കെഎഎസ് പരീക്ഷ തുടരുന്നു; എഴുതുന്നത് നാല് ലക്ഷത്തോളം പേര്‍; ”തടസ്സങ്ങളെല്ലാം നീക്കി, സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു”; വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ആദ്യബാച്ച് തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ ആരംഭിച്ചു. 1535 കേന്ദ്രങ്ങളിലായി നാല് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമായിട്ടാണ് പരീക്ഷ നടക്കുന്നത്.

സംസ്ഥാനത്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷയ്ക്ക് രണ്ടു പേപ്പറുകളാണുള്ളത്. ആദ്യപേപ്പറിന്റെ പരീക്ഷയാണ് രാവിലെ 10 മണിക്ക് ആരംഭിച്ചത്. രാവിലെ അതാത് പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ ഉദ്യോഗാര്‍ത്ഥികളെ ഒന്‍പതരയോടെ അകത്ത് കയറ്റി. എന്നാല്‍ പരീക്ഷ ആരംഭിക്കുന്നതിന് 15 മിനിറ്റ് മുന്‍പ് മാത്രമാണ് അവരെ ഹാളില്‍ പ്രവേശിപ്പിച്ചത്. കൃത്യം പത്ത് മണിക്ക് ബല്ലടിച്ചതോടെ പരീക്ഷ ആദ്യ പരീക്ഷ ആരംഭിച്ചു. പരീക്ഷ ആരംഭിച്ചതിന് ശേഷമെത്തിയ ഉദ്യോഗര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല.

പരീക്ഷ നടക്കുന്ന1535 കേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണമുണ്ട്. കൂടുതല്‍ കേന്ദ്രങ്ങള്‍ തിരുവനന്തപുരം ജില്ലയിലാണ് 261. വയനാട്ടിലാണ് കുറവ് 30 കേന്ദ്രങ്ങള്‍. പിഎസ്‌സി ജീവനക്കാരനും പരീക്ഷാ കേന്ദ്രത്തിലുണ്ട്. അപേക്ഷയില്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു തമിഴ്, കന്നട ചോദ്യക്കടലാസുകള്‍ ലഭിച്ചു. അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസല്‍, ബോള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളില്‍ അനുവദിച്ചുള്ളു. മൊബൈല്‍ഫോണ്‍, വാച്ച്, പഴ്സ് ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കള്‍ പരീക്ഷാകേന്ദ്രത്തിലെ ക്ലോക്ക്റൂമില്‍ ഉദ്യോഗാര്‍ത്ഥികള്‍ സൂക്ഷിച്ചു. ഉദ്യോഗാര്‍ഥിയെ മാത്രമാണ് പരീക്ഷാകേന്ദ്ര വളപ്പിനുള്ളില്‍ പ്രവേശിപ്പിച്ചത്.

രണ്ടാം പേപ്പറിന്റെ പരീക്ഷ ഉച്ചയ്ക്ക് ശേഷം 3.30ന് അവസാനിക്കുന്നതോടെ കെ എ എസ് പരീക്ഷയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും. പ്രാഥമിക പരീക്ഷയുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കും. നിശ്ചിതമാര്‍ക്ക് നേടുന്നവര്‍ക്ക് വിവരണാത്മക രീതിയില്‍ മുഖ്യപരീക്ഷ നടത്തും. ജൂണ്‍ – ജൂലൈ മാസത്തിലാകും ആ പരീക്ഷ നടക്കുക. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി അഭിമുഖവും നടത്തി നവംബര്‍ ഒന്നിന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുകയാണ് പിഎസ്‌സി ലക്ഷ്യം.

തടസ്സങ്ങളെല്ലാം നീക്കി, സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചെന്ന് മുഖ്യമന്ത്രി

തടസ്സങ്ങളെല്ലാം നീക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) ആരംഭിക്കുമെന്ന് ഈ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചെന്ന്’ മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ഏതാണ്ട് 4 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ സംസ്ഥാനത്തെ 1535 കേന്ദ്രങ്ങളിലായി കെ.എ.എസിന്റെ പ്രാഥമിക പരീക്ഷ നാളെ എഴുതാന്‍ പോവുകയാണ്. രണ്ടു പേപ്പറുകള്‍ അടങ്ങിയ പ്രാഥമിക പരീക്ഷ, രാവിലെയും ഉച്ചയ്ക്കും രണ്ടു ഘട്ടമായാണ് നടത്തുന്നത്.

ചരിത്രവും ശാസ്ത്രവും സമകാലിക സംഭവങ്ങളും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിവും, ഭാഷനൈപുണ്യവും പരിശോധിക്കാന്‍ ഉതകുന്ന തരത്തിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഫലം അറിവായതിനു ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയിലേതുപോലെ മെയിന്‍സ് പരീക്ഷയും അഭിമുഖവുമുള്‍പ്പെടെയുള്ള അടുത്ത ഘട്ടങ്ങളിലേയ്ക്ക് കടക്കുന്നത്.

2018-ല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിച്ചതിനു ശേഷം നടത്തുന്ന ആദ്യത്തെ പരീക്ഷയാണിത്’. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും ജനകീയതയും വളര്‍ത്തുക എന്നതാണ് കെ.എ.എസിലൂടെ ലക്ഷ്യമിടുന്നതെന്നും, നമ്മുടെ ഭരണനിര്‍വഹണ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാല്‍വയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി വിജയാശംസകള്‍ നേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News