ഒന്നര വയസുകാരന്റെ മരണം കൊലപാതകം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍: ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തയ്യില്‍ കൊടുവള്ളി ഹൗസില്‍ പ്രണവ് – ശരണ്യ ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11ഓടെ വീട്ടിനടുത്ത് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്.

രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടിയെ രാവിലെ 6.20ന് കാണാതായെന്നാണ് സിറ്റി പൊലീസില്‍ പ്രണവ് നല്‍കിയ പരാതിയിലുള്ളത്. മൂന്നു വര്‍ഷം മുന്‍പ് വിവാഹിതരായ ശരണ്യയും പ്രണവും തമ്മില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു.

ഞായറാഴ്ച രാത്രി കുട്ടിക്ക് പനിയുണ്ടായിരുന്നതിനാല്‍ ഏറെ വൈകിയും ഉറങ്ങാതെ കരഞ്ഞു കൊണ്ടിരുന്നു.

വെളുപ്പിന് മൂന്നു മണിയോടെ ശരണ്യ കുട്ടിയെ പ്രണവിന്റെ കൂടെ മുറിയില്‍ കിടത്തിയുറക്കി ഹാളില്‍ ഉറങ്ങാന്‍ പോയി. രാവിലെയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. പ്രണവിനോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നും പൊലീസില്‍ പരാതി നല്‍കാമെന്നും പറഞ്ഞു.

പൊലീസിന്റെ അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് അധികം ദൂരെയല്ലാതെ കടലോരത്ത് പാറക്കൂട്ടത്തിനിടയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലര്‍ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

കുട്ടിയെ പ്രണവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ശരണ്യയുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here