അനധികൃത സമ്പാദനക്കേസ്; വിഎസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍

തിരുവനന്തപുരം: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

ശിവകുമാറിനെ കൂടാതെ അദ്ദേഹത്തിന്റെ ബിനാമികളായ ശാന്തിവിള രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജുഹരന്‍, ബ്ലേഡ് ഹരി എന്നിവരാണ് മറ്റുപ്രതികള്‍.

ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരിക്കെ കൂട്ടാളികളുടെ സ്വത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.

ശിവകുമാറിന്റെയും ശാന്തിവിള രാജേന്ദ്രന്റെയും അനധികൃത സ്വത്തിനെ ചൊല്ലി പരാതി ഉയര്‍ന്നു എന്ന വാര്‍ത്ത പുറത്തുകൊണ്ട് വന്നത് കൈരളി ന്യൂസ് ആണ്.

എല്ലാം ബിനാമി ഇടപാട്

2016ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് രഹസ്യാന്വേഷണവിഭാഗത്തിനാണ് ശിവകുമാറിന്റെ അനധികൃതസ്വത്ത് സംബന്ധിച്ച വിവരം ലഭിച്ചത്.

സ്റ്റാഫില്‍ പലരും മന്ത്രിയുടെ ബിനാമിയായി വന്‍ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്നാണ് വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയത്. ശിവകുമാറും പേഴ്സണല്‍ സ്റ്റാഫിലുള്ളവരും ബന്ധുവും ഒരു സഹകരണ ബാങ്ക് പ്രസിഡന്റും ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനെ ചുമതലപ്പെടുത്തി. അതിനിടെ വഴുതക്കാട് സ്വദേശിയും ശിവകുമാറിനെതിരെ പരാതി നല്‍കി. ഈ പരാതിയും അന്വേഷണസംഘത്തിന് കൈമാറി. 105 രേഖകള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു.

സംസ്ഥാനത്തും തമിഴ്നാട്ടിലുമായി ആയിരത്തോളം പേരുടെ മൊഴിയുമെടുത്തു. പരാതികളില്‍ പറഞ്ഞ ഏഴുപേരുടെ സ്വത്ത് വിജിലന്‍സ് പരിശോധിച്ചു. ഇതില്‍ ശിവകുമാര്‍ ഉള്‍പ്പെടെ നാലുപേരുടെ സ്വത്തില്‍ ഇരട്ടി വര്‍ധന ഉണ്ടായെന്ന് കണ്ടെത്തി. സ്വകാര്യ ആശുപത്രിയുടെ വില്‍പ്പനയും ചില വിദേശയാത്രകളും അന്വേഷിക്കേണ്ടതുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടയിലാണ് മറ്റൊരു മുന്‍ മന്ത്രി കൂടി പ്രതിപട്ടികയിലേക്ക് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News