മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോ

ആധുനിക മനുഷ്യജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ കൃതിയാണ്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോയെന്ന് എം എ ബേബി. ദേശാഭിമാനിയിൽ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എഴുതിയ ലേഖനം.

മതഗ്രന്ഥങ്ങൾ ഒഴിച്ചുനിർത്തിയാൽ ആധുനിക മനുഷ്യജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ കൃതിയാണ്‌ കഷ്ടിച്ച്‌ 42 പേജുള്ള കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോ. നമുക്കിന്നറിയാവുന്നതുപോലെ മതങ്ങളിലും അതിലെ ആശയങ്ങളുടെ സ്വാധീനമുണ്ട്‌. ‘വിമോചന ദൈവശാസ്‌ത്രം’ പോലെയുള്ള പ്രവണതകളും പ്രസ്ഥാനങ്ങളും ഉദാഹരണം. അതിന്റെ പ്രസിദ്ധീകരണം 172 വർഷംമുമ്പ്‌ ഇന്നേ ദിവസമാണ്‌ നടന്നത്‌.

അതും അതിന്റെ ആമുഖങ്ങളും (മാർക്‌സും ഏംഗൽസും ചേർന്ന്‌ രണ്ടും ഏംഗൽസ്‌ തനിച്ച്‌ നാലും പതിപ്പുകൾക്ക്‌ എഴുതിയിട്ടുണ്ട്‌) പിൽക്കാല പഠനങ്ങളും ഈ ദിനത്തിൽ ലോകമെമ്പാടും ചർച്ച ചെയ്യുന്നു. മനുഷ്യജീവിതത്തെയും സമൂഹവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും കുറിച്ചുള്ള ഗൗരവപൂർണമായ ഒരു ചർച്ചയും മാനിഫെസ്‌റ്റോയിലെ ആശയങ്ങളെ സ്‌പർശിക്കാതെ നടത്തുന്നത്‌ അർഥവത്താകില്ലെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ മുന്നോട്ടുവച്ച മുഖ്യആശയം ചൂഷണരഹിതമായ ഒരു സമൂഹസൃഷ്ടി ആവശ്യമാണെന്നും അതിന്‌ നേതൃത്വം കൊടുക്കാനുള്ള സമരോപകരണത്തെ–- തൊഴിലാളിവർഗം സൃഷ്ടിക്കുന്നത്‌ യജമാനൻ–- മുതലാളിവർഗം ആണെന്നും അത്‌ സമഗ്രമായ സ്വാതന്ത്ര്യത്തിന്റെ പുതുയുഗപ്പിറവിക്ക്‌ വഴിതുറക്കുമെന്നുമാണ്‌.

‘തൊഴിലാളികളും കമ്യൂണിസ്റ്റുകാരും ’ എന്ന ഭാഗം സമാപിക്കുന്നത്‌ ഇപ്രകാരമാണ്‌: ‘രാഷ്‌ട്രീയാധികാരം, ശരിയായി പറഞ്ഞാൽ മറ്റൊരു വർഗത്തെ മർദിക്കുവാനുള്ള ഒരു വർഗത്തിന്റെ സംഘടിതശക്തി മാത്രമാണ്‌. ബൂർഷ്വാസിയുമായുള്ള പോരാട്ടത്തിനിടയിൽ പരിതഃസ്ഥിതികളുടെ നിർബന്ധംകൊണ്ട്‌ തൊഴിലാളിവർഗത്തിന്‌ ഒരു വർഗമെന്നനിലയ്‌ക്ക്‌ സ്വയം സംഘടിക്കേണ്ടി വരുന്നുണ്ടെങ്കിൽ ഒരു വിപ്ലവംമൂലം അത്‌ സ്വയം ഭരണാധികാരി വർഗമായിത്തീരുകയും ആ നിലയ്‌ക്ക്‌ ഉൽപ്പാദനത്തിന്റെ പഴയ സാഹചര്യങ്ങളെ ബലംപ്രയോഗിച്ച്‌ തുടച്ചുനീക്കുകയും ചെയ്യുന്നുവെങ്കിൽ ഈ സാഹചര്യങ്ങളോടൊപ്പം വർഗവൈരങ്ങളുടെയും പൊതുവിൽ വർഗങ്ങളുടെയും നിലനിൽപ്പിനുള്ള സാഹചര്യങ്ങളും അത്‌ തുടച്ചുനീക്കുന്നതായിരിക്കും.

