റോഡില്‍ വീണുകിടക്കുന്ന പണം കണ്ടാല്‍ എടുക്കല്ലേ… വഴിയില്‍ കെണിയൊരുക്കി തിരുട്ടുസംഘങ്ങള്‍

യാത്രയ്ക്കിടെ റോഡില്‍ കറന്‍സി നോട്ടുകള്‍ വീണു കിടക്കുന്നത് ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടേക്കാം. ഇത്തരത്തില്‍ പണമോ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ വഴിയില്‍ കണ്ടാല്‍ പുറത്ത് ഇറങ്ങരുത്. കാരണം കറന്‍സി നോട്ടുകള്‍ കണ്ട് ആരുടെയെങ്കിലും പണം നഷ്ടപ്പെട്ടതാകാമെന്ന് കരുതി കാര്‍ നിര്‍ത്തി ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് ഒരു വലിയ കെണിയാകും.

നിങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള വെറുമൊരു വിദ്യമാത്രമാണ് ചിതറിക്കിടക്കുന്ന ഈ നോട്ടുകള്‍ എന്ന് അറിഞ്ഞിരിക്കുക. രണ്ടാഴ്ച മുന്‍പ് എറണാകുളം എംജി റോഡില്‍ ബാങ്കില്‍ പണം അടയ്ക്കാന്‍ വന്നയാള്‍ക്ക് ഇത്തരത്തില്‍ നഷ്ടപ്പെട്ടത് 2.72 ലക്ഷം രൂപയാണ്.

തമിഴ്‌നാട് തിരുച്ചിറപ്പള്ളി രാംജി നഗര്‍ എന്ന തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ളവരാണു ഇത്തരം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സെന്‍ട്രല്‍ പൊലീസിന്റെ നിരീക്ഷണം. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവരെയാണു ഇത്തരം കവര്‍ച്ച സംഘങ്ങള്‍ ലക്ഷ്യമിടുന്നത്.

വഴിയില്‍ കിടക്കുന്ന പണം കണ്ട് കാര്‍ നിര്‍ത്തി ഇറങ്ങുന്നവര്‍ പണം പെറുക്കിയെടുക്കുന്ന നേരം കൊണ്ട് കാറിലിരിക്കുന്ന ബാഗ് കവര്‍ന്ന് സംഘം സ്ഥലം കാലിയാക്കിയിരിക്കും. ചെറിയ ഇരയെ വെച്ച് വലിയ കവര്‍ച്ച നടത്തുന്ന ഇത്തരം സംഘങ്ങളുടെ കയ്യില്‍ വേറെയും വിദ്യകളുണ്ട്.

നിര്‍ത്തിയിട്ടിരിക്കുന്ന കാറാണെങ്കില്‍ ഡ്രൈവറുടെ സീറ്റിന്റെ ഭാഗത്ത് 10 മുതല്‍ 100 രൂപ വരെയുള്ള കറന്‍സി നോട്ടുകള്‍ രഹസ്യമായി വിതറും. എന്നിട്ട് ഒന്നുമറിയാത്ത വഴിയാത്രക്കാരെ പോലെ ഡ്രൈവര്‍ സീറ്റിലുള്ളവരെ ഗ്ലാസില്‍ തട്ടി വിളിച്ച് റോഡില്‍ കിടക്കുന്ന പണം നിങ്ങളുടേതാണോയെന്ന് ചോദിക്കും. സ്വാഭാവികമായും കാറിലിരിക്കുന്നയാള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി നോക്കുമെന്നറിയുന്ന സംഘത്തിലെ മറ്റാരെങ്കിലും ഈ സമയം കൊണ്ട് പണമടങ്ങുന്ന ബാഗ് കൈയിലാക്കി കടന്നു കളയും.

കൊച്ചിയില്‍ പലയിടത്തും ഇത്തരത്തില്‍ കവര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ മറൈന്‍ഡ്രൈവ് മേനകയില്‍ സമാന സംഭവം നടന്നിരുന്ന. അന്ന് ബാഗ് നഷ്ടപ്പെട്ടെങ്കിലും അതില്‍ പണമുണ്ടായിരുന്നില്ല. രണ്ടര വര്‍ഷം മുന്‍പ് മറൈന്‍ ഡ്രൈവിലും ഇതേ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ആ കേസില്‍ സെന്‍ട്രല്‍ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കേരളത്തില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. പ്രതികളെ കുറിച്ച് സൂചനകളുണ്ടെങ്കിലും തിരുട്ടു ഗ്രാമത്തില്‍ നിന്ന് ഇവരെ പിടികൂടുക എളുപ്പമല്ല. എങ്കിലും പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്. അല്പം ജാഗ്രത കാട്ടിയാല്‍ ഇത്തരം കെണികളില്‍ കുടുങ്ങാതെ രക്ഷപെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News