മരുന്നുവില കുതിക്കുന്നു; ക്ഷാമവും; പ്രതിസന്ധിക്ക് കാരണം ചൈനയില്‍ നിന്നുള്ള ചേരുവകളുടെ വരവ് കുറഞ്ഞത്

ന്യൂഡൽഹി: കോവിഡ്‌19 ബാധയെ തുടർന്ന്‌ രാജ്യത്ത്‌ മരുന്ന്‌ വില കുതിച്ചുയരുന്നു. പാരാസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകൾക്ക്‌ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവും വർധിച്ചു. ചൈനയിൽ നിന്നുള്ള മരുന്ന്‌ ചേരുവകളുടെ ക്ഷാമമാണ്‌ വില ഉയരാൻ കാരണം.

മരുന്നുകൾക്കുള്ള സജീവ ചേരുവകളുടെ 70 ശതമാനം ചൈനയിൽനിന്നാണ്‌ ഇറക്കുമതി. ജീവൻരക്ഷാമരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വിറ്റാമിൻ ഗുളികകൾ തുടങ്ങിയവ ഇതിൽപ്പെടും. ചൈനയിലെ അടച്ചുപൂട്ടൽകാരണം 57 മരുന്നിന്‌ ഏപ്രിലോടെ ക്ഷാമമുണ്ടായേക്കും.

എച്ച്‌ഐവി പ്രതിരോധത്തിനുള്ള റിറ്റോനാവിർ, ലോപ്പിനാവിർ, ഹൃദയാഘാതവും ഹൃദ്‌രോഗങ്ങൾക്കുമുള്ള അറ്റോർവാസാസ്‌റ്റിൻ, ആന്റിബയോട്ടിക്കുകളായ പെൻസിലിൻ–-ജി, അമോക്‌സിലിൻ, ആംപിസിലിൻ, ടെട്രാസൈക്കിളിൻ, ഒഫ്ലോക്‌സാസിൻ, ജെന്റാമൈസിൻ, മെട്രോനിഡാസോൾ, ഓർണിഡാസോൾ, നാഡീരോഗങ്ങൾക്കുള്ള ഗബാപെന്റിൻ തുടങ്ങിയ മരുന്നുകൾക്കാണ്‌ ക്ഷാമമുണ്ടാകാൻ സാധ്യത.

ഇവയുടെ പട്ടിക കമ്പനികൾ സർക്കാർ സമിതിക്ക്‌ കൈമാറി.ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ജീവൻരക്ഷാമരുന്നുകൾ എത്രത്തോളമുണ്ട്‌, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ട്‌ തുടങ്ങിയവ ശേഖരിക്കാൻ ഡ്രഗ്‌ കൺട്രോളർ ഓഫ്‌ ഇന്ത്യ ഡോ. ഈശ്വർറെഡ്ഡിയുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി.

ക്ഷാമം നേരിടുന്ന മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കുകയും ബദൽമരുന്നുകൾ വ്യാപകമാക്കുകയുംചെയ്യും. സമാന മരുന്നുകൾ ശുപാർശ ചെയ്യാൻ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ചിനോട്‌ നിർദേശിച്ചേക്കും.

അവശ്യമരുന്നുകൾക്ക്‌ ക്ഷാമം നേരിട്ടാൽ പല സംസ്ഥാനങ്ങളിലെയും സൗജന്യ മരുന്നുവിതരണപദ്ധതികളും പ്രതിസന്ധിയിലാകും. ചൈനയിൽ നിന്നുള്ള അസംസ്‌കൃതവസ്‌തുക്കളുടെ ഇറക്കുമതി നിലച്ചത്‌ പല മേഖലകളെയും ബാധിക്കുമെന്നാണ്‌ ധനമന്ത്രി നിർമലാസീതാരാമന്റെ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here