അവിനാശി വാഹനാപകടം; മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; നാടിനാകെ നൊമ്പരമായി പ്രിയപ്പെട്ടവരുടെ കണ്ണീര്‍

അവിനാശി വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. വൈകാരികമായ രംഗങ്ങള്‍ക്കാണ് പല വീടുകളും സാക്ഷ്യം വഹിച്ചത്. ഉറ്റവരെ ലക്ഷ്യം വച്ചുള്ള യാത്രയില്‍ പലരും പാതി വഴിയില്‍ വിടപറഞ്ഞു പോയത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നാടിനാകെ നൊമ്പരമായി പ്രിയപ്പെട്ടവരുടെ കണ്ണീര്‍…

ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ അകാലത്തില്‍ വിട പറഞ്ഞു പോയവര്‍, അപ്രതീക്ഷിത വിയോഗത്തില്‍ നാടൊന്നടങ്കം തേങ്ങലടക്കാനാകാത്ത അസ്ഥയിലാണ്.

യാത്രക്കാരുടെ പ്രിയപ്പെട്ട ഡ്രൈവര്‍മാരായ ബൈജുവിനും ഗിരീഷിനും കണ്ണീരണിഞാണ് നാട് യാത്രാമൊഴി നല്‍കിയത്.ബൈജുവിന്റെ മൃതദേഹം പിറവം വെളിയനാട് വീട്ടുവളപ്പിലും ഗിരീഷിന്റെ മൃതദേഹം ഒക്കല്‍ എസ്എന്‍ഡിപി ശ്മശാനത്തിലും സംസ്‌ക്കരിച്ചു. കെഎസ്ആര്‍ടിസിയിലെ സഹപ്രവര്‍ത്തകരടക്കം ആയിരങ്ങള്‍ ഇവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശികളായ ആറു പേരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു. അണ്ടത്തോട് സ്വദേശി നസീഫ് മുഹമ്മദ് എരുമപ്പെട്ടി സ്വദേശി അനു അരിമ്പൂര്‍ സ്വദേശി യേശുദാസ് ചിറ്റിലപ്പള്ളിയിലെ ഹനീഷ് ചിയ്യാരം സ്വദേശി ജോഫി പോള്‍ എന്നിവരുടെ സംസ്‌കാരമാണ് നടന്നത്. ഒല്ലൂര്‍ സ്വദേശി ഇഗ്‌നി റാഫെലിന്റെ മൃതദേഹം നാളെ സംസ്‌കരിക്കും.

പാലക്കാട് സ്വദേശികളായ തിരുവേഗപുറം സ്വദേശി രാഗേഷിന്റെ മൃതദേഹം ചെറുതുരുത്തി പുണ്യ തീരത്തും. മംഗലാംകുന്ന് സ്വദേശി ശിവകുമാറിന്റെ സംസ്‌കാരം തിരുവില്ലാ മല ഐവര്‍മഠം ശ്മശാനത്തിലും, ചന്ദ്ര നഗര്‍ സ്വദേശി റോസ്ലിയുടെ മൃതദേഹം യാക്കര സെമിത്തേരിയിലും സംസ്‌കരിച്ചു.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ഗോപികയുടെ മൃതദേഹം കണ്ണന്‍കുളങ്ങരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചത്. അങ്കമാലി സ്വദേശി ജിസ്‌മോന്‍ ഷാജുവിന്റെ സംസ്‌കാര ചടങ്ങുകള്‍ തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടന്നു.

ഇടപ്പള്ളി സ്വദേശി ഐശ്വര്യയുടെ മൃതദേഹം ഇടപ്പള്ളി പോണേക്കരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ചങ്ങമ്പുഴ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. അങ്കമാലി സ്വദേശി എംസികെ മാത്യുവിനും തിരുവാണിയൂര്‍ സ്വദേശി പി ശിവശങ്കരനും നാടൊന്നാകെ കണ്ണീരോടെയാണ് വിട പറഞ്ഞത്. അകാലത്തില്‍ വേര്‍ പിരിഞ്ഞ പ്രിയപ്പെട്ടവരുടെ വേര്‍പാട് ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് നാടും നാട്ടാരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News