കമല്‍ഹാസന്‍ സെറ്റിലെ അപകടം; സമാനമായത് വിജയ് സിനിമ ചിത്രീകരണത്തിനിടെയിലും; വെളിപ്പെടുത്തലുമായി അമൃത

ഇന്നലെ അപകടം നടന്ന പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനില്‍ വിജയ് ചിത്രം ബിഗിലിന്റെ ചിത്രീകരണ സമയത്തും അപകടം നടന്നിരുന്നെന്ന് വെളിപ്പെടുത്തി നടി അമൃത.

ഈ സ്ഥലത്ത് സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്നും മോശമായ എന്തോ ഒന്ന് അവിടെയുണ്ടെന്നും അമൃത പറഞ്ഞു.

”വളരെ വേദനാജനകമായ സംഭവമാണിത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗില്‍ ചിത്രീകരിക്കുമ്പോള്‍ ഒരാളുടെ ദേഹത്ത് വീണത്. അന്ന് ഞങ്ങളെല്ലാം ഇതിന് സമാനമായി മാനസികമായി തകര്‍ന്നു പോയിരുന്നു. അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്.” അമൃത പറയുന്നു.

ഇന്നലെ കമല്‍ഹാസന്‍ ചിത്രമായ ഇന്ത്യന്‍ 2വിന്റെ ചിത്രീകരണത്തിനിടയാണ് അപകടം നടന്നത്.

ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ സംവിധായകന്‍ ശങ്കറിനു കാലിന് പരുക്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അപകടത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ (34), ആര്‍ട്ട് അസിസ്റ്റന്റ് ചന്ദ്രന്‍ (60), പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മധു (29) എന്നിവരാണ് മരിച്ചത്. ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അപകടം നടക്കുമ്പോള്‍ കമല്‍ഹാസനും സ്ഥലത്തുണ്ടായിരുന്നു. അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ അദ്ദേഹമാണ് മുന്‍കൈ എടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here