പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം എല്‍ഡിഎഫ് വിപുലമാക്കും; മാര്‍ച്ച് 10മുതല്‍ ഗൃഹസന്ദര്‍ശനം

തിരുവനന്തപുരം: രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കേരളത്തിന്റെ യോജിച്ച പോരാട്ടം കുടുതല്‍ വിപുലമാക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ അഭൂതപൂര്‍വമായ പങ്കാളിത്തമായിരുന്നു.

മതപരമായി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ കേരളത്തെ ഒറ്റക്കെട്ടായി നിര്‍ത്താനായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭവും പ്രചാരണവും വിപുലമാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 10 മുതല്‍ 20വരെ എല്ലാ തദ്ദേശവാര്‍ഡുകളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും. കുടുംബസദസ്സുകള്‍ സംഘടിപ്പിക്കും.

എല്‍ഡിഎഫില്‍പെട്ടവരെയും അല്ലാത്തവരെയും ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള കൂട്ടായ്മകളില്‍ പങ്കാളികളാക്കും. തുടര്‍ച്ചയായി ഭഗത്സിങ് രക്തസാക്ഷിദിനമായ മാര്‍ച്ച് 23ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന കേന്ദ്രങ്ങളിലും ഭരണഘടനാസംരക്ഷണ പരിപാടികള്‍ സംഘടിപ്പിക്കും.

മനുഷ്യമഹാശൃംഖലയില്‍ കണ്ണികളായവരെ മുഴുവന്‍ ഈ പരിപാടികളും പങ്കാളികളാക്കും. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന ദേശവിരുദ്ധ നിയമത്തിനെതിരെ വിവിധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളെ ഒന്നിപ്പിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചപ്പോള്‍ മാറി നില്‍ക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.

ദേശ താല്‍പര്യത്തിനൊപ്പം നില്‍ക്കാന്‍ സന്നദ്ധമാകാതെ യോജിപ്പിന്റെ വഴിയില്‍നിന്ന് മാറി യുഡിഎഫ് മാറി നിന്നിട്ടും ഒരു തരത്തിലുള്ള ഭിന്നിപ്പിനും കേരളം വിധേയമാകില്ലെന്ന് എല്‍ഡിഎഫ് പരിപാടികളിലെ ജനപങ്കാളിത്തം തെളിയിച്ചതായും എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News