ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി വേണ്ട; ഒരു നിമിഷം മതി എല്ലാം തീരാന്‍; തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഡ്രൈവിംഗിനിടെ ഉറക്കം വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേരള പൊലീസിന്റെ എഫ്ബി പോസ്റ്റ്.
ഉറക്കത്തോടെ വാശി കാണിക്കരുതെന്നാണ് പൊലീസിന്റെ നിര്‍ദേശം.

കേരള പൊലീസിന്റെ സന്ദേശം:

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ഉറക്കം വരുന്നത് ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, ഡ്രൈവിംഗില്‍ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാര്‍ദ്ധം മതി എല്ലാം തീരാന്‍.

ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നതാണ് പുലര്‍കാലത്തെ അപകടങ്ങള്‍ക്ക് പ്രധാന കാരണം. പലപ്പോഴും ഡ്രൈവര്‍ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിര്‍ ത്തിവെക്കണം.

നാലു ഘട്ടങ്ങളുള്ള ഉറക്കത്തിന്റെ അവസാന ഘട്ടത്തില്‍ ഉറക്കം നമ്മെ കീഴടക്കിയിരിക്കും. പകല്‍ ഉണര്‍ന്നിരിക്കാനും രാത്രിയില്‍ ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം (ബയോളജിക്കല്‍ ക്ലോക്ക് ) ശരീരത്തിലുണ്ട്. രാത്രിയില്‍ മണിക്കൂറുകളോളം വാഹനമോടിക്കുമ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം തെറ്റും. തുടര്‍ച്ചയായി വാഹനങ്ങളുടെ ലൈറ്റ് അടിക്കുമ്പോള്‍ കണ്ണഞ്ചിക്കുന്നത് (ഗ്ലെയര്‍) കൂടുകയും കാഴ്ച കുറയുകയും (കോണ്‍ട്രാസ്റ്റ്) ചെയ്യും.

റോഡിലെ മീഡിയന്‍, ഹമ്പ്, കുഴികള്‍, കട്ടിംഗുകള്‍, മുറിച്ചുകടക്കുന്ന ആളുകള്‍ എന്നിവയൊന്നും കാണാനാവില്ല. വിജനമായ റോഡിലാണെങ്കിലും, വാഹനത്തിനു മുന്നില്‍ ഇവ കണ്ടാലും പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. കാല്‍ ആക്‌സിലറേറ്ററില്‍ അമര്‍ത്താന്‍ സാദ്ധ്യതയേറെയാണ്. സ്റ്റിയറിംഗും പാളിപ്പോകാം.

പുലര്‍ച്ചെ രണ്ടിനു ശേഷം ശരീരം ഉറങ്ങാനുള്ള പ്രവണത കാട്ടും. ഉറക്കം കീഴടക്കുമ്പോള്‍ തലച്ചോറും ഞരമ്പുകളും മരവിപ്പിലാവും. പ്രതികരണശേഷി അതിനാല്‍ കുറയും. പുലര്‍ച്ചെ 2മുതല്‍ 5 വരെ പുലര്‍ച്ചെ രണ്ടു മുതല്‍ അഞ്ചു വരെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്.

ഉച്ചത്തില്‍ പാട്ടുകേട്ടും പരസ്പരം സംസാരിച്ചും ഉറക്കമൊഴിച്ച്വാഹനമോടിക്കാമെന്നാണ് മിക്ക ഡ്രൈവര്‍മാരുടെയും ധാരണ. എന്നാല്‍ ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്മെന്റ് എന്ന ഘട്ടത്തില്‍ എത്ര വമ്പനായാലും ഒരു നിമിഷാര്‍ദ്ധം ഉറങ്ങിപ്പോകും. കണ്ണ് തുറന്നിരിക്കുകയായിരിക്കും. പക്ഷേ പൂര്‍ണമായി ഉറക്കത്തിലായിരിക്കും. കാല്‍ അറിയാതെ ആക്‌സിലറേറ്ററില്‍ ശക്തിയായി അമര്‍ത്തും.

ഉറക്കത്തിന്റെ നാല് ഘട്ടങ്ങള്‍

ഘട്ടം-1: ചെറിയ മയക്കം പോലെ. കണ്ണുകള്‍ ക്രമേണ അടഞ്ഞ് വിശ്രമാവസ്ഥയിലാവും. ബോധ മനസായതിനാല്‍ വേഗം ഉണരാം.
ഘട്ടം-2: കണ്ണുകളുടെ ചലനം കുറഞ്ഞ് ഉറക്കം അഗാധമാവും. തലച്ചോറില്‍ നിന്നുള്ള തരംഗ പ്രവാഹം സാവധാനത്തിലാവും.
ഘട്ടം-3: ബോധമനസിന്റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങും. തലച്ചോറില്‍ നിന്നുള്ള ഡെല്‍റ്റാ തരംഗങ്ങളുടെ പ്രവാഹം ദുര്‍ബലമാവും.
ഘട്ടം-4: കണ്ണുകളുടെ ചലനം നിലയ്ക്കും. കണ്ണു തുറന്നിരുന്ന് നല്ല ഉറക്കത്തിലാവും.

രാത്രികാല ഡ്രൈവിംഗില്‍ ഇനി പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടത്

1) അതിവേഗം: രാത്രിയാത്രയില്‍ അമിതവേഗത്തിനുള്ള പ്രവണത കൂടും. ദൂരക്കാഴ്ച കുറവായതിനാല്‍ ബ്രേക്കിംഗ് എളുപ്പമാവില്ല. ശരാശരി വേഗമാണ് നല്ലത്

2) ലൈറ്റില്‍ നോട്ടം: ഉറങ്ങാതിരിക്കാന്‍ എതിര്‍ദിശയിലെ വാഹനങ്ങളുടെ ഹെഡ്ലൈറ്റില്‍ നോക്കി വാഹനമോടിക്കുന്ന ശീലം നന്നല്ല. ഇത് കണ്ണിന്റെ കാര്യക്ഷമത കുറയ്ക്കും

3) അമിത ഭക്ഷണം: വയറു കുത്തിനിറച്ച് ഭക്ഷണം കഴിച്ച് വാഹനമോടിക്കരുത്. സദ്യയുണ്ടശേഷം വാഹനമോടിക്കുമ്പോഴും ശ്രദ്ധവേണം

4) പുകവലി: ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കരുത്. ഉറക്കംവരാതിരിക്കാന്‍ മുറുക്കുന്നതും ചുണ്ടിനിടയില്‍ പുകയില വയ്ക്കുന്നതും നന്നല്ല, മയക്കമുണ്ടാക്കുന്ന മരുന്നുകള്‍ രാത്രിയാത്രയില്‍ ഉപയോഗിക്കരുത്. ജലദോഷത്തിനും ചുമയ്ക്കുമുള്ള മരുന്നു പോലും ഉറക്കം വരുത്തും.

”ഉറക്കത്തിന്റെ ആലസ്യമുണ്ടായാല്‍ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here