അനധികൃത സ്വകാര്യ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ കഴിയാതെ ദുരിതത്തില്‍

കൊച്ചി: പരീക്ഷ എഴുതാന്‍ കഴിയാതെ അനധികൃത സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കൊച്ചി ചുള്ളിക്കലില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചു വന്നിരുന്ന അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലെ മുപ്പതോളം വിദ്യാര്‍ത്ഥികളുടെ പരീക്ഷ എഴുതാനുള്ള അപേക്ഷ സിബിഎസ്ഇ തള്ളിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഒന്‍പത്, പത്ത് ക്ലാസുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിന് അനുമതി ഇല്ലായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലായതോടെ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധവുമായി സ്‌കൂളിന് മുന്നില്‍ തടിച്ചു കൂടി.

അരൂജാസ് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലേക്ക് ഉള്ള വഴിയാണിത്. എട്ടാം ക്ലാസ് വരെ മാത്രം പ്രവേശനത്തിന് അനുമതിയുള്ള ഈ സ്‌കൂള്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നിയമ ലംഘനം നടത്തിക്കൊണ്ടിരിക്കുകയാണ്. തൃശൂരില്‍ ഉള്ള മറ്റൊരു സ്‌കൂളിലെത്തിച്ചാണ് ഇവര്‍ പരത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷ നടത്തിക്കൊണ്ടിരുന്നത്.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പഠിച്ച സ്‌കൂളിന്റെ പ്രീതിന്റെ സ്ഥാനത്ത് പരീക്ഷ എഴുതിയ സെന്ററിന്റെ പേരാണ് ഉണ്ടാവാറ്. ഈ സ്‌കൂളിന് തൊട്ടടുത്ത സ്‌കൂളിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഹാള്‍ ടിക്കറ്റിനു വേണ്ടിയുള്ള അപേക്ഷ സിബിഎസ്ഇ തള്ളിയത്.

സംഭവത്തില്‍ ജില്ലാ കളക്ടറുമായും വിദ്യാഭ്യാസ വകുപ്പുമായും സ്ഥലം എംഎല്‍എ ആയ കെജെ മാക്‌സി ബന്ധപ്പെട്ടു. എന്നാല്‍ സിബിഎസ്ഇയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പരിധിക്ക് അപ്പുറത്താണ് കാര്യങ്ങള്‍. സാധ്യമാകുന്ന ഇടപെടലുകള്‍ക്കു വേണ്ടി ദില്ലിയിലെ സംസ്ഥാന പ്രതിനിധി എ സമ്പത്തുമായി ബന്ധപ്പെടുമെന്നു കെജെ മാക്‌സി പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പലിനെയോ മറ്റു അധ്യാപകരെയോ അറിയിക്കാതെയാണ് സ്‌കൂള്‍ മാനേജര്‍ മാഗി ഈ തട്ടിപ്പ് നടത്തിയിരുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ ഭാവി അനിശ്ചിതത്വത്തില്‍ ആയ വിദ്യാര്‍ത്ഥികളില്‍ സ്‌കൂളിലെ തന്നെ അധ്യാപകരുടെയും മക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത വിവരം കുട്ടികളെ അറിയിക്കാന്‍ തുനിഞ്ഞ പ്രിന്‍സിപ്പാളിനെ അതില്‍ നിന്ന് വിലക്കിയതും മാഗി തന്നെയാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധു മോഹന്‍ പറഞ്ഞു.

ഹാള്‍ ടിക്കറ്റിനു ആവശ്യമായ രേഖകളും ഫീസ് ഇനത്തില്‍ മൂവായിരത്തി മുന്നൂറു രൂപയും സ്‌കൂള്‍ മാനേജ്മെന്റ് നേരത്തെ വാങ്ങിയിട്ടുണ്ട്. സമീപത്ത് നിരവധി പൊതു വിദ്യാലയങ്ങള്‍ ഉണ്ടായിട്ടും ഈ തട്ടിപ്പ് അറിയാതെയാണ് നിരവധി രക്ഷകര്‍ത്താക്കള്‍ കഴിഞ്ഞ ഏഴു വര്‍ഷമായി മാനേജ്മെന്റിന്റെ ചതിയില്‍ പെട്ട് പോയത്. ബുധനാഴ്ച വൈകീട്ട് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത് അനുസരിച്ച പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് സ്‌കൂളിന് അനുമതി ഇല്ലെന്ന വിവരം അറിയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here