വട്ടിയൂർക്കാവിൽ ക്ഷേത്രത്തിനകത്തിട്ട്‌ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊല്ലാൻ ആർഎസ്എസ് ശ്രമം

വട്ടിയൂർക്കാവ്: ക്ഷേത്രകമ്മിറ്റി ഓഫീസിൽ വലിച്ചുകയറ്റി ഡിവൈഎഫ്‌ഐ നേതാവിനെയും പ്രവർത്തകരെയും മർദിച്ചു കൊലപ്പെടുത്താൻ ശ്രമം.

സിപിഐ എം കാവല്ലൂർ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ വട്ടിയൂർക്കാവ് മേഖലാ സെക്രട്ടറിയുമായ നിധീഷ് കൃഷ്‌ണനെയും സഹപ്രവർത്തകരെയുമാണ്‌ കാവല്ലൂർ ഭദ്രാ ഭഗവതി ക്ഷേത്രത്തിനുള്ളിലേക്ക്‌ വലിച്ചുകയറ്റിയത്‌.

ഓഫീസ് മുറിക്കുള്ളിലാക്കി ഇവരെ ദണ്ഡ്‌, കമ്പിപ്പാര, കുറുവടി എന്നിവ ഉപയോഗിച്ച് മർദിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വട്ടിയൂർക്കാവ് സിഐ ശാന്തകുമാർ ഇടപെട്ടിട്ടും സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരെ വിടാൻ തയ്യാറായില്ല.

തുടർന്ന്, കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത്. മർദനമേറ്റ നിധീഷ് കൃഷ്ണ, അഭിജിത്ത്, എസ് എം ശ്രീകാന്ത്, എസ് എം ശ്രീജിത്ത്, പ്രസാദ്, പ്രശാന്ത്, അജയ് എന്നിവർ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10.30ന് ഉത്സവത്തിന്റെ ഭാഗമായെത്തിയ ഘോഷയാത്രയിൽ കയറിയെന്നാരോപിച്ച്‌ ഡിവൈഎഫ്ഐ കാവല്ലൂർ യൂണിറ്റ് പ്രസിഡന്റ് അഭിജിത്തിനെ ഒരു സംഘം ആർഎസ്എസുകാർ മർദിച്ചു.

ഇതറിഞ്ഞ്‌ സ്ഥലത്തെത്തിയതായിരുന്നു നിധീഷ് കൃഷ്‌ണനും സഹപ്രവർത്തകരും . സംഘപരിവാർ നിയന്ത്രിക്കുന്ന ക്ഷേത്ര സംരക്ഷണസമിതിയാണ്‌ പതിനഞ്ചു വർഷമായി ക്ഷേത്രഭരണം കയ്യാളുന്നത്‌.

ക്ഷേത്രാങ്കണത്തിൽ നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച്‌ ആർഎസ്എസിന്റെ ശാഖയും ആയുധപരിശീലനവും ദിവസവും നടത്തുന്നുണ്ട്‌. ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന ആർഎസ്എസ്, ബിജെപിക്കാരുടെ ഒളിവ്‌ കേന്ദ്രമാണ്‌ ഈ ക്ഷേത്ര വളപ്പ്‌ എന്ന ആക്ഷേപവുമുണ്ട്‌.

കാവല്ലൂർ മംഗ്ളാവ് വിളയിൽ മണികണ്ഠൻ, തൊഴുവൻകോട് പുതുവാവിളയിൽ ക്ഷേത്രസമിതി സെക്രട്ടറി ഗിരീഷ് കുമാർ, പുതുവാവിള പൊറ്റയിൽ വീട്ടിൽ ബാലമുരളി, കാവല്ലൂർ ലെയിനിൽ ഏജീസ് ഓഫീസ് ജീവനക്കാരൻ അശ്വിൻ, നെടുമ്പ്രം ഡ്രൈവിങ് സ്‌കൂൾ ഉടമ സൂരജ് എസ് നായർ, കാവല്ലൂർ മംഗ്ളാവ് വിളയിൽ മുരുകൻ, മകൻ അഭിജിത്ത് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.

ആക്രമണത്തിൽ പരിക്കേറ്റവരെ സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌, പ്രസിഡന്റ് വി വിനീത്, ജില്ലാ സെക്രട്ടറിയറ്റംഗം എസ് ഷാഹിൻ എന്നിവർ സന്ദർശിച്ചു. സംഭവത്തിൽ പൊലീസിന്‌ പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here