മോനെ, നിന്നെപ്പോലെ ഞാനും കരഞ്ഞിട്ടുണ്ട്; കൂട്ടുകാര്‍ കളിയാക്കിയതോര്‍ത്ത് വിങ്ങിപ്പൊട്ടിയ കുരുന്നിനോട് ഗിന്നസ് പക്രു

ഉയരം കുറഞ്ഞതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതോര്‍ത്ത് വിങ്ങിപ്പൊട്ടുന്ന ഒന്‍പതുവയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു.

ക്വാഡന്‍ ബെയില്‍സിന്റെ അമ്മ പങ്കുവച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ മകന്റെ ജീവിതത്തെ ്അവന്‍ നേരിടുന്ന അപമാനം എത്രത്തോളം തളര്‍ത്തുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍ ഈ വിഡിയോയ്ക്ക് താഴെ മലയാളികള്‍ അഭിമാനപൂര്‍വം കുറിച്ചത് ഗിന്നസ് പക്രുവിന്റെ ജീവിതത്തെ കുറിച്ച് ഈ കുട്ടിയോട് പറഞ്ഞുകൊടുക്കൂ എന്നാണ്.

ഇപ്പോഴിതാ ഗിന്നസ് പക്രു തന്നെ ഈ വിഡിയോ പങ്കുവച്ച് കുറിപ്പിട്ടിരിക്കുകയാണ്. ‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്.ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോള്‍ …നിന്റെ ‘അമ്മ തോല്‍ക്കും ഈ വരികള്‍ ഓര്‍മ്മ വച്ചോളു. ‘ഊതിയാല്‍ അണയില്ല..ഉലയിലെ തീ.. ഉള്ളാകെ ആളുന്നു ഉയിരിലെ തീ’ഇളയ രാജ. ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്’ എന്ന് അദ്ദേഹം കുറിച്ചു.

‘എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയര്‍ താ ഞാന്‍ ജീവിതം അവസാനിപ്പിക്കാം..’ അമ്മയ്ക്ക് മുന്നില്‍ ഏങ്ങിക്കരഞ്ഞ് കൊണ്ടാണ് ഈ ഒന്‍പതുവയസുകാരന്റ വാക്കുകള്‍ കേട്ട് ലോകം മുഴുവന്‍ തേങ്ങി.

ഉയരം കുറവായതിന്റെ പേരില്‍ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ ചെന്നപ്പോഴാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് കാണുന്നത്. അമ്മയെ കണ്ടതും അവന്‍ കരഞ്ഞുകൊണ്ട് ഓടി കാറില്‍ കയറി. പിന്നീട് അമ്മയോട് ഈ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു. ഈ കണ്ണീര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അമ്മ പങ്കുവച്ചു.

പരിഹാസവും അധിക്ഷേപങ്ങളും കുട്ടികള്‍ക്ക് എത്രവലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഈ വിഡിയോ തെളിയിക്കുന്നു. ഹോളിവുഡ് നടന്‍ ഹ്യൂ ജാക്ക്മാന്‍ അടക്കമുള്ളവരാണ് ക്വാഡനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിഡിയോ വൈറലായതോടെ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഈ അമ്മക്കും മകനും പിന്തുണ ഏറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News