അവിനാശി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം; പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും; മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു, 18 മലയാളികള്‍

തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അടിയന്തരസഹായമായി 2 ലക്ഷം രൂപയും നല്‍കും. ബാക്കി എട്ടു ലക്ഷം ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

അതേസമയം, അപകടത്തില്‍ മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ 18 പേര്‍ മലയാളികളാണ്.

ബസ് ഡ്രൈവര്‍ ഗിരീഷ് (29), കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വല്ലത്തില്‍ ബൈജു (47), രാഗേഷ് (35) -പാലക്കാട്, ജിസ്മോന്‍ ഷാജു (24) -തുറവൂര്‍, നസീഫ് മുഹമ്മദ് അലി(24) -തൃശ്ശൂര്‍, ഐശ്വര്യ (28) എറണാകുളം, ഇഗ്നി റാഫേല്‍ (39) -തൃശൂര്‍ , കിരണ്‍ കുമാര്‍ എം എസ് (33) തൃശൂര്‍, ഹനീഷ് (25) -തൃശ്ശൂര്‍, ശിവകുമാര്‍ (35) -ഒറ്റപ്പാലം, ശിവശങ്കര്‍ പി (30)എറണാകുളം, കെ വി അനു(25)കൊല്ലന്നൂര്‍ ഹൗസ്,തൃശൂര്‍, ജോഫി പോള്‍(30) തൃശൂര്‍, യേശുദാസ് എറണാകുളം, ഗോപിക(25)എറണാകുളം, എംസി മാത്യു(30) എറണാകുളം, കെ തങ്കച്ചന്‍(40) എറണാകുളം, മാനസി മണികണ്ഠന്‍(25) ബാംഗ്ലൂര്‍ എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂര്‍ സേലം ബൈപാസില്‍ അവിനാശിയില്‍ പുലര്‍ച്ചെ മൂന്നേകാലിനാണ് അപകടമുണ്ടായത്.

മൃതദേഹങ്ങള്‍ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ബസ്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്.

ടയര്‍ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി.

ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരില്‍ പലരെയും പുറത്തെടുത്തത്. അപകടസമയം യാത്രക്കാരില്‍ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു.

തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തുനിന്നു ബംഗളൂരുവിലേക്കു പോയത്. യാത്രക്കാരില്ലാത്തതിനാല്‍ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

രണ്ടു ക്രെയിനുകള്‍ സ്ഥലത്തെത്തിച്ച് ബസ് റോഡില്‍നിന്ന് നീക്കി. ഇടിച്ച കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ടൈലുകളും മറ്റും ലോറികളില്‍ മാറ്റി. കണ്ടെയ്‌നര്‍ ലോറിയില്‍ പൂര്‍ണമായും ടൈലുകള്‍ നിറച്ചിരുന്നു. ഇത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. നടപടികള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ അപകടസ്ഥലത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News