വർഗങ്ങളും വർഗവൈരങ്ങളുമുള്ള പഴയ ബൂർഷ്വാ സമൂഹത്തിന്റെ സ്ഥാനത്ത്‌, ഓരോരുത്തരും സ്വതന്ത്രരായി വളർന്നുവന്നാൽ മാത്രം എല്ലാവരും സ്വതന്ത്രമായി വളരുന്ന ഒരു സമൂഹം നമുക്ക്‌ ലഭിക്കുന്നതായിരിക്കും’

ഭരണകൂടം തന്നെ കൊഴിഞ്ഞുപോകുന്ന ഒരു ഭാവിയെ സംബന്ധിച്ച ശാസ്‌ത്രീയമായ വിപ്ലവ ചിന്തയാണ്‌ ഈ ലഘു കൃതിയിലുള്ളതെന്ന്‌ ചുരുക്കം. മാർക്‌സും ഏംഗൽസും ചേർന്നെഴുതിയ അനന്തര രചനകളിലെല്ലാം വിസ്‌തരിച്ച്‌ സൂക്ഷ്‌മമായി ചർച്ച ചെ‌യ്യുന്ന വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദ സമ്പ്രദായത്തിന്റെ സത്ത്‌ ഈ ലഘുരചനയിൽ ഏറെക്കുറെ കാണാനാകും. ആറ്റിക്കുറുക്കി ഇതിൽ പ്രതിപാദിക്കുകയോ സൂചിപ്പിക്കുകയോ ചെയ്‌തിട്ടുള്ള ആശയങ്ങളാണ്‌ മാർക്‌സും ഏംഗൽസും മാത്രമല്ല, ലെനിനും ഗ്യോയ്‌ർഗി ദിമിത്രോവും റോസാലക്‌സംബർഗും അന്റോണിയോ ഗ്രാംഷിയും മൗ സെ ദൊങ്ങും ഹോചിമിനും ചെ ഗുവേരയും ഫിദൽ കാസ്‌ട്രോയും പിന്നീട്‌ എഴുതിയോ പ്രവർത്തിച്ചോ പോരാടിയോ വികസിപ്പിച്ചത്‌.

എല്ലാ ഭൂഖണ്ഡത്തിലും വമ്പിച്ച പരിവർത്തനങ്ങൾക്ക്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോയിലെ ആശയങ്ങളും സമരമാർഗങ്ങളും വഴിതുറന്നു. അവ വലിയ തിരിച്ചടികളെയും നമ്മുടെ കൺമുന്നിൽ തന്നെ നേരിട്ടു. മുന്നേറ്റങ്ങളിൽനിന്നും പിന്നോട്ടടികളിൽ നിന്നും ശാസ്‌ത്രീയമായ അപഗ്രഥനത്തിലൂടെ ശരിയായ പാഠങ്ങൾ പഠിച്ചാൽ മാത്രമേ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ ഓരോ രാജ്യത്തും പ്രത്യേകമായും പൊതുവെ സാർവദേശീയമായും മുന്നേറാനാകൂവെന്ന വസ്‌തുതയാണ്‌ ഇപ്പോൾ തെളിഞ്ഞു കഴിഞ്ഞിട്ടുള്ളത്‌. അതു കഴിയണമെങ്കിൽ എല്ലാ പ്രശ്‌നത്തിനും മാർക്‌സും ഏംഗൽസും പരിഹാരം കണ്ടുപിടിച്ചിട്ടുണ്ടെന്ന തരത്തിൽ മതവിശ്വാസ സദൃശമായ സമീപനമല്ല കമ്യൂണിസ്റ്റുകാർ പിന്തുടരേണ്ടതെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.

1872 ജൂൺ 24ന്‌ ലണ്ടനിൽ വച്ച്‌ കാൾ മാർക്‌സും ഫ്രഡറിക്‌ ഏംഗൽസും മാനിഫെസ്‌റ്റോയുടെ പുതിയ ജർമൻ പതിപ്പിന്‌ എഴുതിയ ആമുഖത്തിലെ ഈ വരികൾ അർഥഗംഭീരമാണ്‌. ‘മാനിഫെസ്‌റ്റോയിൽത്തന്നെ പ്രസ്‌താവിച്ചിട്ടുള്ളതുപോലെ എവിടെ എപ്പോഴായാലും ശരി, ഈ തത്വങ്ങൾ പ്രയോഗത്തിൽ വരുത്തുന്ന കാര്യം അപ്പോൾ നിലവിലുള്ള ചരിത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടാണ്‌ രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ നിർദേശിച്ചിട്ടുള്ള വിപ്ലവനടപടികളുടെ കാര്യത്തിൽ പ്രത്യേക ഊന്നൽ കൊടുക്കാതിരുന്നിട്ടുള്ളത്‌.

