അടിച്ചമര്‍ത്തലുകളെ അതിജീവിച്ച സമരവീര്യം; മുംബൈ നഗരത്തെ ത്രസിപ്പിച്ച ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ചിന് സമാപനം

മുംബൈ: നാല് ദിവസങ്ങളില്‍ തുടര്‍ച്ചയായി നേരിട്ട പോലീസ് അതിക്രമത്തിന് മുന്നില്‍ പതറാത്ത പോരാട്ട വീര്യവുമായി യുവജന പ്രക്ഷോഭം നിശ്ചയിച്ച സമയത്ത് തന്നെ ഭരണഘടന ശില്‍പി ഡോ. ബാബസാഹിബ് അംബേദ്കറിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന ദാദര്‍ ചൈത്യഭൂമിയിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ചു. ആദര്‍ശ് വിദ്യാലയത്തില്‍ ഇന്ന് തടഞ്ഞു വച്ചിരുന്ന നൂറു കണക്കിന് പ്രവര്‍ത്തകരും ചൈത്യഭൂമിയിലെത്തിയതോടെ പോരാട്ട വീര്യം ആര്‍ത്തിരമ്പി.

മുംബൈ ഉറാനില്‍ നിന്നാരംഭിച്ച ഡി വൈ എഫ് ഐ യൂത്ത് മാര്‍ച്ചിനെ തുടക്കം മുതല്‍ തടയുവാന്‍ ശ്രമിച്ച മഹാരാഷ്ട്ര പോലീസ് നാലാം ദിവസം വരെ തുടര്‍ന്നെങ്കിലും മാര്‍ച്ചില്‍ പങ്കെടുത്ത ആയിരങ്ങളുടെ വിപ്ലവ വീര്യത്തെ തല്ലികെടുത്താനായില്ല.

ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്ത യൂത്ത് മാര്‍ച്ചിന്റെ ആദ്യ ദിവസം റിയാസ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഓള്‍ ഇന്ത്യ കിസാന്‍ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ, ഡി വൈ എഫ് ഐ മഹാരാഷ്ട്ര സെക്രട്ടറി പ്രീതി ശേഖര്‍, സംസ്ഥാന പ്രസിഡന്റ് സുനില്‍ ധനവ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചാണ് സര്‍ക്കാര്‍ പ്രതിരോധം ശക്തമാക്കിയത്. പ്രവര്‍ത്തകരുടെ വിശ്രമ സങ്കേതം രാവിലെ മുതല്‍ വളഞ്ഞു വച്ചാണ് നവി മുംബൈയിലെ സി ബി ഡി ബേലാപ്പൂര്‍ തുടര്‍ന്ന് ചെമ്പുര്‍ ആദര്‍ശ് വിദ്യാലയ എന്നിവടങ്ങളില്‍ പോലീസിന്റെ ചിറ്റമ്മ നയം തുടര്‍ന്നത്.

ബന്ധപ്പെട്ട വകുപ്പുകളുടെയും അധികൃതരുടെയും അനുമതിയെ കാറ്റില്‍ പറത്തിയാണ് യൂത്ത് മാര്‍ച്ചിനെതീരെ പ്രാദേശിക പോലീസ് പക പൊക്കല്‍ എന്ന അഴിച്ചു വിട്ടത്. സമാധാനപരമായ സമര ജാഥയില്‍ പങ്കെടുത്ത നേതാക്കള്‍ അടങ്ങുന്ന നൂറു കണക്കിന് പ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് പോലീസ് വാനില്‍ കയറ്റി പല കേന്ദ്രങ്ങളിലായി കൊണ്ട് പോയത്.

ജനാധിപത്യ സമരങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തി എന്‍ ആര്‍ സി യുടെ ആദ്യ രൂപം എന്‍ പി ആര്‍ നടപ്പാക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിന് ഒത്താശ ചെയ്യുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് പ്രീതി ശേഖര്‍ ആരോപിച്ചു.

മഹാരാഷ്ട്ര ഭരിക്കുന്നത് യോഗി ആദിത്യനല്ലെന്നും കേരളത്തില്‍ വലിയ വായില്‍ എന്‍ പി ആര്‍ വിരുദ്ധ പ്രസംഗം നടത്തുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടി ഭാഗമായി സര്‍ക്കാരാണെന്നും പ്രീതി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇത് വെളിവാക്കുന്നതെന്നും പ്രീതി കൂട്ടിച്ചേര്‍ത്തു.

ദാദര്‍ ചൈത്യഭൂമിയില്‍ നടന്ന സമാപന യോഗത്തില്‍ കിസാന്‍ സഭ ദേശീയ അധ്യക്ഷന്‍ അശോക് ധാവളെ , സി പി എം നേതാവ് മഹേന്ദ്ര സിംഗ്, ഡി വൈ എഫ് ഐ നേതാക്കളായ പ്രീതി ശേഖര്‍, സുനില്‍ ധനവ, സന്തോഷ് താക്കൂര്‍, പ്രദീപ് സാല്‍വി , രാജേഷ് സുരാദ്കര്‍ , സഞ്ജയ് കാംബ്ലെ, ശേഖര്‍ ശങ്കരന്‍ തുടങ്ങി നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News