ചൂഷണരഹിത ലോകത്തിനായി പൊരുതുന്ന തൊഴിലാളി വര്‍ഗത്തിന്റെ ഊര്‍ജ്ജമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ: പിണറായി

തിരുവനന്തപുരം: ചൂഷണരഹിതമായ ഒരു ലോകത്തിന്റെ സൃഷ്ടിക്കായി തൊഴിലാളി വര്‍ഗ്ഗം രാഷ്ട്രീയമായി സംഘടിക്കാനുള്ള മാനിഫെസ്റ്റോയുടെ ആഹ്വാനമാണ് ഇന്നും ലോകത്തെമ്പാടുമുള്ള പൊരുതുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഊര്‍ജ്ജവും ഉള്‍പ്രേരകശക്തിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മാര്‍ക്സും ഏംഗല്‍സും തൊഴിലാളിവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ സംഘാടനത്തിനുള്ള സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിച്ചുകൊണ്ട്, അവര്‍ക്കുള്ള വിപ്ലവപാത അവതരിപ്പിച്ചത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ് ചുവടെ

ഇന്ന് ലോകമെമ്പാടുമുള്ള തൊഴിലാളി വര്‍ഗ്ഗം Red Book Day ആചരിക്കുകയാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയതിന്റെ 172 ആം വാര്‍ഷികദിനത്തിലാണ് കമ്യൂണിസ്റ്റുകാര്‍ ലോകത്തിലെ അസംഖ്യം ഭാഷകളില്‍ മാനിഫെസ്റ്റോ വായിച്ചുകൊണ്ട് ചൂഷണവ്യവസ്ഥക്കെതിരായ പുതിയ പോരാട്ടങ്ങള്‍ക്കുള്ള വഴിവെട്ടം തേടുന്നത്.

ആംസ്റ്റര്‍ഡാമിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ഹിസ്റ്ററിയുടെ ആര്‍ക്കൈവ്സിലാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒറിജിനല്‍ കയ്യെഴുത്തുപ്രതി സൂക്ഷിച്ചിരിക്കുന്നത്. ഇന്നേക്ക് 172 വര്‍ഷങ്ങള്‍ക്കുമുന്‍പ്, 1848 ഫെബ്രുവരി 21 നാണ് മാനിഫെസ്റ്റോ വെളിച്ചം കണ്ടത്.

ലണ്ടനിലെ കമ്യൂണിസ്റ്റ് ലീഗിനുവേണ്ടിയാണ് മാര്‍ക്സും ഏംഗല്‍സും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതി പ്രസിദ്ധീകരിച്ചത്. ബൈബിളും ഖുര്‍ആനും കഴിഞ്ഞാല്‍ ലോകത്തേറ്റവും വായിക്കപ്പെട്ട കൃതിയും ഏറ്റവുമധികം ലോകഭാഷകളില്‍ തര്‍ജമ ചെയ്യപ്പെട്ട പുസ്തകവും ലോക തൊഴിലാളി വര്‍ഗ്ഗത്തിന്റെ സൈദ്ധാന്തിക സമരരൂപരേഖയായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ്.

മാര്‍ക്സും ഏംഗല്‍സും തൊഴിലാളിവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ സംഘാടനത്തിനുള്ള സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിച്ചുകൊണ്ട്, അവര്‍ക്കുള്ള വിപ്ലവപാത അവതരിപ്പിച്ചത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെയാണ്. നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാസമൂഹത്തിന്റെയും ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണെന്നാണ് മാനിഫെസ്റ്റോ പറഞ്ഞുവെക്കുന്നത്.

വിപ്ലവത്തിലൂടെ മുതലാളിത്തത്തെ തകര്‍ക്കുവാനുള്ള ചരിത്രപരമായ ദൗത്യം അഖിലലോക തൊഴിലാളി വര്‍ഗ്ഗത്തിനുണ്ടെന്നാണ് ഈ പുസ്തകത്തിലൂടെ മാര്‍ക്സും ഏംഗല്‍സും ആഹ്വാനം ചെയ്തത്. ചൂഷണരഹിതമായ ഒരു ലോകത്തിന്റെ സൃഷ്ടിക്കായി തൊഴിലാളി വര്‍ഗ്ഗം രാഷ്ട്രീയമായി സംഘടിക്കാനുള്ള മാനിഫെസ്റ്റോയുടെ ആഹ്വാനമാണ് ഇന്നും ലോകത്തെമ്പാടുമുള്ള പൊരുതുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഊര്‍ജ്ജവും ഉള്‍പ്രേരകശക്തിയും.

ചൂഷണം നിലനില്‍ക്കുന്ന കാലത്തോളം തൊഴിലാളി വര്‍ഗ്ഗത്തിന്റെ കയ്യിലെ ആയുധമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മുതലാളിത്തം തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് തൊഴിലാളി വര്‍ഗ്ഗ സമരങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍, അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉറച്ച ശബ്ദമാകാന്‍ നമുക്കാകേണ്ടതുണ്ട്. അതിനുള്ള ഊര്‍ജ്ജമാണ് മാനിഫെസ്റ്റോ നല്‍കുന്നത്.

Red Book Day യിലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായനയില്‍ ഞാനും പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News