അവിനാശി അപകടം: മരണം 19; ഡ്രൈവറും കണ്ടക്ടറും മരിച്ചു; മൂന്നുപേരുടെ നില ഗുരുതരം; അടിയന്തരസഹായം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും

പാലക്കാട്: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു.

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 23 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.

കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവറും കണ്ടക്ടറും മരിച്ചെന്ന് ഗതാഗതമന്ത്രിയും തിരുപ്പൂര്‍ ജില്ലാ ഭരണകൂടവും സ്ഥിരീകരിച്ചു.
ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായിരുന്ന വി ആര്‍ ബൈജു, ഗിരീഷ് എന്നിവരാണ് മരിച്ചത്.

മരിച്ചവരില്‍ തിരിച്ചറിഞ്ഞവര്‍:

രാഗേഷ് (35) പാലക്കാട്, ജിസ്‌മോന്‍ ഷാജു (24) തുറവൂര്‍, നസീഫ് മുഹമ്മദ് അലി (24) തൃശൂര്‍, ബൈജു (47) അറക്കുന്നം, ഐശ്വര്യ (28), ഇഗ്‌നി റാഫേല്‍ (39) തൃശ്ശൂര്‍, കിരണ്‍ കുമാര്‍ (33), ഹനീഷ് (25) തൃശ്ശൂര്‍, ശിവകുമാര്‍ (35) ഒറ്റപ്പാലം, ഗിരീഷ് (29) , റോസ്ലി പാലക്കാട്.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍

പാലക്കാട് ഡിപിഒയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍: 9447655223, 0491 2536688
കെഎസ്ആര്‍ടിസി ഹെല്‍പ് ലൈന്‍ നമ്പര്‍: 9495099910
കേരളാ പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍: 9497996977, 9497990090, 9497962891
തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 7708331194

മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഡിജിപിയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും ഡിജിപിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ഇന്നലെ വൈകിട്ടാണ് ബസ് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്.

ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് സൂചനയുണ്ട്. ടയര്‍ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി.

പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അടിയന്തരസഹായം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം


തിരുവനന്തപുരം:
കോയമ്പത്തൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തമിഴ്നാട് സര്‍ക്കാരുമായും തിരുപ്പൂര്‍ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശിച്ചു.

പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആംബുലന്‍സുകള്‍ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്ത് കനിവ് 108 ആംബുലന്‍സുകളും പത്ത് മറ്റ് ആംബുലന്‍സുകളുമാണ് അയയ്ക്കുന്നത്.

പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും ഇവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News