ഇന്നായിരുന്നെങ്കിൽ ആ ഭാഗം പലപ്രകാരത്തിലും വ്യത്യസ്‌ത രീതിയിലാകും എഴുതുക. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ആധുനിക വ്യവസായത്തിലുണ്ടായിട്ടുള്ള വമ്പിച്ച പുരോഗതി, അതിനെ തുടർന്ന്‌ തൊഴിലാളിവർഗത്തിന്റെ പാർടി സംഘടനയ്‌ക്ക്‌ കൈവന്നിട്ടുള്ള അഭിവൃദ്ധിയും വികാസവും, ആദ്യം ഫെബ്രുവരി വിപ്ലവത്തിൽനിന്നും പിന്നീട്‌ അതിലും ഉപരിയായ തൊഴിലാളിവർഗത്തിന്‌ ചരിത്രത്തിലാദ്യമായി രണ്ടു മാസം തികച്ചും രാഷ്‌ട്രീയാധികാരം കൈവശംവയ്‌ക്കാൻ ഇടയാക്കിയ പാരീസ്‌ കമ്യൂണിൽനിന്നും ലഭിച്ച പ്രായോഗികാനുഭവങ്ങൾ ഇതെല്ലാം വച്ചുനോക്കുമ്പോൾ ഈ പരിപാടി ചില വിശദാംശങ്ങളിൽ പഴഞ്ചനായി തീർന്നിട്ടുണ്ട്‌. ’ സ്വന്തം സൃഷ്ടിയായ ഒരു ഉജ്വലകൃതിയെ എത്ര വികാര രഹിതമായ ചരിത്രാവബോധത്തോടെയാണ്‌ ഇരുവരും വിശകലന വിധേയമാക്കുന്നതെന്ന്‌ ഇവിടെ കാണാം.

നിശിതമായ വിമർശനവും സ്വയം വിമർശനവുമാണ്‌ വൈരുധ്യാത്മകമായി കമ്യൂണിസ്റ്റുകാർ എപ്പോഴും പിന്തുടരേണ്ട സമ്പ്രദായമെന്നും അതു മാത്രമേ പിന്നോട്ടടികൾ ഒഴിവാക്കി നിരന്തരമുന്നേറ്റത്തിന്‌ സാഹചര്യമൊരുക്കൂവെന്നും ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോൾ–- ശരിയായിത്തന്നെ നോക്കിയാൽ–- നമുക്ക്‌ മനസ്സിലാക്കാനാകും. അവർ തുടർന്നെഴുതുന്നു ‘ഇങ്ങനെയൊക്കെ ആണെങ്കിൽക്കൂടി ഈ മാനിഫെസ്‌റ്റോ ചരിത്രപ്രധാനമായ ഒരു രേഖയായിത്തീർന്നിട്ടുണ്ട്‌. അതിനെ മാറ്റാൻ ഞങ്ങൾക്കും ഇനിമേൽ അധികാരമില്ല. 1847 മുതൽ ഇന്നുവരെയുള്ള വിടവ്‌ നികത്തിക്കൊണ്ടുള്ള മുഖവുരയോടു കൂടിയ ഒരു പതിപ്പ്‌ ഒരുപക്ഷേ പിന്നീട്‌ പ്രസിദ്ധീകരിച്ചേക്കാം. ഈ പതിപ്പിൽ അതിനുള്ള സമയം ഞങ്ങൾക്ക്‌ ലഭിച്ചില്ല. അത്ര അപ്രതീക്ഷിതമായിരുന്നു അത്‌.’

സമഗ്രമായ പുനരവലോകനത്തോടു കൂടിയ കാലോചിതമാക്കൽ അവർക്ക്‌ നിർവഹിക്കാനായില്ല എന്നതാണ്‌ വസ്‌തുത. അതവർ ചരിത്രത്തിന്‌ വിട്ടുകൊടുത്തെന്നു കരുതാവുന്നതാണ്‌

