പ്രതിപക്ഷനേതാവിന്റെ പ്രതികരണം വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്: ഡിജിപി ലോക്‌നാഥ് ബഹ്‌റ

ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പ്രതികരണം അടിസ്ഥാന രഹിതമെന്ന് ഡി ജി പി.കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.

ടെക്‌നിക്കല്‍ ഇവാലുവേഷന്‍ പോലും രെ കഴിയാത്ത സാഹചര്യത്തില്‍ ഒരു കമ്പനിക്ക് മാത്രമായി പദ്ധതി നല്‍കാന്‍ ശ്രമം നടക്കുന്നുവെന്ന ആരേപണം തെറ്റാണെന്നും ഡി ജി പി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

വാഹനങ്ങളുടെ അമിതവേഗവും സിഗ്‌നല്‍ ലംഘനവും ഉള്‍പ്പെടെയുള്ള ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ഡ്രൈവര്‍മാര്‍ക്ക് ശിക്ഷനല്‍കാനും അതുവഴി നിരത്തുകളില്‍ യാത്ര സുഗമമാക്കാനും ഉദ്ദേശിച്ചാണ് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

എന്നാല്‍ പദ്ധതി സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.പക്ഷേ അത് വാസ്തവവിരുദ്ധവും തികച്ചും അടിസ്ഥാനരഹിതവുമാണെന്ന് ഡി ജി പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.

കഴിഞ്ഞ 14 മാസത്തിനിടെ മൂന്ന് തവണയാണ് പദ്ധതിക്കുവേണ്ടി പോലീസ് ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. ഇതില്‍ രണ്ടുതവണയും ഒരു കമ്പനി മാത്രമേ അപേക്ഷിച്ചുള്ളൂ. മൂന്നാമതും ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ രണ്ടു കമ്പനികള്‍ അപേക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സേനയിലെ മുതിര്‍ന്ന ഓഫീസര്‍മാരെ കൂടാതെ പുറത്തുനിന്നുള്ള കഠ മിഷന്‍, സിഡാക്, നാറ്റ്പാക്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയില്‍ നിന്ന് വിദഗ്ധരുടെ സേവനം കൂടി ലഭ്യമാക്കിയാണ് ഇവാലുവേഷന്‍ കമ്മിറ്റി രൂപീകരിച്ചത്.

ഫീല്‍ഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ ഇവാലുവേഷന്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. അവ പൂര്‍ത്തിയാക്കി ലഭിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കുന്നത്. അതിനു ശേഷം മാത്രമേ ഏത് കമ്പനിക്കാണ് പദ്ധതി ലഭിക്കുന്നതെന്ന് പറയാനാകൂ. അത് ശുപാര്‍ശയായി സര്‍ക്കാരിന് നല്‍കി സര്‍ക്കാര്‍തലത്തിലെ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയാല്‍ മാത്രമേ പദ്ധതി ഏതെങ്കിലും സ്ഥാപനത്തിന് നല്‍കിയെന്ന് പറയാനാകൂ.

എന്നാര്‍ ടെക്‌നിക്കല്‍ ഇവാലുവേഷന്‍ പോലും ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ ഒരു കമ്പനിക്ക് മാത്രമായി പദ്ധതി നല്‍കാന്‍ ശ്രമം നടക്കുന്നുവെന്ന തരത്തിലുളള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഡി ജി പി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here