സിനിമാ ചിത്രീകരണത്തിനിടെ മൂന്ന് പേര്‍ മരിച്ച സംഭവം: കമല്‍ഹാസനെയും ശങ്കറിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

ചെന്നൈ: ഇന്ത്യന്‍-2 സിനിമയുടെ ചിത്രീകരണത്തിനിടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ നടന്‍ കമല്‍ഹാസനെയും സംവിധായകന്‍ ശങ്കറിനെയും ചോദ്യം ചെയ്യാന്‍ തമിഴ്നാട് പൊലീസ് വിളിപ്പിച്ചു. ഫെബ്രുവരി 19 നാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഭാരമേറിയ ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. കമല്‍ഹാസനും ശങ്കറും കാജല്‍ അഗര്‍വാളുമുള്‍പ്പടെയുള്ളവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. അതിനിടെ, അപകടത്തില്‍ മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം കമല്‍ഹാസന്‍ നല്‍കി. രണ്ട് കോടി രൂപ നല്‍കുമെന്ന് നിര്‍മാതാവും പ്രഖ്യാപിച്ചിട്ടുണ്ട്.

‘പണം ഒന്നിനും പകരമല്ല, അവരുടെയെല്ലാം കുടുംബങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്‍ഷം മുന്‍പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതല്‍ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാന്‍. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പറ്റാവുന്നതെല്ലാം ചെയ്യും’- കമല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News