അനധികൃത സ്വത്ത് സമ്പാദന കേസ്: വീട്ടിൽ റെയ്‌ഡ്‌; ശിവകുമാറിനെ ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എംഎൽഎയുടെയും മറ്റ്‌ മൂന്ന്‌ പ്രതികളുടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടന്നു. നീണ്ട 19 മണിക്കൂറിലേറെ ആണ് റെയ്ഡ് നീണ്ട് നിന്നത്. റെയ്ഡില്‍ നിരവധി രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.

രണ്ടാം പ്രതി എം രാജേന്ദ്രൻ, മൂന്നാം പ്രതി ഡ്രൈവർ ഷൈജുഹരൻ, നാലാം പ്രതി അഡ്വ. എൻ എസ് ഹരികുമാർ എന്നിവരുടെ വീടുകളിലും റെയ്‌ഡ്‌ നടത്തി. നാലുപേർക്കുമെതിരെ കഴിഞ്ഞ ദിവസം വിജിലൻസ്‌ കേസെടുത്തിരുന്നു.

ശിവകുമാറിന്റെ ശാസ്തമംഗലത്തിനടുത്ത ‘ ശ്രീരംഗം’ വീട്ടിലാണ്‌ എസ്‌പി വി എസ്‌ അജിയുടെ നേതൃത്വത്തിൽ റെയ്‌ഡ്‌ നടത്തിയത്‌. രാവിലെ എട്ടരയോടെ ആരംഭിച്ച റെയ്ഡ് രാത്രി വൈകുംവരെ നീണ്ടു. ഈ സമയം ശിവകുമാർ വീട്ടിലുണ്ടായിരുന്നു. ബാങ്ക് നിക്ഷേപങ്ങൾ, ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ആധാരങ്ങൾ, സ്വർണം തുടങ്ങിയവയുടെ വിവരങ്ങൾ പരിശോധിച്ചു. ഇതേസമയമായിരുന്നു മറ്റ്‌ മൂന്ന്‌ വീടുകളിലും റെയ്‌ഡ്‌. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മൂന്ന്‌ തവണ വിജിലൻസ്‌ വി എസ്‌ ശിവകുമാറിനെ ചോദ്യംചെയ്‌തിരുന്നു.

19 മണിക്കൂറിലേറെ നീണ്ട റെയ്ഡ് ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. ഇന്നലെ രാവിലെ 8.30 യോടെ ആരംഭിച്ച റെയ്ഡില്‍ നിരവധി രേഖകളും, തെളിവുകളുമാണ് വിജിലന്‍സ് പരിശോധിച്ചത്. ഒരേ സമയം വിഎസ് ശിവകുമാറിന്‍റെ വീട്ടിലും ബിനാമികളായ ശാന്തിവിള രാജേന്ദ്രന്‍, ബ്ലേഡ് ഹരി, ശിവകുമാറിന്‍റെ ഡ്രൈവര്‍ ഷൈജുഹരന്‍ എന്നീവരുടെ വീടുകളിലുമായിരുന്നു പരിശോധന.

കനത്ത പോലീസ് സുരക്ഷയിലായിരുന്നു ശിവകുമാറിന്‍റെ ശാസ്തമംഗലത്തെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വീട്ടിലുണ്ടായിരുന്ന വിഎസ് ശിവകുമാറില്‍ നിന്ന് വിജിലന്‍സ് മൊ‍ഴി രേഖപെടുത്തി. ആഭരണങ്ങള്‍ , ഭൂമി സംബന്ധമായ രേഖകള്‍, മന്ത്രിയായിരുന്നപ്പോള്‍ ലഭിച്ച തുകയുടെ കണക്ക് എന്നീവ ചോദിച്ച് അറിഞ്ഞു.

ബിനാമികളുടെ വീട്ടില്‍ നിന്ന് നിരവധി രേഖകള്‍ വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച ശേഷമേ എത്ര രൂപയുടെ സ്വത്ത് അനധികൃതമായി സംബാദിച്ചു എന്ന് അറിയാന്‍ ക‍ഴിയു എന്ന നിലപാടിലാണ് വിജിലന്‍സ്. രേഖകളുടെ പരിശോധന പൂര്‍ത്തിയായതിന് ശേഷം വിഎസ് ശിവകുമാറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here