ചെലവ് 23 ലക്ഷം, വരവ് 6.21 ലക്ഷം; സംഗീതനിശ സാമ്പത്തികമായി പരാജയമായിരുന്നെന്ന് ബിജിബാല്‍

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ നടത്തിയ കരുണ സംഗീത നിശ സാമ്പത്തികമായി വന്‍ പരാജയമായിരുന്നുവെന്ന് ഫൗണ്ടേഷന്‍ പ്രസിഡണ്ട് ബിജിബാല്‍. പരിപാടിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണങ്ങള്‍ക്ക് ഫേസ് ബുക്ക് ലൈവിലൂടെ മറുപടി പറയുകയായിരുന്നു ബിജിബാല്‍. 23 ലക്ഷം രൂപ ചെലവായ പരിപാടിയില്‍ 6,21,936 രൂപയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

4,000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓണ്‍ലൈന്‍ വഴിയുള്ള 908 ടിക്കറ്റടക്കം 1000 ടിക്കറ്റാണ് വിറ്റത്. ബാക്കി 3,000 സൗജന്യ പാസുകളായിരുന്നു. എംപി, എംഎല്‍എമാര്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, സംഗീത വിദ്യാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയ്ക്കും സൗജന്യ പാസ് നല്‍കി. ബുക്ക് മൈ ഷോ വഴി 7,35,500 രൂപയും കൗണ്ടര്‍ വഴി 39,000 രൂപയും സമാഹരിച്ചു. ആകെ 7,74,500 രൂപ. ജിഎസ്ടിയും പ്രളയ സെസും ബാങ്ക് സര്‍വീസ് ചാര്‍ജും കഴിഞ്ഞ് 6,21,936 രൂപയാണ് ബാക്കിയുണ്ടായത്.

ദുരിതാശ്വാസ നിധിയിലേക്ക് 6,22,000 രൂപ കൈമാറി.സ്റ്റേജ്, ലൈറ്റ് ആന്റ് സൗണ്ട്, യാത്രകള്‍, ജനറേറ്റര്‍ എന്നിവയുള്‍പ്പെടെ 23 ലക്ഷമാണ് ചെലവായത്. അംഗങ്ങളുടെ പക്കല്‍ നിന്ന് സംഘടനയിലേക്ക് വായ്പയായി പണം സ്വീകരിച്ചാണ് കടം നികത്തിയതെന്നും ബിജിബാല്‍ പറഞ്ഞു.

പരിപാടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന് പ്രചരിപ്പിച്ചല്ല പരിപാടി സംഘടിപ്പിച്ചത്. സംഗീത നിശയില്‍ പങ്കെടുത്ത കലാകാരന്മാര്‍ പണം കൈപ്പറ്റിയിട്ടില്ല.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയോ എന്ന് ചോദിച്ച് സംഘടനയ്ക്കോ സംഘാടകര്‍ക്കോ കത്ത് ലഭിച്ചിട്ടില്ല. സാമ്പത്തികമായി സംഗീത നിശ പരാജയമായിരുന്നുവെങ്കിലും കലാപരമായി വിജയംതന്നെയായിരുന്നുവെന്നും ബിജിബാല്‍ പറഞ്ഞു.

വസ്തുത അറിയാതെയുള്ള ആരോപണങ്ങളില്‍ തളരില്ലെന്നും ഓരോ വര്‍ഷവും അഞ്ച് ദിവസത്തെ അന്താരാഷ്ട്ര സംഗീതോത്സവം നടത്താനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി ഷഹബാസ് അമന്‍ വ്യക്തമാക്കി. ഫൗണ്ടേഷനെതിരായി നടക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഫൗണ്ടേഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ആഷിഖ് അബു, സിത്താര, ട്രഷറര്‍ മധു സി നാരായണന്‍, ശ്യാം പുഷ്‌കരന്‍, കെ എം കമല്‍ എന്നിവരും ഫേസ് ബുക്ക് ലൈവില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here