1882ലെ റഷ്യൻ പതിപ്പിനായി ജനുവരി ഒന്നിന്‌ എഴുതിയതാണ്‌ ഇരുവരും ചേർന്നെഴുതിയ കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോയുടെ അവസാനത്തെ മുഖവുര. 1883ലെ ജർമൻ പതിപ്പിനുള്ള മുഖവുര എഴുതുമ്പോൾ കാൾ മാർക്‌സ്‌ മരിച്ച്‌ ഏതാനും മാസം കഴിഞ്ഞിരുന്നു. 1872ലെ ജർമൻ പതിപ്പിന്റെ മുഖവുരയിൽ ‘ഒരുപക്ഷേ’ ചെയ്യാമെന്ന്‌ എഴുതിയ ‘വിടവ്‌ നികത്തു’ന്ന മുഖവുരയായിരുന്നില്ല 1882ലെ റഷ്യൻ പതിപ്പിന്‌ ഇരുവരും ചേർന്നെഴുതിയത്‌. ‘റഷ്യ യൂറോപ്പിലെ വിപ്ലവപ്രവർത്തനത്തിന്റെ മുന്നണിയായിത്തീർന്നിരിക്കുന്നു’ എന്ന്‌ 1917ലെ ഒക്ടോബർ സോഷ്യലിസ്റ്റ്‌ വിപ്ലവത്തെ മുൻകൂട്ടി പ്രവചിക്കുന്നതുപോലുള്ള നിരീക്ഷണങ്ങൾ അതിൽ ഉണ്ടെന്നത്‌ ശരിതന്നെ. എന്നാൽ, സമഗ്രമായ പുനരവലോകനത്തോടു കൂടിയ കാലോചിതമാക്കൽ അവർക്ക്‌ നിർവഹിക്കാനായില്ല എന്നതാണ്‌ വസ്‌തുത. അതവർ ചരിത്രത്തിന്‌ വിട്ടുകൊടുത്തെന്നു കരുതാവുന്നതാണ്‌.

ഇന്ന്‌ മുതലാളിത്തവ്യവസ്ഥ ഗുരുതരമായ പ്രതിസന്ധികളിൽ തുടരുന്നതാണ്‌ നാം കാണുന്നത്‌. ഉൽപ്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്റെ 70 മുതൽ 80 ശതമാനംവരെ അതിസമ്പന്നരായ ഒരു ശതമാനം ചൂഷകർ കൈയടക്കുകയും മഹാഭൂരിപക്ഷം ദാരിദ്ര്യത്തിലും തൊഴിലില്ലായ്‌മയിലും പട്ടിണിയിലും അജ്ഞതയിലും രോഗത്തിലും കുറ്റകൃത്യങ്ങളിലും ആത്മഹത്യയിലും സാംസ്‌കാരികത്തകർച്ചയിലും പെട്ടുഴലുകയും ചെയ്യുന്ന വിരോധാഭാസം മൂർച്ഛിച്ചുകൊണ്ടിരിക്കുകയാണ്‌.

മുതലാളിത്ത ചൂഷകവ്യവസ്ഥയുടെ ലാഭം പരമാവധിയാക്കാനുള്ള ഹീനമായ ആസക്തി സർവ വിനാശകരമായ പ്രകൃതിനാശത്തിലേക്കു നീങ്ങുന്നതും മുതലാളിത്തലോകം ഗൗനിക്കുന്നില്ല. വംശീയ കടന്നാക്രമണങ്ങളും കുടിയേറ്റ വിരുദ്ധവികാര സൃഷ്ടിയും വെട്ടിപ്പിടിത്ത യുദ്ധങ്ങളും ഭീകരവാദ സ്‌ഫോടനങ്ങളും ലോകം അപകടകരമായ ഒരിടമാണന്ന ഭീതി വളർത്തുന്നു. ഇവയ്‌ക്കു പുറമെ മനുഷ്യസൃഷ്ടിയാണോയെന്ന ഭയം പരത്തുന്ന മരണവ്യാധികൾ പടർന്നുപിടിക്കുന്നു.

വർഗവൈരങ്ങൾ അവസാനിപ്പിച്ചുകൊണ്ട്‌ മനുഷ്യർക്ക്‌ ഒരു സമാധാന ജീവിതം രൂപപ്പെടുത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷയാണ്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോ പ്രദാനം ചെയ്യുന്നത്‌. ആ ലക്ഷ്യത്തോടെ നടന്ന ഗംഭീര പരീക്ഷണങ്ങൾ ഒരു പരിധിയോളം ചില മേഖലയിൽ വിജയിച്ചെങ്കിലും പല കാര്യത്തിലും പോരായ്‌മകളും പ്രകടമാക്കി. എന്താണ്‌ ഇതിൽനിന്നും പഠിക്കേണ്ടത്‌.

