പ്രകൃതി സൗഹൃദം; പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള കരുത്ത്; കെട്ടിട നിർമാണമേഖലയില്‍ പ്രിയങ്കരമായ പ്രീ ഫാബ് ടെക്‌നോളജി

കെട്ടിട നിർമാണത്തിലെ ആധുനിക സാങ്കേതിക വിദ്യയാണ് പ്രീ ഫാബ് ടെക്‌നോളജി. പ്രകൃതി സൗഹൃദമായ ഈ നിർമാണ രീതിയിൽ പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് മാത്രമല്ല കെട്ടിടങ്ങൾക്ക് പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള കരുത്തുമുണ്ട്. ഭൂമിയും വീടും ഇല്ലാത്തവർക്കായി സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിക്കുന്ന ഫ്ലാറ്റ് സമുച്ഛയങ്ങൾക്ക് പ്രീ ഫാബ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

വികസിത രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ വൻകിട നഗരങ്ങളിലും കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് പ്രീ ഫാബ് ടെക്നോളജി. പരമ്പരാഗതമായി കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന കല്ല്,ഇഷ്ടിക,തടി,മണൽ തുടങ്ങിയവയൊന്നും ഈ നിർമാണ രീതിയിൽ ഉപയോഗിക്കുന്നില്ല.പകരം സ്റ്റീൽ,ഫൈബർ സിമന്റ് ബോർഡ് തുടങ്ങിയവ ഉപയോഗിക്കും.

കെട്ടിടത്തിന്റെ ഭാഗങ്ങൾ ഫാക്ടറികളിൽ നിർമിച്ച് നിർമാണ സ്ഥലത്ത് എത്തിച്ച് കൂട്ടി യോജിപ്പിക്കും.സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള ഫ്ലാറ്റുകളുടെ നിർമാണത്തിന് ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

ഹൈദരാബാദ് കേന്ദ്രമായ ഈ രംഗത്തെ മൾട്ടി നാഷണൽ കമ്പനി പെന്നാർ ഇന്ഡസ്‌ട്രീസിനാണ് നിർമാണ ചുമതല.കേരളത്തിന്റെ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ രീതിയാണ് ഇതെന്ന് എനർ ടെക് പെനാർ മാനേജിങ് ഡയറക്ടർ റിഷബ് ചന്ദ പറഞ്ഞു.

ഘടനാപരമായ നിലവരത്തിന് യാതൊരു വിട്ടു വീഴ്ചയും വരുത്തതെയാണ് നിർമാണ രീതി.വേഗത,സുരക്ഷ,സുസ്ഥിരത എന്നിവയാണ് പ്രീ ഫാബ് രീതിയുടെ പ്രത്യേകത.പുനരുപയോഗിക്കാൻ കഴിയുന്നവയാണ് നിർമാണ വസ്തുക്കൾ.ഗുണമേന്മയും ഭംഗിയും ഉറപ്പും പരമ്പരാഗത രീതികളെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടതാണെന്ന് ലൈഫ്‌ മിഷൻ സി ഇ ഒ യു വി ജോസ് പറഞ്ഞു.

സംസ്ഥാനത്ത് പത്ത് ജില്ലകളിലാണ് ലൈഫ് മിഷൻ പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭവന രഹിതർക്കായി ഫ്ലാറ്റുകൾ നിർമിക്കുന്നത്.സംസ്ഥാനത്തെ ആദ്യ ഫ്‌ളാറ്റിന്റെ പ്രവർത്തി ഉദ്‌ഘാടനം കണ്ണുർ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ആലപ്പുഴ ജില്ലയിൽ ഏഴു നിലകളും മറ്റു ജില്ലകളിൽ നാല് നിലകളുമുള്ള ഫ്ലാറ്റുകളാണ് നിർമിക്കുന്നത്.കെട്ടിട നിർമാണത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങൾക്ക് ക്ഷാമം നേരിടുകയും,പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന കേരളത്തിൽ പ്രീ ഫാബ് സാങ്കേതിക വിദ്യ വഴിയുള്ള നിർമാണം വൈകാതെ തന്നെ വ്യാപകമായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here