പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് തട്ടിപ്പ്; സഹകരണ സംഘം രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തില്‍ വ്യാപകമായ തട്ടിപ്പ് നടന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തുകയും റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.മുന്‍ഭരണസമിതിയുടെ കാലത്ത് സംഘത്തിന്റെ ഓണററി സെക്രട്ടറിയും ഭരണസമിതി അംഗവുമായ അബ്ദുള്ള കോയ ഒപ്പിട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിരുന്നത്.

സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഏഴായിരത്തി അറുപത്തിയേഴ് കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇതില്‍ അയ്യായിരത്തി അഞ്ഞൂറ് പേരും സംഘം ഓഫീസ് കണ്ടിട്ട് പോലും ഇല്ലാത്തവരാണെന്നും കണ്ടെത്തി.

മാത്രമല്ല കേരളത്തിലെ വിവിധ ജില്ലകളില്‍, പൊലീസ് ഉദ്യോഗസ്ഥര്‍ വി വി ഐ പി ഡ്യൂട്ടി,കോടതി ഡ്യൂട്ടി ഉള്‍പ്പെടെയുള്ള ജോലികളില്‍ ആയിരുന്ന ദിവസം എറണാകുളത്ത് വന്ന് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.അതില്‍ നിന്ന് തട്ടിപ്പ് കൂടുതല്‍ വ്യക്തവുമായി.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇഷ്ടക്കാരുടെ ഫോട്ടോ സമാഹരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വീടുകളില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

ഗുരുതരമായ നടപടിക്കെതിരെ സഹകരണ രജിസ്ട്രാര്‍ക്ക് നിരവധി പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ പരാതി നല്‍കിയെങ്കിലും, നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ രതീഷ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നടപടി ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

ഈ കേസില്‍ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കാനാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.അന്വേഷണം ആരംഭിച്ചതോടെ അപകടം തിരിച്ചറിഞ്ഞ് അന്നത്തെ ഭരണസമിതിയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന G.R. അജിത്ത് ഈ വിധി റിവ്യൂ ചെയ്യാന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ റിവ്യൂ അനുവദിക്കാത്ത ഹൈക്കോടതി, അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി കൈക്കൊള്ളുന്നതിന് മുമ്പ് ആരോപണ വിധേയരെ, സഹകരണ രജിസ്ട്രാര്‍ നേരിട്ട് കേള്‍ക്കണം എന്ന് കൂടി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

മുന്‍ഭരണസമിതി തിരിമറികള്‍ നടത്തി തയ്യാറാക്കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും വോട്ട് ചെയ്താല്‍ അവരും പ്രതിയാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.വ്യാജ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നവരുടെ പേരില്‍ വകുപ്പ് തല നടപടി മാത്രമല്ല, ക്രിമിനല്‍ കേസുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതിനിടെ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ സംഘം അഡ്മിനിസ്ട്രേറ്റര്‍ സഹകരണ രജിസ്ട്രാറുടെ അനുമതി വാങ്ങി. സ്ഥലവും, തീയതിയും മുന്‍കൂട്ടി അറിയിച്ച് എല്ലാ ജില്ലകളിലും നേരിട്ട് എത്തി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു. ഫെബ്രുവരി 25 നാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 28 ന് എറണാകുളത്ത് സംഘം ആസ്ഥാനത്താണ് വോട്ടെണ്ണല്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News