ട്രംപിനെ വീണ്ടും പ്രസിഡന്റാക്കാന്‍ റഷ്യന്‍ ഇടപെടല്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് വിജയത്തുടര്‍ച്ച ഉറപ്പാക്കാനും റഷ്യ ഇടപെടുന്നതായി വെളിപ്പെടുത്തല്‍. യുഎസ് കോണ്‍ഗ്രസിലെ പ്രതിനിധിസഭയുടെ രഹസ്യാന്വേഷണ സമിതി മുമ്പാകെ ദേശീയ രഹസ്യാന്വേഷണ(എന്‍ഐ) വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെളിപ്പെടുത്തലില്‍ ക്ഷുഭിതനായ ട്രംപ് എന്‍ഐ ഡയറക്ടറുടെ(ഡിഎന്‍ഐ) ചുമതല വഹിക്കുന്ന ജോസഫ് മഗൈ്വറിനെ പുറത്താക്കി.

2016ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യ ഇടപെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തില്‍ ട്രംപ് രക്ഷപ്പെട്ടെങ്കിലും വിവരങ്ങള്‍ യുഎസ് കോണ്‍ഗ്രസില്‍നിന്ന് മറച്ചുവച്ചു എന്ന കുറ്റത്തിന് അദ്ദേഹത്തിന്റെ ഉപദേശകനും ഗ്രന്ഥകാരനുമായ റോജര്‍ സ്റ്റോണിനെ കഴിഞ്ഞദിവസം ജഡ്ജി 40 മാസം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ട്രംപിന്റെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റന് ദോഷകരമായ വിവരങ്ങള്‍ പുറത്തുവിട്ട വിക്കിലീക്സുമായി ഉണ്ടായിരുന്ന ബന്ധം മറച്ചുവച്ചതിനും ട്രംപിനെ രക്ഷിക്കാന്‍ തെളിവ് നശിപ്പിച്ചതിനുമാണ് ശിക്ഷ.

ട്രംപിനുവേണ്ടി വീണ്ടും റഷ്യ ഇടപെടുന്നതായി മഗൈ്വയറിന്റെ സഹായി ഷെല്‍ബി പിയേഴ്സണ്‍ 13ന് പ്രതിനിധിസഭാ രഹസ്യാന്വേഷണ സമിതി അംഗങ്ങളോട് പറഞ്ഞിരുന്നു. ഇത് ഡെമോക്രാറ്റുകള്‍ തനിക്കെതിരെ ആയുധമാക്കും എന്ന് പറഞ്ഞാണ് മഗൈ്വറിനെ നീക്കിയത്. മഗൈ്വറിനെ കഴിഞ്ഞയാഴ്ച തന്റെ ഓഫീസില്‍ കണ്ടപ്പോള്‍ ട്രംപ് ശകാരിച്ചതായി യുഎസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഗസ്തില്‍ രാജിവച്ച ഡയറക്ടര്‍ ഡാന്‍ കോട്സിന്റെ സ്ഥാനത്ത് മഗൈ്വറിനെ സ്ഥിരപ്പെടുത്താനിരിക്കെയാണ് പുതിയ വിവാദമുണ്ടായത്. 2016ല്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലില്‍ ഉറച്ചുനിന്നാണ് കൊട്സ് അതിന്റെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത്. സിഐഎ അടക്കം അമേരിക്കയുടെ 17 ചാര–രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടം ഡിഎന്‍ഐക്കാണ്.

വരുന്ന തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥി ആയേക്കാവുന്ന മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെ കേസില്‍ കുടുക്കാന്‍ ഉക്രെയ്ന്‍ പ്രസിഡന്റിന് മേല്‍ സമ്മര്‍ദം ചെലുത്തിയതിന് ഇംപീച്ച്മെന്റ് നേരിട്ട ട്രംപ് സെനറ്റില്‍ രക്ഷപ്പെട്ടതിന് പിന്നാലെ പലര്‍ക്കുമെതിരെ പ്രതികാരനടപടി സ്വീകരിച്ചിരുന്നു. യൂറോപ്യന്‍ യുണിയനിലെ സ്ഥാനപതിയെയും ദേശീയ സുരഷാ സഭയിലെ ഉന്നതനെയും മറ്റുമാണ് തനിക്കെതിരെ മൊഴി നല്‍കിയതിന് ട്രംപ് പുറത്താക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News