കൊച്ചി: മാരിയമ്മന്‍ കോവിലിലെ ഉത്സവത്തിന് പറകൊടുക്കണം, ശിവരാത്രിക്ക് അച്ഛനോടും അമ്മയോടും ഒപ്പം വീട്ടില്‍ നില്‍ക്കണം. ഔദ്യോഗികാവശ്യത്തിന് ബംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുമ്പോള്‍ ഐശ്വര്യയുടെ ആഗ്രഹങ്ങള്‍ പലതായിരുന്നു. പക്ഷേ, വഴിയില്‍ എല്ലാം പൊലിഞ്ഞു.
വ്യാഴാഴ്ച രാത്രി ശാന്തിനഗര്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് കൈവീശി ഐശ്വര്യയെ യാത്രയാക്കിയാണ് ഭര്‍ത്താവ് ആശിന്‍ മടങ്ങിയത്. ബംഗളൂരുവില്‍ ഏണസ്റ്റ് ആന്‍ഡ് യങ് സോഫ്റ്റ്വെയര്‍ കമ്പനിയിലെ കണ്‍സള്‍ട്ടന്റാണ് ഐശ്വര്യ.
ഒരുവര്‍ഷം മുമ്പായിരുന്നു കോഴിക്കോട് സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ആശിനുമായുള്ള വിവാഹം. വിവാഹത്തിനുശേഷം ഇരുവരും ബംഗളൂരുവിലായിരുന്നു. ഒരുമാസംമുമ്പ് ഐശ്വര്യ എറണാകുളത്തെ വീട്ടില്‍ വന്നുപോയിരുന്നു.
വെള്ളിയാഴ്ച കാക്കനാട് നടക്കുന്ന ഔദ്യോഗിക മീറ്റിങ്ങിലും പങ്കെടുത്ത് ഞായറാഴ്ച വൈകിട്ട് ബംഗളൂരുവിന് മടങ്ങാനായിരുന്നു ഐശ്വര്യയുടെ തീരുമാനം. മകളുടെ വരവും കാത്തിരുന്ന എറണാകുളം പോണേക്കര അമ്മന്‍കോവില്‍ റോഡില്‍ സാരംഗില്‍ ഗോപകുമാറിനെയും രാജശ്രീയെയും തേടിയെത്തിയത് ദുരന്തവാര്‍ത്തയാണ്.
ഉടന്‍ ഗോപകുമാറും അടുത്ത ബന്ധുക്കളും അവിനാശിയിലേക്ക് തിരിച്ചു. ബംഗളൂരുവില്‍നിന്ന് ആശിനും എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വെള്ളിയാഴ്ച വീട്ടുവളപ്പിലാണ് സംസ്‌കാരം.
Get real time update about this post categories directly on your device, subscribe now.