പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി.
അന്വേഷണം പക്ഷപാതപരമാണെന്ന് ഹൈക്കോടതി പറഞ്ഞു. പോലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് കോടതി വിമര്‍ശിച്ചു.
പരാതിക്കാര്‍ സമര്‍പ്പിച്ച ഫോട്ടോയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസുകാര്‍ കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് കോടതി.
പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് 31 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ള 21 പേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ കുന്‍ഹയാണ് ജാമ്യം അനുവദിച്ചത്.
സംഭവത്തില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുന്ന വേളയിലാണ് കര്‍ണ്ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം കോടതി ഉന്നയിച്ചത്.
2019 ഡിസംബര്‍ 19നായിരുന്നു മംഗളൂരുവില്‍ പൗരത്വ പ്രക്ഷോഭത്തിനിടെ വലിയരീതിയിലുള്ള പ്രശ്‌നങ്ങളുണ്ടായത്. പ്രതിഷേധക്കാരെ പോലീസ് അടിച്ചമര്‍ത്തുകയും വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

Get real time update about this post categories directly on your device, subscribe now.