനം. വിദിഷ ജില്ലയിൽ 13കാരി പെൺകുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം പൊലീസ്‌ തടഞ്ഞു.

അബദ്ധത്തിൽ പശുവിനെ കൊല്ലുന്നവർക്ക്‌ ‘പാപ മോചനത്തിന്‌ ’ ഇത്തരം ആചാരം ഇവിടെ സർവ്വസാധാരണമാണ്‌. പശുവിനെ കൊന്നയാൾ ഗംഗയിൽ കുളിക്കുകയും നാട്ടുകാരെ വിളിച്ചുകൂട്ടി ഭക്ഷണം നൽകുകയുംവേണം. ഒപ്പം കന്യാദാനം നടത്തുന്നതിന്‌ മകളുടെ പ്രായം കണക്കാക്കാതെ വിവാഹം കഴിപ്പിക്കണം.

മാസങ്ങൾക്ക്‌ മുമ്പാണ്‌ ഗ്രാമവാസിയുടെ ബൈക്കിടിച്ച്‌ പശു ചത്തത്‌. ഇയാൾ ഗംഗയിൽ മുങ്ങിയെങ്കിലും മകളുടെ വിവാഹം നടത്താൻ കുടുംബം തയാറാകാത്തതിനാൽ ഇവർ ഭക്ഷണം ഒരുക്കിയെങ്കിലും നാട്ടുകാർ സഹകരിച്ചില്ല. തുടർന്നാണ്‌ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചത്‌.

ആധാർ കാർഡ്‌ പ്രകാരം 2007 ജനുവരി ഒന്നിനാണ്‌ പെൺകുട്ടി ജനിച്ചത്‌. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം അറിഞ്ഞ വനിതാ–-ശിശു വികസന വകുപ്പും പൊലീസും അന്വേഷണം നടത്തിയാണ്‌ നീക്കം തടഞ്ഞത്‌. പെൺകുട്ടിയും കുടുംബവും നിരക്ഷരരാണ്‌.

അധികൃതരുടെ ഇടപെടൽ ചെറുത്ത കുടുംബം കുട്ടിക്ക്‌ പ്രായപൂർത്തിയായെന്നും അവകാശപ്പെട്ടു. ഇത്‌ വ്യാജമാണെന്ന്‌ വ്യക്തമാക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ വിവാഹം തടഞ്ഞെന്ന്‌ വനിതാ–-ശിശു വികസന വകുപ്പ്‌ സൂപ്പർവൈസർ അനിത മൗര്യ പറഞ്ഞു.

നാട്ടുകാരും ബന്ധുക്കളും പങ്കെടുത്ത്‌ വിവാഹം നടക്കുന്നതിനു മുമ്പാണ്‌ അധികൃതർ എത്തി തടഞ്ഞത്‌. 18 വയസാകും വരെ കുട്ടിയുടെ വിവാഹം നടത്തില്ലെന്ന്‌ രക്ഷിതാക്കളിൽനിന്ന്‌ അധികൃതർ എഴുതിവാങ്ങി. സംഭവത്തിൽ കേസ്‌ എടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News