”നാണമില്ലേ സംഘികളേ…ഇനീം വരുമോ ഇമ്മാതിരി വ്യാജവാര്‍ത്തകളുമായി”; മറ്റൊരു നുണപ്രചരണം കൂടി പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ കോഴ്സുകളില്‍ ഹിന്ദു പെണ്‍കുട്ടികളെ ഒഴിവാക്കിയെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍.

ഒഴിഞ്ഞു കിടക്കുന്ന ക്രിസ്ത്യന്‍, മുസ്ലിം സംവരണ സീറ്റുകള്‍ നികത്താനായി അവര്‍ നല്‍കിയ പത്രപരസ്യത്തെയാണ് പച്ച നുണയും ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. സാമൂഹ്യപരമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നിശ്ചിത അനുപാതത്തില്‍ സംവരണം നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാണ് ഈ കോഴ്സുകള്‍ നടത്തുന്നത്. അങ്ങനെയുള്ളപ്പോഴാണ് വ്യാപകമായ വ്യാജപ്രചാരണം.

വ്യാജപ്രചരണത്തെ പൊളിച്ചടുക്കി പി കെ കണ്ണന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്.

#സംഘിനുണകള്‍

‘കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന കേരളത്തില്‍ എത്തിയപ്പോള്‍ ഹിന്ദുക്കള്‍ പുറത്ത്. ഇതില്‍ അപേക്ഷിക്കാവുന്നത് 18 മുതല്‍ 21 വയസ് വരെ മാത്രം പ്രായമുള്ള പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ മുസ്ലിം കുട്ടികള്‍ക്ക് മാത്രമാണ്. ഹിന്ദു പെണ്‍കുട്ടികളെ പ്രധാനമന്ത്രിയുടെ ഈ പദ്ധതിയില്‍ നിന്നും കേരളം ഒഴിവാക്കിയിരിക്കുകയാണ്.’

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ചാണക്യ ന്യൂസ് അടക്കമുള്ള സംഘപരിവാര്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു വ്യാജവാര്‍ത്തയിലെ ഏതാനും വരികളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ഒരു നുണ നൂറാവര്‍ത്തി പറഞ്ഞ് സത്യമാക്കുന്ന ഗീബല്‍സിയന്‍ തന്ത്രത്തിന്റെ ഇന്ത്യന്‍ പ്രയോക്താക്കളായ സംഘപരിവാറിന്റെ അണികളെല്ലാം ഈ വ്യാജവാര്‍ത്ത കണ്ണടച്ച് ഷെയര്‍ ചെയ്യുന്നുമുണ്ട്.

മലയാള മനോരമ പത്രത്തില്‍ ഫെബ്രുവരി 19ന് പ്രസിദ്ധീകരിച്ച ഒരു പരസ്യത്തെ തെറ്റിദ്ധാരണാജനകമായ രീതിയില്‍ അവതരിപ്പിച്ച് സമൂഹത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ടാന്‍ജി സെപ്റ്റ് എന്ന സ്വകാര്യ സ്ഥാപനം ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ ചില കോഴ്സുകള്‍ അവരുടെ മഞ്ചേരിയിലുള്ള ട്രെയിനിങ് സെന്ററില്‍ വെച്ച് പഠിപ്പിക്കുന്നുണ്ട്. പ്രസ്തുത കോഴ്സിലെ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്താനായി അവര്‍ നല്‍കിയ പത്രപരസ്യത്തെയാണ് ഗീബല്‍സിന്റെ ഇന്ത്യന്‍ പ്രതിരൂപമായ സംഘപരിവാറുകാര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ കീഴില്‍ മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസ കാലയളവില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്നുണ്ട്. സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകള്‍ അടക്കമുള്ള കേരളത്തിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കോഴ്സുകള്‍ ഏറ്റെടുത്ത് നടത്താറുണ്ട്. ഇവയൊന്നും തന്നെ ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായല്ല നടത്തുന്നതും. സാമൂഹ്യപരമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നിശ്ചിത അനുപാതത്തില്‍ സംവരണം നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിച്ചു മാത്രമേ ഈ കോഴ്സ് നടത്തിക്കൊണ്ട് പോകുവാന്‍ സാധിക്കൂ. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 50%, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 15 ശതമാനം എന്നിങ്ങനെയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സംവരണം. ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്ക് 3 ശതമാനം സീറ്റുകള്‍ ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും ഈ കോഴ്സിന് ചേരുന്നവരില്‍ മൂന്നിലൊന്ന് പേര്‍ സ്ത്രീകള്‍ ആയിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ www.ddugky.gov.in എന്ന വെബ്സൈറ്റില്‍ സംവരണ അനുപാതത്തെക്കുറിച്ച് വ്യക്തമായി വിവരിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള സംവരണം നടപ്പിലാക്കാന്‍ ശ്രമിച്ച ഒരു സ്ഥാപനത്തെയും അതിനായി അവര്‍ നല്‍കിയ പത്രപരസ്യത്തെയും കുറിച്ച് തെറ്റായ രീതിയില്‍ വാര്‍ത്ത ചമച്ച് നിഷ്‌കളങ്കരായ ഹിന്ദുക്കള്‍ക്കിടയില്‍ മതവികാരം ഉണര്‍ത്തി നാട്ടില്‍ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഈ കോഴ്സ് ക്രിസ്ത്യാനികള്‍ക്കോ മുസ്ലീമുകള്‍ക്കോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നത് അറിയാഞ്ഞിട്ടല്ല അവര്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

പകര്‍ച്ചവ്യാധി പടര്‍ത്താനുള്ള നിയോഗം കൊതുകിന്റെ തലവിധിയാണല്ലോ. ബോധവത്കരണം നടത്തി ആ ജീവിയെ നേര്‍വഴിക്ക് നയിക്കാനാവില്ല. അതു പോലെയാണ് നുണപ്രചരണം നടത്തുന്ന സംഘപരിവാര്‍ അണികളുടെ കാര്യവും. നുണയല്ലാതെ മറ്റൊന്നും എഴുതാനോ പറയാനോ പ്രചരിപ്പിക്കാനോ അവര്‍ക്കു കഴിയില്ല. അതവരുടെ ജന്മവാസനയാണ്. പച്ചക്കള്ളവും വ്യാജവാര്‍ത്തകളും പടച്ചുവിട്ട് രാജ്യത്ത് ആസൂത്രിതമായി നടപ്പിലാക്കിയ കലാപങ്ങള്‍ കൊണ്ട് മാത്രം രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ സംഘപരിവാറുകാര്‍ വസ്തുതാപരമായി സംവദിക്കുമെന്നോ അന്തസായി വാദപ്രതിവാദം നടത്തുമെന്നോ പ്രതീക്ഷിക്കുക വയ്യ. അവര്‍ തുടര്‍ച്ചയായി നുണ പറയും. ഒരാളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ലാഭം.

ഉളുപ്പില്ലേ സംഘികളേ…. ഇനീം വരുമോ ഇമ്മാതിരി വ്യാജ വാര്‍ത്തകളുമായി ഇതു വഴി….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News