കൊല്ലം കുളത്തുപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതം

കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതം. ഇന്ത്യയിലെ ഒരു സേനകളും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നില്ല. ബാലസ്റ്റിക്ക് വിഭാഗത്തിന്റേതാണ് കണ്ടെത്തല്‍.

12 വെടിയുണ്ടകളില്‍ 72 പി.ഒ.എഫ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് അതായത് പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി. ഇവ പാകിസ്ഥാനില്‍ നിര്‍മ്മിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.7.62 ഇന്റു 51 എം.എം ഇനത്തില്‍പ്പെട്ട 12 എണ്ണവും മെഷീന്‍ ഗണ്ണില്‍ ഉപയോഗിച്ചു വരുന്നതാണ് എന്നാല്‍ ഇവ ഇന്ത്യയിലെ തോക്കുകളിലും ഉപയോഗിക്കാനാകും.

ബാക്കി രണ്ട് വെടിയുണ്ടകള്‍ 7.26 ഇന്റു 38 എം.എം ഇനത്തില്‍പ്പെട്ടവ എകെ.47 നില്‍ ഉപയോഗിക്കുന്നതാണ്. 14 വെടിയുണ്ടകള്‍ക്കും ഒരേ വ്യാസമാണെങ്കിലും 12 വെടിയുണ്ടകള്‍ക്ക് നീളകൂടുതലും രണ്ടെണ്ണത്തിന് നീളം താരതമമ്യേന കുറവുമാണ്. കുളത്തുപ്പുഴ പത്തടി പാലത്തിനു സമീപം കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകള്‍.

തുടര്‍ന്ന് 14 വെടിയുണ്ടകള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കുളത്തുപ്പുഴ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ടിപ്പര്‍ ലോറി തൊഴിലാളികളാണ് മലയാള ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

കൊട്ടാരക്കരയില്‍ നിന്നും ബാലസ്റ്റിക്ക് വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.

കുളത്തുപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോകനാഥ ബഹ്‌റ അറിയിച്ചു. വെടിയുണ്ടകൾ വിദേശത്ത് നിന്നു കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലായത് എന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here