ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കി; ആരെങ്കിലും എന്നെ ഒന്ന് കൊന്നു തരുമോയെന്ന് ഒന്‍പതുകാരന്‍; ഹൃദയഭേദകം

മെല്‍ബണ്‍: ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാരുടെ പരിഹാസങ്ങള്‍ക്ക് വിധേയനായ ഒരു ഒന്‍പതു വയസുകാരന്റെ സങ്കടം നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാണ്.

ക്വാഡന്‍ എന്ന കുഞ്ഞു വിദ്യാര്‍ഥിയാണ് സഹപാഠികളില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന പരിഹാസത്തെ പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നത്. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നുമാണ് ക്വാഡന്‍ ചോദിച്ചിരിക്കുന്നത്.

ക്വാഡന്റെ അമ്മ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം നിരവധിയാളുകളാണ് കണ്ടത്. മകന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഇത്തരം കുട്ടികള്‍ക്ക് നേരെയുള്ള സമൂഹത്തിന്റെ സമീപനങ്ങള്‍ മാറേണ്ടതിന്റെ ആവശ്യകതയും ഫെയ്സ്ബുക്കിലിട്ട വീഡിയോയിലൂടെ അവര്‍ തുറന്ന് പറയുന്നു്. ലക്ഷക്കണക്കിന് പേര്‍ വീഡിയോ പങ്കിട്ടിട്ടുമുണ്ട്. സ്‌കൂള്‍ യൂണിഫോമില്‍ കാറിലിരുന്ന് പൊട്ടിക്കരയുന്ന കുട്ടിയുടെ വീഡിയോക്കൊപ്പമാണ് തന്റെ അഭിപ്രായങ്ങളും അമ്മ പങ്കുവച്ചത്.

എനിക്കൊരു കയര്‍ തരു, ഞാന്‍ സ്വയം ഇല്ലാതാകാം. എന്റെ ഹൃദയത്തെ കുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരു… കരച്ചില്‍ അടക്കാന്‍ കഴിയാതെ ക്വാഡന്‍ ഇടക്കിടെ പറയുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ മറുപടിയും വീഡിയോയിലുള്ളത്. മകന്റെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ സഹിക്കാന്‍ കഴിയാതെ ആ അമ്മയും ഇടയ്ക്ക് ധൈര്യം ചോര്‍ന്ന് വിതുമ്പുന്നത് വീഡിയോയില്‍ നിന്ന് മനസിലാക്കാം.

ഭീഷണിയുടേയും കളിയാക്കലുകളുടേയും അനന്തര ഫലമാണ് ഇത്. പ്രിന്‍സിപ്പല്‍, ടീച്ചര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, മറ്റ് ജനങ്ങള്‍ എല്ലാവരും ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കണം. സ്‌കൂളില്‍ ചെല്ലുമ്പോള്‍ മറ്റൊരു വിദ്യാര്‍ത്ഥി മകന്റെ തലയില്‍ തലോടി ഉയരക്കുറവിനെ കളിയാക്കുന്നത് നേരിട്ട് കണേണ്ടി വന്നതായി അമ്മ പറയുന്നു.

ആ സംഭവത്തിന് പിന്നാലെ കരഞ്ഞു കൊണ്ട് അവന്‍ കാറിലേക്ക് ഓടിക്കയറുകയായിരുന്നു. കാരണം സ്‌കൂളില്‍ വച്ച് ഒരു രംഗം സൃഷ്ടിക്കാന്‍ മകന്‍ ആഗ്രഹിച്ചിരുന്നില്ല. ഞാന്‍ ഒരു പരാജയപ്പെട്ട അമ്മയാണ്. വിദ്യാഭ്യാസ സമ്പ്രദായം തന്നെ പരാജയമാണെന്ന് എനിക്ക് തോന്നുന്നു. ബയ്ലസ് അങ്ങേയറ്റത്തെ നിരാശയോടെ പറയുന്നു.

ഭീഷണിപ്പെടുത്തലിന്റേയും കളിയാക്കലിന്റേയും മറ്റും അനന്തര ഫലങ്ങളെക്കുറിച്ച് മറ്റ് കുട്ടികളുടെ മാതാപിതാക്കളും ടീച്ചര്‍മാരുമൊക്കെ ജാഗ്രതയോടെ ചിന്തിക്കണമെന്ന് ബയ്ലസ് ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള കളിയാക്കലും മറ്റും തന്റെ മകന്റെ കാര്യത്തില്‍ ദിവസവും നടക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വൈകല്യങ്ങളെക്കുറിച്ചും മറ്റും അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും അവര്‍ വീഡിയോയിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News