കുഞ്ഞിനെ കൊന്നതെങ്ങനെ? ശരണ്യയെക്കൊണ്ട് പറയിപ്പിച്ച് പൊലീസ്; കാമുകനൊപ്പം ജീവിക്കാന്‍ കൊടുംക്രൂരത

കണ്ണൂര്‍: കുഞ്ഞിനെ കൊന്ന കുറ്റം ഭര്‍ത്താവിന്റെ തലയിലാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത അമ്മയ്ക്ക് പൊലീസിന്റെ അന്വേഷണമികവിനുമുന്നില്‍ അടിതെറ്റി.

രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ കൊന്നതെങ്ങനെയെന്ന് ശരണ്യയെക്കൊണ്ട് പൊലീസ് പറയിപ്പിച്ചത്. പൊലീസിനെ വഴിതെറ്റിക്കാന്‍ അടവു പയറ്റിയ പ്രതി ഒടുവില്‍ കുറ്റസമ്മതത്തിലേക്കെത്തി.

ഒന്നര വയസ്സുകാരന്‍ വിയാനെ കാണാനില്ലെന്ന പരാതി തിങ്കളാഴ്ച രാവിലെ എത്തിയതുമുതല്‍ സിറ്റി പൊലീസ് ശരണ്യയെയും ഭര്‍ത്താവ് പ്രണവിനെയും നിരീക്ഷണത്തിലാക്കിയിരുന്നു.

പുലര്‍ച്ചെ രണ്ടേമുക്കാലിന് പാലു കൊടുത്തശേഷം കുഞ്ഞിനെ ഭര്‍ത്താവിനടുത്തു കിടത്തിയിരുന്നുവെന്നും അതിനുശേഷമാണ് കാണാതായതെന്നുമാണ് ശരണ്യ ആദ്യം പറഞ്ഞത്.

ഇതില്‍തന്നെ പൊലീസ് സംശയിച്ചുതുടങ്ങിയിരുന്നു. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പ്രണവിന്റെ മൊഴി. പെരുമാറ്റത്തിലും സംശയം തോന്നിയതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യിലും ഇരുവരും പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു.

ചോദ്യം ചെയ്യലിലെ സൂചനയെത്തുടര്‍ന്നാണ് കടലിലെ കരിങ്കല്‍ ഭിത്തിയില്‍ പൊലീസ് തെരച്ചിലിനെത്തിയത്. കരിങ്കല്‍ ഭിത്തിയില്‍ കുരുങ്ങിയനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടുപിന്നാലെ, ശരണ്യയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിയിലെടുത്തു. ചോദ്യം ചെയ്യലിനുശേഷം വൈകിട്ടോടെ ഇരുവരെയും വിട്ടയച്ചു.

തിങ്കളാഴ്ച വൈകിട്ടോടെതന്നെ ശരണ്യയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു.

കൊലപാതക കുറ്റം ചുമത്താനായിരുന്നു പിരിഞ്ഞുകഴിഞ്ഞിരുന്ന ഭര്‍ത്താവിനെ ശരണ്യ വിളിച്ചുവരുത്തിയത്. കുട്ടി മരിച്ചതോടെ ബന്ധുക്കളും പ്രണവിനെയാണ് സംശയിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം, കുറ്റം ഭര്‍ത്താവിന് മേല്‍ ചുമത്തുന്നതോടെ അദ്ദേഹം ജയിലിലാകും. തുടര്‍ന്ന് കാമുകനൊപ്പം സ്വസ്ഥമായി ജീവിക്കാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്.

ശരണ്യയുടെ കുറ്റസമ്മത മൊഴി:

”ഭര്‍ത്താവ് ഞായറാഴ്ച രാത്രി വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും ആസൂത്രണം ചെയ്തു.

ഞായറാഴ്ച രാത്രി മൂന്നുപേരും ഒരു മുറിയില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നുമണിയ്ക്ക് കുഞ്ഞുമായി എഴുന്നേറ്റ് ഹാളിലെത്തി. കുഞ്ഞിനെ എടുത്തതോടെ പ്രണവ് ഉണര്‍ന്നു. മുറിയില്‍ ചൂട് കൂടുതലായതിനാല്‍ ഹാളില്‍ കിടക്കുന്നുവെന്ന് പ്രണവിനോട് ശരണ്യ പറഞ്ഞു.

ഭര്‍ത്താവ് ഉറങ്ങിയെന്ന് ബോധ്യപ്പെടും വരെ ശരണ്യ കുട്ടിയുമായി ഹാളില്‍ ഇരുന്നു. തുടര്‍ന്ന് പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി. 50 മീറ്റര്‍ അകലെയുള്ള കടല്‍ഭിത്തിക്കരികില്‍ എത്തിയശേഷം മൊബൈല്‍ വെളിച്ചത്തില്‍ താഴേക്കിറങ്ങി. കുഞ്ഞിനെ കടല്‍ഭിത്തിയില്‍ നിന്നും താഴേക്ക് വലിച്ചിട്ടു.

കല്ലുകള്‍ക്കിടയില്‍ വീണ കുഞ്ഞ് കരഞ്ഞു. കരച്ചില്‍ ആരും കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ മുഖം പൊത്തി. വീണ്ടും ശക്തിയായി കരിങ്കല്‍ കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ചുവീട്ടിലെത്തി അടുക്കള വാതില്‍ വഴി അകത്തെത്തി ഹാളില്‍ ഇരുന്നു. കുറച്ചുനേരം കഴിഞ്ഞ് കിടന്നുറങ്ങി”:ശരണ്യ വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News