ഫഹദിന്റെ പരകായ പ്രവേശം, ഇതിവൃത്തം തെരഞ്ഞെടുത്ത അന്‍വര്‍ റഷീദിന്റെ തന്റേടം

ആധുനിക സമൂഹത്തില്‍ ഏറ്റവും ശക്തിയേറിയ ലഹരി മതം തന്നെയാണ്. മതത്തെ വിമര്‍ശിക്കുന്ന കലാസൃഷ്ടികള്‍ക്ക് വലിയ എതിര്‍പ്പു നേരിടേണ്ടി വരുന്ന കാലഘട്ടവുമാണ് ഇത്. മതാധിഷ്ഠിത സമകാലിക കാലഘട്ടത്തിന്റെ കടയ്ക്കല്‍ ഏല്‍പ്പിക്കുന്ന മുറിവാണ് ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ്.

വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ ട്രെയിനറിനെ ഒരു കോര്‍പ്പറേറ്റ് കമ്പനി വാടകക്കെടുക്കുന്നു. അത്ഭുത രോഗ ശാന്തി നല്‍കുന്ന ഒരു പാസ്റ്ററെ സൃഷ്ടിച്ച് കമ്പനിക്ക് കോടികള്‍ നേടുകയാണ് ലക്ഷ്യം.

ഉന്നതിയില്‍ നിന്ന് ഉന്നതിയിലേക്ക് കുതിക്കുന്ന പാസ്റ്റര്‍ ഒരു ലൈവ് ടിവി ഷോയില്‍ പങ്കെടുക്കുന്നതോടെ ആ ഗ്രൂപ്പിന്റെ ഒന്നാകെ പ്രവര്‍ത്തനം പരിശോധനാ വിധേയമാകുന്നതും അതിന്റെ അനന്തരഫലവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജീവിതത്തില്‍ എന്നും തിരിച്ചടി നേരിട്ടയാളാണ് വിജു പ്രസാദ്.ചിന്നഭിന്നമായിപ്പോയ തന്റെ കുടുംബത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടുമ്പോഴും ആളുകളെ ചിരിപ്പിക്കാന്‍ പരിശീലനം നല്‍കുകയാണ് വിജു പ്രസാദ്.എന്നാല്‍ ദുരന്തങ്ങള്‍ വിജുവിനെ പിന്തുടരുന്നു.

അനന്തരഫലമായി മുംബൈയിലെത്തിയ വിജുവിനെ കോര്‍പ്പറേറ്റ് കമ്പനി വാടകക്കെടുക്കുന്നു.വിജു പ്രസാദ് പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടനാകുന്നു.ജോഷ്വ കാള്‍ട്ടന്റെ പ്രൊഫഷണല്‍ വിജയവും പ്രതിസന്ധികളും ഒരു വ്യക്തിയെന്ന നിലയ്ക്ക് വിജു പ്രസാദിന്റെ ഉന്മാദവും ചിത്രത്തില്‍ ഇടകലര്‍ന്നു വരുന്നു.

രണ്ട് തലങ്ങളിലുളള കഥാപാത്രങ്ങളിലുടെ കടന്നു പോകുന്ന ഫഹദ് ഫാസില്‍ മലയാളത്തിലെ മാത്രമല്ല ഇന്ത്യയിലെ എണ്ണം പറഞ്ഞ നടനാണെന്ന് ട്രാന്‍സ് തെളിയിക്കുന്നു.അദ്ദേഹത്തിന്റെ രീതികള്‍ വലിയ തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചില ആത്മീയ ആള്‍ദൈവങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ഗൗതം മേനോന്‍,ചെമ്പന്‍ വിനോദ്,ദിലീഷ് പോത്തന്‍,സൗബിന്‍ സാഹിര്‍,വിനായകന്‍,ശ്രീനാഥ് ഭാസി,ജിനു എബ്രഹാം എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ലഹരിക്കടിമപ്പെട്ട എസ്തര്‍ ലോപ്പസായി നസ്രിയയും ചിത്രത്തില്‍ എത്തുന്നുണ്ട്.നസ്രിയ സാധാരണയായി തെരഞ്ഞെടുക്കുന്ന വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ട്രാന്‍സിലേത്.

ആദ്യ പകുതിയെ സംവിധായകന്‍ അന്‍വര്‍ റഷീദ് ഗംഭീരമാക്കിയിട്ടുണ്ട്.ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം പകുതി കിതക്കുന്നത് തിരിച്ചറിയാം.വിന്‍സെന്റ് വടക്കന്റെ തിരക്കഥയില്‍ പലയിടത്തും വിളളല്‍ വ്യക്തം.

മുംബൈയും കന്യാകുമാരിയും അമല്‍ നീരദിന്റെ ക്യാമറക്കണ്ണില്‍ മനോഹരം.പശ്ചാത്തല സംഗീതമാണ് എടുത്തു പറയേണ്ട മറ്റൊരു മേഖല.സുഷിന്‍ ശ്യാം-ജാക്‌സണ്‍ വിജയന്‍ കൂട്ടുകെട്ടിന്റെ പശ്ചാത്തല സംഗീതം മലയാള സിനിമയ്ക്ക് അത്ര പരിചിതമില്ലാത്ത ഉന്മാദ താളമാണ്.

എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധാന മേലങ്കി അണിയുന്നത്.മുന്നു വര്‍ഷമായി മലയാള സിനിമാലോകം ട്രാന്‍സിനെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട്.

ഈ കാത്തിരിപ്പുകളുടെ ഫലം വെറുതെയായില്ല.മലയാള സിനിമയുടെ മറ്റൊരു വേറിട്ട് നടത്തമാണ് ട്രാന്‍സ്.മതാത്മക ലോകത്ത് മതത്തിന്റെ ചൂഷണ സ്വഭാവത്തെ തുറന്നു പറയാന്‍ ചിത്രം കാട്ടുന്ന ആര്‍ജ്ജവം ട്രാന്‍സിന് വേറിട്ടൊരു മാനം നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News