ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിനെ അടിച്ചമര്‍ത്തുന്നു; മഹാരാഷ്ട്ര പൊലീസ് നടപടിക്കെതിരെ കനത്ത പ്രതിഷേധം

മുംബൈ: പൗരത്വ നിയമ ഭേദഗതി, തൊഴിലില്ലായ്മ കൂടാതെ എന്‍പിആര്‍ നടപടികള്‍ മഹാരാഷ്ട്രയില്‍ നിര്‍ത്തി വയ്ക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്ഐ മുംബൈയില്‍ നടത്തുന്ന സമാധാനപരമായ യൂത്ത് മാര്‍ച്ചിനെയാണ് നാലാം ദിവസവും മഹാരാഷ്ട്ര പോലീസ് തടഞ്ഞു വച്ചിരിക്കുന്നത്.

മുന്‍കൂട്ടി അനുമതി എടുത്തിട്ടുള്ള യൂത്ത് മാര്‍ച്ചിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസ് നടപടിയെ വിവിധ നേതാക്കള്‍ അപലപിച്ചു.

നാലു ദിവസമായി യുവാക്കള്‍ക്ക് നേരെ മഹാരാഷ്ട്ര പോലീസ് നടത്തുന്ന അതിക്രമം മഹാരാഷ്ട്ര സംസ്ഥാനത്തിന് നാണക്കേടാണെന്ന് കിസാന്‍ സഭ ദേശീയ പ്രസിഡന്റ് അശോക് ധവളെ പറഞ്ഞു.

ബിജെപിയുടെ സ്തുതിപാഠകനായി മാറിയ രാജ് താക്കറെയുടെ റാലിക്ക് അനുമതി നല്‍കിയ സര്‍ക്കാരാണ് രാജ്യത്തിന് വേണ്ടി സമാധാനപരമായ മാര്‍ച്ച് നടത്തുന്ന യുവാക്കളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അശോക് ധാവളെ ആരോപിച്ചു.

പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശമാണെന്ന് പറഞ്ഞ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്ന നടപടിയാണ് കോണ്‍ഗ്രസ് കൂടി ഭാഗമായ മഹാരാഷ്ട്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും കിസാന്‍ സഭ നേതാവ് പറഞ്ഞു.

ഇന്നലെ രാത്രി ബേലാപ്പൂരില്‍ നിന്നും ഡിവൈഎഫ്‌ഐ നേതാക്കളടക്കം നൂറു കണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

പ്രവര്‍ത്തകര്‍ രാത്രി വിശ്രമിച്ചിരുന്ന നവി മുംബൈ ബേലാപൂരിലെ ബിടിആര്‍ ലൈബ്രറി കെട്ടിടം വളഞ്ഞായിരുന്നു പോലീസ് പുറത്തെക്കുള്ള വഴി തടഞ്ഞിരുന്നത്.

ഇന്നലെ രാത്രി ചെമ്പൂര്‍ ആദര്‍ശ് വിദ്യാലയത്തില്‍ വിശ്രമിച്ച പ്രവര്‍ത്തകരെ ഗേറ്റ് പുറത്തു നിന്ന് പൂട്ടിയാണ് പോലീസ് അടിച്ചമര്‍ത്താനുള്ള ശ്രമം തുടരുന്നത്. ആദര്‍ശ് വിദ്യാലയത്തിന് പരിസരമാകെ പോലീസ് സേന വളഞ്ഞിരിക്കയാണ്.

കിസാന്‍ സഭ ദേശീയ അധ്യക്ഷന്‍ അശോക് ധാവളെ, സിപിഐഎം നേതാവ് മഹേന്ദ്ര സിംഗ് അടക്കമുള്ള നേതാക്കള്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

ഇന്നലെ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി യൂത്ത് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here