നെടുങ്കണ്ടം കസ്റ്റഡി മരണം; ആറ് പോലീസുകാരെക്കൂടി സി ബി ഐ അറസ്റ്റ് ചെയ്തു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ആറ് പോലീസുകാരെക്കൂടി സി ബി ഐ അറസ്റ്റ് ചെയ്തു. രണ്ട് എ എസ് ഐ മാർ ഉൾപ്പടെയാണ് അറസ്റ്റിലായത്. ഒന്നാം പ്രതി മുന്‍ എസ്ഐ കെ എ സാബുവിനെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

മുന്‍ എസ്ഐ കെ എ സാബുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രതികളായ മറ്റ് 6 പോലീസുകാരെക്കൂടി സി ബി ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എ എസ് ഐ റജിമോൻ, സി പി ഒ നിയാസ്, സജീവ് ആന്റണി, ജെയിംസ്, ജിതിൻ കെ ജോർജ്, റോയ് പി വർഗ്ഗീസ് എന്നിവരാണ് അറസ്റ്റിലായവർ.

സിബിഐ അന്വേഷണത്തിനിടെ ഹൈക്കോടതിയില്‍ നിന്നും പ്രതികള്‍ ജാമ്യം നേടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന് ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു.

ഇതിന് പിറകെയാണ് കേസിലെ നിര്‍ണായക അറസ്റ്റുകൾ ഉണ്ടായിരിക്കുന്നത്.ഇന്നലെ അറസ്റ്റിലായ മുൻ എസ് ഐ സാബു നിലവിൽ സിബിഐ കസ്റ്റഡിയിലാണ്. ഇയാളെ 6 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകിയിരുന്നു.

അതേ സമയം സാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

സംഭവത്തിൽ കൂടുതൽ ഉന്നത പോലീസുദ്യോഗസ്ഥർക്ക് പങ്കുണ്ടൊ എന്ന് അന്വേഷിക്കുമെന്നും സിബിഐ അറിയിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടികൂടിയ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാറിനെ കഴിഞ്ഞ വർഷം ജൂണ്‍ 21ന് കസ്റ്റഡിയില്‍ വെച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

ക‍ഴിഞ്ഞ ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും പീരുമേട് സബ് ജയിലിലും സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയും നടത്തിയിരുന്നു.

രാജ്കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊ‍ഴിയും രേഖപ്പെടുത്തിയിരുന്നു.

അറസ്റ്റിലായ പ്രതികളെ നെടുങ്കണ്ടത്ത് എത്തിച്ച് തെളിവെടുക്കാനും സിബി ഐ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News