പതിവ് തെറ്റിക്കാതെ യാത്ര പറഞ്ഞു പോയത് തിരിച്ചു വരാത്ത യാത്രയ്ക്കായി; ബൈജുവിന്റെയും ഗിരീഷിന്റെയും മൃതദേഹങ്ങൾക്ക് മുൻപിൽ വികാരഭരിതരായി സഹപ്രവർത്തകർ

അവിനാശിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കെഎസ്ആർടിസി ജീവനക്കാരായ വി ആർ ബൈജുവിന്റെയും വിഡി ഗിരീഷിന്റെയും മൃതദേഹങ്ങൾക്ക് മുൻപിൽ വികാരഭരിതരായി സഹപ്രവർത്തകർ.

എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ജോലി ചെയ്ത വരികയായിരുന്ന ഇരുവരുടെയും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സഹപ്രവർത്തകരും നാട്ടുകാരും ഉൾപ്പടെ നൂറുകണക്കിന് ആളുകളെത്തി.

മുഖ്യമന്ത്രിക്ക് വേണ്ടി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ഗിരീഷിനും ബൈജുവിനും അന്തിമോപചാരം അർപ്പിച്ചു. ബൈജുവിന്റെ സംസ്കാര ചടങ്ങുകൾ രാവിലെ ഒന്പതരയ്ക്കും ഗിരീഷിന്റെ സംസ്കാര ചടങ്ങുകൾ രാവിലെ പത്തരയ്ക്കും നടക്കും.

പതിവ് തെറ്റിക്കാതെ ഈ ഡിപ്പോയിൽ നിന്നാണ് ബൈജുവും ഗിരീഷും ബാംഗ്ലൂരിലേക്ക് യാത്ര പറഞ്ഞു സർവീസുമായി പോയത്. എന്നാൽ അത് തിരിച്ച വരാത്തൊരു യാത്രയ്ക്ക് മുൻപുള്ള സംഭാഷണമായിരുന്നു എന്ന് ഇപ്പോഴും എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലെ സഹപ്രവർത്തകർക്ക് വിശ്വസിക്കാനായിട്ടില്ല.

തിരിപ്പൂരിന് സമീപം അവിനാഷിയിൽ വെച്ചു നിയന്ത്രണം വിട്ട കണ്ടൈനർ ലോറി ബസിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി ഇരുവരുടെയും മൃതദേഹങ്ങൾ എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ചപ്പോൾ കണ്ണീരടക്കാൻ പാട് പെടുകയായിരുന്നു സഹപ്രവർത്തകർ.

തമിഴ്‌നാട്ടിൽ നിന്നും പാലക്കാട് ജനറൽ ആശുപത്രിയിൽ എത്തിച്ച ബൈജുവിന്റെ മൃതദേഹം അവസാന വട്ട നടപടികൾ പൂർത്തിയാക്കി രാത്രി എട്ടരയോടെയാണ് ഡിപ്പോയിൽ എത്തിച്ചത്. ഭാര്യയും ബിരുദ വിദ്യാർത്ഥിനിയായ മകളും ബൈജുവിന്റെ മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആമ്പുലന്സില് വെച്ച തന്നെ കെഎസ്ആർടിസി ജീവനക്കാർ തങ്ങളുടെ പ്രിയ സഹപ്രവർത്തകന്റെ ജീവനറ്റ ശരീരം അവസാനമായി കണ്ടു.

എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് നേരിട്ടെത്തി മുഖ്യമന്ത്രിക്ക് വേണ്ടി ബൈജുവിന് അന്തിമോപചാരമർപ്പിച്ചു. രാത്രി പത്തരയോടെയാണ് മറ്റൊരു ജീവനക്കാരനായ വിഡി ഗിരീഷിന്റെ മൃതദേഹം എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ചത്. ഡിപ്പോയ്ക്ക് മുൻവശത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്ത് സഹപ്രവർത്തകർക്ക് ഗിരീഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

ഗിരീഷിന്റെ അടുത്ത ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങാൻ അവിനാശിയിൽ എത്തിയിരുന്നത്. ബൈജുവിന്റെ മൃതദേഹം ജന്മനാടായ പിറവത്തെ വീട്ടിലേക്കും ഗിരീഷിന്റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കും മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News