മാനിഫെസ്‌റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ ഒന്നേമുക്കാൽ നൂറ്റാണ്ട്‌ ആകാറാകുമ്പോൾ ലോകത്ത്‌ ഉൽപ്പാദനമേഖലയിലും ശാസ്‌ത്ര, സാങ്കേതിക, വൈജ്ഞാനിക രംഗങ്ങളിലും സംഭവിച്ച വൻമാറ്റങ്ങൾ അഭിസംബോധന ചെയ്‌തുകൊണ്ടു മാത്രമേ ചൂഷണരഹിതമായ ഒരു പുതുലോക സൃഷ്ടി ഇനി സാധ്യമാകുകയുള്ളൂ എന്നതാണ്‌ സർവപ്രധാനമായ കാര്യം.

കമ്യൂണിസ്റ്റ്‌ തൊഴിലാളി പാർടികളുടെ നേതൃത്വത്തിലാണ്‌ ഇന്ന്‌ ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള ജനകീയ ചൈന ഉൾപ്പെടെ കുറെ രാജ്യങ്ങളിലും, ചില രാജ്യങ്ങൾക്കുള്ളിലെ പ്രവിശ്യകളിലും ഭരണസംവിധാനങ്ങൾ പ്രവർത്തിക്കുന്നത്‌.

മുൻകാല സോഷ്യലിസ്റ്റ്‌ ഭരണാനുഭവങ്ങളിൽനിന്ന്‌ ശരിയായ പാഠങ്ങൾ പഠിച്ച്‌ ആവശ്യമായ തിരുത്തലുകൾ വരുത്തിയാലേ സമത്വപൂർണമായ ഒരു നവലോക സൃഷ്ടിക്ക്‌ സഹായകമായ സംഭാവനകൾ നൽകാൻ ഭരണനേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ പാർടികൾക്ക്‌ സാധിക്കുകയുള്ളൂ.

സോഷ്യലിസ്റ്റ്‌ ജനാധിപത്യം സർഗാത്മകമായി വികസിപ്പിക്കുന്നതിലുണ്ടായ പരിമിതികൾ സോവിയറ്റ്‌ യൂണിയനിലും കിഴക്കൻ യൂറോപ്പിലും തിരിച്ചടികളുണ്ടാകാൻ ഒരു പ്രധാന കാരണമായിട്ടുണ്ടെന്ന്‌ സിപിഐ എം ചൂണ്ടിക്കാട്ടുകയുണ്ടായി. സമ്പദ്‌‌ഘടന വികസിപ്പിക്കുന്നതിൽ ബ്യൂറോക്രാറ്റിക്കായ വാർപ്പുമാതൃകകൾ പിന്തുടർന്നതും തിരിച്ചടിക്ക്‌ വഴിവച്ചു. കമ്യൂണിസ്റ്റ്‌ സംസ്‌കാരം പാർടിയിൽ അടിമുടി വളർത്തിയെടുക്കുന്നതിൽ ഉണ്ടായ ദൗർബല്യവും കണക്കിലെടുക്കേണ്ടതുണ്ട്‌.

മാനിഫെസ്‌റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ ഒന്നേമുക്കാൽ നൂറ്റാണ്ട്‌ ആകാറാകുമ്പോൾ ലോകത്ത്‌ ഉൽപ്പാദനമേഖലയിലും ശാസ്‌ത്ര, സാങ്കേതിക, വൈജ്ഞാനിക രംഗങ്ങളിലും സംഭവിച്ച വൻമാറ്റങ്ങൾ അഭിസംബോധന ചെയ്‌തുകൊണ്ടു മാത്രമേ ചൂഷണരഹിതമായ ഒരു പുതുലോക സൃഷ്ടി ഇനി സാധ്യമാകുകയുള്ളൂ എന്നതാണ്‌ സർവപ്രധാനമായ കാര്യം. എറിക്‌ ഹോബ്‌സ്‌ബാം ഓർമിപ്പിച്ചതുപോലെ ‘ലോകം സ്വയം നേരെയാവില്ല’.

അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോയിലെ മഹത്തായ ആഹ്വാനം ‘സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ, നിങ്ങൾക്ക്‌ സ്വന്തം ചങ്ങലക്കെട്ടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല, നേടാനോ ഒരു പുതുലോകമാണുള്ളത്‌…’ സാക്ഷാൽക്കരിക്കുവാൻ നിരന്തര പഠനത്തിലൂടെയും സുശക്തമായ സംഘടനയിലൂടെയും വിപ്ലവ ചിന്തയിലൂടെയും നിലയ്‌ക്കാത്ത പോരാട്ടങ്ങളിലൂടെയും നമുക്ക്‌ കൂട്ടായി യത്‌നിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News