മുംബൈയില്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച് തടയാനൊരുങ്ങി പൊലീസ്; താമസസ്ഥലം വളഞ്ഞു; ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കുടുങ്ങി

മുംബൈ: മഹാരാഷ്‌ട്രയിൽ എൻപിആർ നടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ മാർച്ച്‌ തടസ്സപ്പെടുത്താൻ പ്രവർത്തകർ താമസിക്കുന്ന കെട്ടിടം വളഞ്ഞ്‌ മുംബൈ പൊലീസ്‌.

ഡിവൈഎഫ്‌ഐ മുംബൈയിൽ നടത്തുന്ന യൂത്ത് മാർച്ച്‌ മൂന്നാം ദിവസം തുടങ്ങാൻ ഇരിക്കെയാണ് പൊലീസ് അതിരാവിലെ നവി മുംബൈ ബേലാപൂരിലെ ബിടിആർ ലൈബ്രറി കെട്ടിടം വളഞ്ഞത്. ഇന്നലെ രാവിലെ മുതൽ ഏതാണ്ട് ഒമ്പത് മണിക്കൂറോളം പൊലീസ് മാർച്ച്‌ തടഞ്ഞ്‌ പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത്‌ വച്ചിരുന്നു.

പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് കോമ്പൗണ്ടിൽ തടവിലാക്കപ്പെട്ട പ്രവർത്തകരുടെ ശക്തമായ പ്രതിഷേധവും പുറത്തുനിന്നുള്ള ജനകീയ പ്രതിഷേധവും കാരണമാണ്‌ വൈകുന്നേരത്തോടെ മാർച്ച്‌ നടത്താൻ അനുമതി നൽകിയത്‌.

എന്നാൽ പൊലീസ് ഭീഷണിയെ തുടർന്ന് പ്രവർത്തകർക്ക് രാത്രി താമസം ഒരുക്കിയ സാൻപാഡായിലെ ദത്താ മന്ദിരത്തിന്റെ ഉടമകൾ പിന്മാറിയപ്പോഴാണ് ബിടിആർ സ്‌മാരക ലൈബ്രറി ഹാളിലും ടെറസിലും ബേലാപ്പൂർ കൈരളി സമാജം ഹാളിലും പ്രവർത്തകർ താമസിച്ചത്. ഈ കെട്ടിടങ്ങളാണ് പൊലീസ് വളഞ്ഞത്. ആയിരക്കണക്കിന് പ്രവർത്തകരാണ് ഇവിടെ ഉള്ളത്.

ഡിവൈഎഫ്‌ഐ നടത്തുന്ന സമാധാനപരമായ മാർച്ച്‌ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ മഹാരാഷ്ട്ര കോൺഗ്രസ് നൽകുന്നത് യുപിയിലെ യോഗി ആദിത്യ നാഥ് സർക്കാർ ഈ രാജ്യത്തിനു നൽകുന്ന അതെ സന്ദേശമാശമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ പറഞ്ഞു.

ജനാധിപത്യ സമരങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തി എൻആർസി യുടെ ആദ്യ രൂപം എൻപിആർ നടപ്പാക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് ഒത്താശ ചെയ്യുകയാണ് എൻസിപിയും കോൺഗ്രസും എന്ന്‌ പ്രീതി ശേഖർ പറഞ്ഞു.

മാർച്ചിന്റെ ഒന്നാം ദിവസവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here