വനിതാ ക്ലര്‍ക്ക് ട്രെയിനികളെ നഗ്‌നരാക്കി മെഡിക്കല്‍ പരിശോധന; മുന്‍സിപ്പല്‍ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ക്ലര്‍ക്ക് ട്രെയിനികളെ ഒരുമിച്ച് നഗ്‌നരാക്കി നിര്‍ത്തി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കിയ സംഭവത്തില്‍ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ റിസര്‍ച്ച് ആശുപത്രി ആശുപത്രിയിലാണ് യുവതികളെ നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയ്ക്കായി നഗ്നരാക്കി നിര്‍ത്തിയത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ തന്നെ വനിതാ ക്ലര്‍ക്കുമാരാണ് പരാതിയുമായി രംഗത്തെത്തിയത്.

ഈ ഒരുമിച്ച് നിര്‍ത്തി നഗ്‌നരാക്കി മെഡിക്കല്‍ പരിശോധന നടത്തി അപമാനിച്ചു എന്ന പരാതിയുമായാണ് പത്തോളം വനിതാ ക്ലര്‍ക്കുമാര്‍ രംഗത്തുവന്നത്. ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലാണ് പരിശോധന നടത്തിയതെന്ന് മുന്‍സിപ്പല്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതികള്‍ പറയുന്നു.

അവിവാഹിതരായ പെണ്‍കുട്ടികളുടേതുള്‍പ്പെടെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് വിധേയരാക്കിയെന്ന് എസ്എംസി എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു. ജോലിയില്‍ കയറുന്നതിന് മുമ്പ് ശാരീരിക ക്ഷമത പരിശോധനയില്‍ വിജയിക്കണമെന്നാണ് ചട്ടമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

മൂന്ന് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ക്ലര്‍ക്കുമാരെയാണ് ഇത്തരത്തില്‍ നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഓരോരുത്തരെയായി പരിശോധന നടത്തുന്നതിന് പകരം പത്തുപേര്‍ അടങ്ങുന്ന ബാച്ചിനെ ഒന്നിച്ചു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. ജീവനക്കാരുടെ സ്വകാര്യത പോലും കണക്കിലെടുക്കാതെ മറ്റുളളവരുടെ മുന്‍പില്‍ നഗ്‌നരാക്കി നിര്‍ത്തി അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.

ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സൂറത്ത് മേയര്‍ ജഗദീഷ് പട്ടേല്‍ ഉറപ്പുനല്‍കി. ആര്‍ത്തവ പരിശോധനയ്ക്കായി കോളജില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുന്‍പ്, ഗുജറാത്തില്‍ നിന്ന് മറ്റൊരു സമാനമായ സംഭവം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like